Asianet News MalayalamAsianet News Malayalam

നൂറ് ശതമാനം സീറ്റുകളിലും ആളുകളെ പ്രവേശിപ്പിച്ച ചെന്നൈയിലെ തീയേറ്ററുകൾക്കെതിരെ പൊലീസ് കേസെടുത്തു

കടുത്ത തിരക്കും വിജയ് ആരാധകരുടെ ബഹളവും കാരണമാണ് നൂറ് ശതമാനം സീറ്റിലും ആളെ കേറ്റേണ്ടി വന്നതെന്ന് തീയേറ്റർ ഉടമകൾ പറയുന്നത്. 

chennai police registered case against theater owners in chennai
Author
Chennai, First Published Jan 13, 2021, 2:14 PM IST

ചെന്നൈ: കൊവിഡ് മാനദണ്ഡം പാലിച്ച് സിനിമ തീയേറ്ററുകളിൽ ആളുകളെ പ്രവേശിപ്പിക്കണമെന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശം മാസ്റ്റർ സിനിമയുടെ റിലീസ് ദിവസം തന്നെ ചെന്നൈ നഗരത്തിൽ അട്ടിമറിക്കപ്പെട്ടു. ചെന്നൈയിലെ ഭൂരിപക്ഷം തീയേറ്ററുകളിലേയും നൂറു ശതമാനം സീറ്റുകളിലും ആളെ കേറ്റിയാണ് ഇന്ന് മാസ്റ്റർ പ്രദർശിപ്പിച്ചത്. 

കടുത്ത തിരക്കും വിജയ് ആരാധകരുടെ ബഹളവും കാരണമാണ് നൂറ് ശതമാനം സീറ്റിലും ആളെ കേറ്റേണ്ടി വന്നതെന്ന് തീയേറ്റർ ഉടമകൾ പറയുന്നത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് അൻപത് ശതമാനത്തിലേറെ സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിച്ചതിന് ചെന്നൈയിലെ തീയേറ്റർ ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സെഷൻ 188,269 വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് തീയേറ്റർ ഉടമകളിൽ നിന്നും പിഴയും ചുമത്തിയിട്ടുണ്ട്. 

ഇന്ന് പുലർച്ചെ മുതൽ തമിഴ്നാട്ടിലും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമായി മാസ്റ്റർ സിനിമയുടെ സ്പെഷ്യൽ ഫാൻഷോകൾ ആരംഭിച്ചിരുന്നു. രാവിലെയോടെ ചിത്രത്തെ കുറിച്ചുള്ള പൊസിറ്റീവ് അഭിപ്രായം സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. 

കേരളത്തിലടക്കം ഭൂരിപക്ഷം മേഖലകളിലും ഇന്നും നാളെയുമായി ചിത്രത്തിൻ്റെ മുഴുവൻ ടിക്കറ്റുകളും വിറ്റു പോയിട്ടുണ്ട്. കോഴിക്കോട്ടെ ഏറ്റവും വലിയ തീയേറ്ററായ അപ്സരയിൽ പ്രൊജക്ടർ തകരാറിലായത് മൂലം ഷോ നടക്കാതിരുന്നത് വിജയ് ആരാധകരുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. 

പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ തീയേറ്ററുകൾ തുറക്കുന്നത്. ഒന്നര വർഷത്തിന് ശേഷമാണ് ഒരു വിജയ് ചിത്രം റിലീസിന് എത്തുന്നതും. യുവസംവിധായകൻ ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിൽ വിജയിക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്നത് വിജയ് സേതുപതിയാണ്. 

Follow Us:
Download App:
  • android
  • ios