'ഗുലാബോ സിതാബോ'യ്ക്കു ശേഷമുള്ള ആയുഷ്‍മാന്‍ ഖുറാനയുടെ റിലീസ്

റിലീസ് ദിനത്തില്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ നേടി ആയുഷ്‍മാന്‍ ഖുറാന നായകനായ ബോളിവുഡ് ചിത്രം 'ചണ്ഡീഗഡ് കരെ ആഷികി' (Chandigarh Kare Aashiqui). റോക്ക് ഓണ്‍, കൈ പൊ ചെ, കേദാര്‍നാഥ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ അഭിഷേക് കപൂര്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തില്‍ വാണി കപൂര്‍ ആണ് നായിക. റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മന്‍വിന്ദര്‍ മുഞ്ജല്‍ എന്ന കഥാപാത്രത്തെയാണ് ആയുഷ്‍മാന്‍ അവതരിപ്പിച്ചിരിക്കുന്നത്. മാന്‍വി എന്നാണ് വാണി കപൂറിന്‍റെ കഥാപാത്രത്തിന്‍റെ പേര്.

ഇന്ത്യയില്‍ 2500 സ്ക്രീനുകളും വിദേശ മാര്‍ക്കറ്റുകളില്‍ 500 സ്ക്രീനുകളുമായി ആഗോള തലത്തില്‍ 3000 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. റിലീസ് ദിനത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് പാന്‍ ഇന്ത്യ തലത്തില്‍ 10-12 ശതമാനം ഒക്കുപ്പന്‍സിയാണ് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പോസിറ്റീവ് റിവ്യൂസ് കാര്യമായി വന്നുതുടങ്ങിയതോടെ ഈ വാരാന്ത്യത്തില്‍ ചിത്രം ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.

Scroll to load tweet…

ബോളിവുഡിലെ ഒരു സാധാരണ റൊമാന്‍റിക് ഡ്രാമ ചിത്രം എന്ന തോന്നലുളവാക്കി എത്തിയ ചിത്രം ഗൗരവമുള്ള വിഷയം ലളിതമായി സംസാരിക്കുന്ന ഒന്നാണെന്ന അഭിപ്രായമാണ് പ്രേക്ഷകരില്‍ പലരും പങ്കുവെക്കുന്നത്. മനുവിനും മാന്‍വിയ്ക്കുമിടയില്‍ സ്വാഭാവികമായി ഉടലെടുക്കുന്ന പ്രണയത്തിലൂടെ ജെന്‍ഡര്‍ ഐഡന്‍റിറ്റിയെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. ഭൂരിഭാഗം പ്രേക്ഷകരും സ്റ്റീരിയോടൈപ്പുകളെ തകര്‍ക്കുന്ന ചിത്രമെന്ന് അഭിപ്രായപ്പെടുമ്പോഴും ചില കോണുകളില്‍ നിന്ന് ചിത്രത്തിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. 

Scroll to load tweet…

സുപ്രതിക് സെന്‍, തുഷാര്‍ പരഞ്ജ്പെ എന്നിവര്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ കഥ സംവിധായകന്‍റേതു കൂടിയാണ്. മനോജ് ലോബോയാണ് ഛായാഗ്രഹണം. സംഗീതം സച്ചിന്‍- ജിഗാര്‍. ടി സിരീസ്, ഗൈ ഇന്‍ ദ് സ്കൈ പിക്ചേഴ്സ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം.