സാൻഹ ആർട്‍സ്, ടെക്സസ് ഫിലിം ഫാക്ടറി എന്നിവര്‍ ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്

അന്തരിച്ച പ്രശസ്ത സംവിധായകൻ ഷാഹുരാജ് ഷിൻഡെയുടെ അവസാന കന്നട ചിത്രമായ ചാമ്പ്യൻ മലയാളത്തിലേക്ക്. ശിവം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശിവാനന്ദ് എസ് നീലണ്ണവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സച്ചിന്‍ ധന്‍പാലും അദിതി പ്രഭുദേവയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ സണ്ണി ലിയോണും എത്തുന്നുണ്ട്. ഒരു ഗാന രംഗത്തിലാണ് സണ്ണി പ്രത്യക്ഷപ്പെടുന്നത്. എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളാണ് സച്ചിന്‍റെയും അദിതിയുടെയും കഥാപാത്രങ്ങള്‍. ചിത്രത്തിന്‍റെ മലയാളം ഡബ്ബിംഗ് ജോലികള്‍ ആരംഭിച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

സ്‌പോർട്‌സ് ആണ് പശ്ചാത്തലമെങ്കിലും പ്രണയത്തിന്റെയും ഹാസ്യത്തിന്റെയും ഘടകങ്ങളും ചിത്രത്തില്‍ ഉണ്ടെന്ന് അണിയറക്കാര്‍ പറയുന്നു. സാൻഹ ആർട്ട്സ്, ടെക്സസ് ഫിലിം ഫാക്ടറി എന്നീ കമ്പനികള്‍ ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. ദേവരാജ്, അവിനാഷ്, രംഗയാന രഘു, ചിക്കണ്ണ, സുമൻ, പ്രദീപ് റാവുത്ത്, ആദി ലോകേഷ്, അശോക് ശർമ്മ, മണ്ടായ രമേഷ്, ശോഭരാജ്, ജിജി, പ്രശാന്ത് സിദ്ദി, ഗിരി, കോക്രോച്ച് സുധി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സംവിധായകനോടൊപ്പം രഘു നിടുവള്ളിയും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. 

ALSO READ : 'ഉള്‍ക്കരുത്തുള്ള പെണ്‍കുട്ടിയാണ് നീ'; സാമന്തയ്ക്ക് രോഗസൗഖ്യം ആശംസിച്ച് ചിരഞ്ജീവി

പാന്‍ ഇന്ത്യന്‍ വിജയം നേടി മുന്നേറുന്ന കന്നഡ ചിത്രം കാന്താരയ്ക്ക് സംഗീതം പകര്‍ന്ന ബി അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ശരവണൻ നടരാജൻ ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിൻ്റെ എഡിറ്റർ വെങ്കടേഷ് യു ഡി വി ആണ്. വാർത്താ പ്രചരണം പി ശിവപ്രസാദ്. സണ്ണി ലിയോണ്‍ ഭാഗഭാക്കാവുന്ന മൂന്നാമത്തെ കന്നഡ ചിത്രമാണ് ഇത്. ഡി കെ (2015), ലവ് യു അലിയ (2015) എന്നിവയാണ് മുന്‍ ചിത്രങ്ങള്‍. ഈ സിനിമകളിലും അതിഥിവേഷത്തിലാണ് സണ്ണി എത്തിയത്.

Champion Trailer [4K] | Sachin Dhanpal, Aditi Prabhudeva | Shahuraja Sindhe |Shivanand S Neelannavar