ഏപ്രിൽ 23നാണ് പേട്രിയറ്റ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പേട്രിയറ്റ് സിനിമയ്ക്ക് വിലക്കുമായി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. തിയറ്ററിൽ നിന്നുള്ള നിർമാണ-വിതരണ വിഹിതം കൂട്ടിചോദിച്ചതിനാണ് വിലക്ക്. ചിത്രവുമായി കരാർ വയ്ക്കരുതെന്ന് തിയറ്ററുകൾക്ക് ഫിയോക് നിർദേശം നല്‍കിയിട്ടുണ്ട്. ഏപ്രിൽ 23നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

മലയാള സിനിമകള്‍ തിയറ്ററില്‍ എത്തുമ്പോള്‍ തിയറ്റര്‍ ഉടമകള്‍ ആദ്യ ആഴ്ചയില്‍ 60 ശതമാനം വിഹിതവും രണ്ടാം ആഴ്ചയില്‍ 55 ശതമാനം വിഹിതവും മൂന്നാമത്തെ ആഴ്ച 50 ശതമാനം വിഹിതവുമാണ് നല്‍കുന്നത്. എന്നാല്‍ പേട്രിയറ്റിന്‍റെ നിര്‍മാതാക്കള്‍ ആദ്യത്തെ രണ്ടാഴ്ചയിലും 60 ശതമാനം വിഹിതം തന്നെ വേണമെന്ന് ആവശ്യപ്പെട്ട് എഗ്രിമെന്‍റ് വയ്ക്കുകയായിരുന്നു. ഇതിനെതിരെയാണ് ഫിയോക്ക് രംഗത്ത് എത്തിയിരിക്കുന്നത്. 

ആദ്യ രണ്ടാഴ്ചയിലും 60 ശതമാനം എന്ന കണക്കില്‍ സിനിമ ഓടാന്‍ സാധിക്കില്ലെന്നും അത് വന്‍ നഷ്ടമാകും തിയറ്ററുകാര്‍ക്ക് നല്‍കുകയെന്നും ഫിയോക്ക് ചൂണ്ടിക്കാട്ടുന്നു. മള്‍ട്ടി പ്ലക്സ് അടക്കമുള്ള തിയറ്ററുകള്‍ക്ക് 60, 55 ശതമാനം എന്നതില്‍ നിന്നും കുറച്ചാണ് നിര്‍മാതാക്കള്‍ എഗ്രിമെന്‍റ് കൊടുത്തിരിക്കുന്നതെന്നും ഫിയോക്ക് പറയുന്നു.

 ആന്‍റോ ജോസഫ് പ്രൊഡക്ഷന്‍സ് ആണ് പേട്രിയറ്റിന്‍റെ നിര്‍മാണം. "ഇതൊരു ബിഗ് ബജറ്റ് ചിത്രമാണ്. അത്രയും കളക്ഷന്‍ ഉണ്ടാക്കിയാല്‍ മാത്രമെ ഈ സിനിമ ലാഭത്തിലേക്ക് എത്തുകയുള്ളൂ. അതിന്‍റെ ഭാഗമായാണ് ഇങ്ങനെ ഒരു എഗ്രിമെന്‍റ് വച്ചത്. ആ എഗ്രിമെന്‍റ് തിയറ്ററുകളില്‍ നല്‍കിയതാണ്. എന്നാല്‍ ഇത് സംഘടനയ്ക്കുള്ളില്‍ ചര്‍ച്ചയായി വന്നിട്ടേ ഉള്ളൂ. ഔദ്യോഗികമായൊരു വിവരം ലഭിച്ചിട്ടില്ല", എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. 

കേരളത്തില്‍ ഏകദേശം 450ഓളം തിയറ്ററുകള്‍ ഫിയോക്കിന്‍റെ കീഴില്‍ വരുന്നുണ്ട്. വിലക്ക് വന്ന് കഴിഞ്ഞാല്‍ ഇവിടെങ്ങളിലായിരിക്കും പേട്രിയറ്റ് പ്രദര്‍ശിപ്പിക്കാതിരിക്കുക. നേരത്തെ എമ്പുരാന്‍ അടക്കമുള്ള സിനിമകള്‍ വന്നപ്പോഴും തിയറ്റര്‍ വിഹിതത്തിന്‍റെ പേരില്‍ ഉടമകളും നിര്‍മാതാക്കളുമായി തര്‍ക്കം നടന്നിരുന്നു. പിന്നീട് റിലീസിന് മുന്‍പ് ചര്‍ച്ച ചെയ്ത് പരിഹരിക്കുകയും ചെയ്തു. 

റിലീസിന് ഒരുങ്ങുന്ന സിനിമകളില്‍ ഏറെ പ്രതീക്ഷയുള്ള പടമാണ് പേട്രിയറ്റ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര അടക്കം നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming