സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിത കഥ സിനിമയാകുന്നു.  വിജിത് നമ്പ്യാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുന്തിരി മൊഞ്ചൻ എന്ന സിനിമയെടുത്ത സംവിധായകനാണ് വിജിത് നമ്പ്യാര്‍. മോഹൻലാല്‍ ആയിരിക്കും ചെമ്പൈ വൈദ്യനാഥ ഭാഗവതരായി അഭിനയിക്കുകയെന്ന സൂചനകളാണ് ആരാധകര്‍ ആഘോഷമാക്കുന്നത്. ചിത്രത്തിന്റെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

വിജിത് ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ സിനിമ രംഗത്തെ പ്രമുഖര്‍ ചിത്രത്തിന്റെ ഭാഗമാകും.  കര്‍ ണ്ണാടക സംഗീതത്തിലെ ആചാര്യനായിട്ടാണ് ചെമ്പൈ വൈദ്യനാഥ ഭാഗവതരെ കണക്കാക്കുന്നത്. രാജ്യം അദ്ദേഹത്തെ പദ്‍മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 1951-ലെ സംഗീത കലാനിധി പദവി, കേന്ദ്ര നാടക അക്കാദമി അവാർഡ്, ഗാനഗന്ധർവ പദവി, മറ്റ് സംസ്ഥാനങ്ങളിലെ പുരസ്‍കാരങ്ങള്‍ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 1896 സെപ്റ്റംബർ ഒന്നിന് പാലക്കാട് ജില്ലയിലെ കോട്ടായി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ചെമ്പൈ എന്ന അഗ്രഹാരത്തിൽ ആണ് ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ജനിച്ചത്.