തന്‍റെ സഹോദരി രംഗോലി ചന്ദേല്‍ ഒരു ആസിഡ് ആക്രമണത്തെ അതിജീവിച്ച സ്ത്രീയാണ്, അതിനാല്‍ ഛപാക്കിന്‍റെ ട്രെയിലര്‍ വ്യക്തിപരമായാണ് താനെടുത്തതെന്നും കങ്കണ...
ബോളിവുഡിലെ താരറാണിമാരാണ് ദീപിക പദുകോണും കങ്കണ റണോട്ടും. ദീപികയുടെ ഏറ്റവും പുതിയ ചിത്രം ഛപാക് തിയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ താരത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കങ്കണ റണോട്ട്. ആസിഡ് ആക്രമണത്തെ അതിജീവിച്ച യുവതിയുടെ കഥ പറഞ്ഞതിനാണ് ദീപികയ്ക്ക് കങ്കണ നന്ദി അറിയിച്ചത്.
തന്‍റെ സഹോദരി രംഗോലി ചന്ദേല്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ച സ്ത്രീയാണ്, അതിനാല്‍ ഛപാക്കിന്‍റെ ട്രെയിലര്‍ വ്യക്തിപരമായാണ് താനെടുത്തതെന്നും കങ്കണ പറഞ്ഞു. ''ആസിഡ് ആക്രമണ നേരിട്ടവരുടെ ജീവിതം സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവന്ന ദീപിക പദുകോണിനും മേഘ്ന ഗുല്‍സാറിനും ഛപാക്കിലെ മറ്റെല്ലാ പ്രവര്‍ത്തകര്‍ക്കും കങ്കണ റണോട്ടും കുടുംബവും നന്ദി പറയുന്നു. '' - ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ മെസ്സേജ് ആയി കങ്കണ അറിയിച്ചു.
കങ്കണയുടെ പുതിയ ചിത്രം പംഗ ജനുവരി 24നാണ് റിലീസ് ചെയ്യുന്നത്. പംഗയുടെ ട്രെയിലര്‍ തന്നെ വളരെയധികം സ്വാധീനിച്ചുവെന്ന് ദീപിക പറഞ്ഞിരുന്നു. കങ്കണയുടെ സഹോദരി രംഗോലി ചന്ദേലും ദീപികയെ പ്രശംസിച്ചിരുന്നു.
അതേസമയം ജെഎന്‍യുവില്‍ ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദീപിക ക്യാമ്പസിലെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഛപാക് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ആളുകള്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരുന്നുവെങ്കിലും കനയ്യ കുമാറടക്കം നിരവധി പേര്‍ ദീപയ്ക്ക് പിന്തുണയുമായെത്തി.
