Asianet News MalayalamAsianet News Malayalam

ഒടിടി പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണം; കേന്ദ്രം ഉടൻ മാർഗരേഖ പുറത്തിറക്കും

ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകൾ വഴിയുള്ള സിനിമ, ‍ഡോക്യുമെൻ്ററികൾ, വാര്‍ത്ത, രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ചുള്ള വിവരണങ്ങളെല്ലാം ഇനി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കും ആവശ്യമെങ്കിൽ നിയന്ത്രണം ഏര്‍പ്പെടുത്തും. 

Center will soon issue guidelines to regulate ott platforms
Author
Delhi, First Published Feb 6, 2021, 9:38 AM IST

ദില്ലി: ഒടിടി പ്ലാറ്റുഫോമുകളെ നിയന്ത്രിക്കുന്നതില്‍ കൂടുതല്‍ നീക്കവുമായി കേന്ദ്ര സ‍ർക്കാര്‍.  മാര്‍ഗനിർദേശം വൈകാതെ പുറത്തിറക്കും. ഒടിടികളിലെ വെബ് സീരിസുകളായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നാലെയാണ് സ‍ർക്കാര്‍ നടപടി.

രാജ്യത്ത് നിലവിൽ സെൻസർഷിപ്പില്ലാതെ സിനിമകളോ ഡോക്യുമെന്‍ററികളോ വെബ് സീരീസുകളോ പ്രസിദ്ധീകരിക്കാവുന്ന ഓൺലൈൻ വേദികൾ കൂടിയാണ് ഒടിടി പ്ലാറ്റ്‍ഫോമുകൾ. ഒടിടി പ്ലാറ്റുഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്ന വിവിധ സീരിസുകളെ കുറിച്ച് നിരവധി എംപിമാര്‍ സർക്കാരിനെ പരാതിയുമായി ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. സീരിസുകളിലെ ഉള്ളടക്കത്തില്‍ ലൈംഗികത, അക്രമം, മതവികാരം വ്രണപ്പെടുത്തുന്നു തുടങ്ങിയവയിലാണ് സർക്കാരിലേക്ക് പരാതി എത്തിയിട്ടുള്ളത്. ഇത് ചൂണ്ടിക്കാണിച്ചാണ് ഒടിടികള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ സർക്കാര്‍ ശ്രമിക്കുന്നത്. മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കുമെന്ന് വാര്‍ത്തവിതരണ മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇതിന്‍റെ ഭാഗമായി ഒടിടി പ്ലാറ്റ്ഫോം പ്രതിനിധികളുമായി സർക്കാര്‍ ചര്‍ച്ച നടത്തി.

നേരത്തെ ഇൻറർനെറ്റ് ആന്‍റ് മൊബൈല്‍ അസോസിയേഷൻ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നാമെന്ന് അറിയിച്ചെങ്കിലും അതില്‍ കേന്ദ്രസർ‍ക്കാര്‍ തൃപ്തി രേഖപ്പെടുത്തിയില്ല. പിന്നാലെയാണ് മാര്‍ഗനിര്‍ദേശം തയ്യാറാക്കുന്നത്. നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഒടിടി പ്ലാറ്റ്ഫോമുകളെ ഇതിനോടകം വാര്‍ത്തവിതരണ മന്ത്രാലയത്തിന് കീഴിലാക്കിയിട്ടുണ്ട്. അതേസമയം സർ‍ക്കാരിനെ പരോക്ഷമായി വിമര്‍ശിക്കുന്ന വെബ്സീരിസുകളെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു. രാജ്യത്ത് 40 ഒടിടി പ്ലാറ്റ്ഫോമുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

Follow Us:
Download App:
  • android
  • ios