ദീപിക പദുക്കോണ്‍ നായികയാകുന്ന പുതിയ സിനിമയാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഛപാക് ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ യഥാര്‍ഥ പോരാളികളായിട്ടുതന്നെയാണ് കാണിക്കുന്നത് എന്ന് ലക്ഷ്‍മി അഗര്‍വാള്‍ പറയുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്തിറക്കിയപ്പോള്‍ സംസാരിക്കുകയായിരുന്നു ലക്ഷ്‍മി അഗര്‍വാള്‍.

ഞാൻ വളരെ സന്തോഷവതിയാണ് ഇന്ന്. ആസിഡ് ആക്രമണത്തെ കുറിച്ച് 2013നു മുമ്പ് ആരും സംസാരിക്കുമായിരുന്നില്ല. എന്നാല്‍ അത് അനുഭവിക്കേണ്ടിവന്നവരില്‍ ചിലര്‍ മുന്നോട്ടുവന്ന് സ്വന്തം കഥ പറഞ്ഞു. ഇപ്പോള്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ കുറിച്ച് ഒരു സിനിമയും വരുന്നു. ഛപാക് സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തും. എന്റെ വേഷത്തില്‍ എത്തുന്നതിന് ദീപിക പദുക്കോണിന് ഞാൻ നന്ദി പറയുന്നു. ബാഹ്യസൌന്ദര്യമല്ല പ്രധാനമെന്ന് താങ്കള്‍ കാണിച്ചതിന് ഞാൻ സന്തോഷവതിയാണ്.  എങ്ങനെയാണ് ഇന്നത്തെ പോരാളികള്‍ അന്ന് ഇരകളാക്കപ്പെട്ടത് എന്ന് കാണിക്കേണ്ടത് പ്രധാനമാണ്. നമുക്ക് അതിന് ഒരു ബോധവത്‍കരണം നമ്മുടെ സിനിമയിലൂടെ നടത്താനാകും. സമൂഹത്തില്‍ നിന്ന് ആ വിഷം നീക്കാനാകും. ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ യഥാര്‍ഥ പോരാളികളായി ചിത്രീകരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. എന്തൊക്കെയാണ് ആക്രമണം നേരിട്ടവര്‍ക് അനുഭവിച്ചത് എന്ന് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും- ലക്ഷ്‍മി അഗര്‍വാള്‍ പറയുന്നു. മേഘ്‍ന ഗുല്‍സാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ ഒരു ആഘാതത്തിന്റെയും അതില്‍ നിന്നുള്ള വിജയകരമായ തിരിച്ചുവരവിന്റെയും കഥയാണ് പറയുന്നത് എന്നും മേഘ്‍ന ഗുല്‍സാര്‍ പറയുന്നു. മലാ‍തി എന്ന കഥാപാത്രമായിട്ടാണ് ദീപിക പുക്കോണ്‍ ചിത്രത്തിലുള്ളത്. ദീപികയുടെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കും ഛപാക്കിലേത് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.  വിക്രാന്ത് മസ്സെയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. അതിക ചൊഹാനും മേഘ്‍ന ഗുല്‍സാറുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.