കൊച്ചി: സൗബിൻ ഷാഹിർ ചിത്രം 'ജിന്നി'ന്റെ റിലീസ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ സ്ട്രൈറ്റ് ലൈൻ സിനിമാസിനെതിരായ സാമ്പത്തിക ക്രമക്കേട് കേസിലാണ് നടപടി. 'കൈതി' സിനിമയുടെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സാണ് ഹർജി നൽകിയിരുന്നത്. കൈതിയുടെ വിതരണക്കാരായ സ്ട്രൈറ്റ് ലൈൻ സിനിമാസ് ലാഭവിഹിതം നൽകിയില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹർജി. കൈതിയുടെ കേരളത്തിലെ വിതരണക്കാര്‍ സ്‌ട്രെയ്റ്റ് ലൈന്‍ സിനിമാസായിരുന്നു.

പലതവണ ആവശ്യപ്പെട്ടിട്ടും ലാഭ വിഹിതം നല്‍കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് നിയമനടപടി സ്വീകരിച്ചതെന്ന് ഡ്രീം വാരിയര്‍ അധികൃതര്‍ വ്യക്തമാക്കുന്നു. കോളിവുഡില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു 'കൈതി'. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം അതില്‍ നായകനെ അവതരിപ്പിച്ച കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമായിരുന്നു. 

'വര്‍ണ്യത്തില്‍ ആശങ്ക' എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിന്ന്. സമീര്‍ താഹിറിന്‍റെ 'കലി'യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. സ്ട്രെയ്റ്റ് ലൈന്‍ സിനിമാസിന്‍റെ ബാനറില്‍ സുധീര്‍ വികെ, മനു, അബ്ദുള്‍ ലത്തീഫ് വടുക്കൂട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സൗബിന്‍ ഷാഹിറിനൊപ്പം ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, കെപിഎസി ലളിത, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ എന്നിവര്‍ അഭിനയിക്കുന്നു.