ദിലീപിനൊപ്പം പുതിയ ചിത്രം വരുന്നുവെന്ന പ്രചരണങ്ങള്‍ നിഷേധിച്ച സംവിധായകന്‍ ചിദംബരത്തിന് നേരെ സൈബര്‍ ആക്രമണം

തന്‍റെ സംവിധാനത്തില്‍ ദിലീപ് നായകനാവുന്ന പുതിയ ചിത്രം വരുന്നതായ പ്രചരണങ്ങള്‍ നിഷേധിച്ച യുവസംവിധായകന്‍ ചിദംബരത്തിനെതിരെ സൈബര്‍ ആക്രമണം. ഇതോടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആക്കിയിരിക്കുകയാണ് സംവിധായകന്‍. ചിദംബരത്തിന്‍റെ സംവിധാനത്തില്‍ ദിലീപ് നായകനാവുന്ന ചിത്രം വരുന്നുവെന്ന റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയിലും പിന്നാലെ ചില മുഖ്യധാരാ മാധ്യമങ്ങളുടെ വെബ്സൈറ്റുകളിലും ഇന്നലെ വന്നിരുന്നു. പിന്നാലെ ഇത്തരത്തിലുള്ള ഒരു സോഷ്യല്‍ മീഡിയ പേജില്‍ നിന്നുള്ള സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ട് ചിദംബരം തന്നെ ഇത് നിഷേധിക്കുകയും ചെയ്തു.

പ്രചരണങ്ങളും പ്രതികരണവും

ദിലീപും മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന്‍ ചിദംബരവും ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളെന്നും യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സര്‍വൈവല്‍ ത്രില്ലര്‍ ആയിരിക്കും ഈ ചിത്രമെന്നുമായിരുന്നു പ്രസ്തുത റിപ്പോര്‍ട്ടില്‍. ഇത് പങ്കുവച്ചുകൊണ്ട് ചിദംബരം കുറിച്ചത് ഇങ്ങനെ- “ചവറ് പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് അതിന്‍റെ വസ്തുത പരിശോധിക്കുക. പിന്നെ ഞാന്‍ ഒരു സര്‍വൈവല്‍ ത്രില്ലര്‍ സ്പെഷലിസ്റ്റും അല്ല”, ഇന്‍സ്റ്റ​ഗ്രാം സ്റ്റോറി ആയി ആയിരുന്നു ചിദംബരത്തിന്‍റെ പ്രതികരണം. ഈ പ്രതികരണവും വാര്‍ത്ത ആയതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍, വിശേഷിച്ചും ഇന്‍സ്റ്റ​ഗ്രാമില്‍ വലിയ ആക്രമണമാണ് ചിദംബരത്തിന് നേരിടേണ്ടിവന്നത്. ദിലീപിനെ അപമാനിച്ചു എന്ന തരത്തിലായിരുന്നു ആരാധക പ്രതികരണങ്ങള്‍. ഇതിന് പിന്നാലെ ചിദംബരം ആദ്യം ആ സ്റ്റോറി പിന്‍വലിക്കുകയും പിന്നാലെ തന്‍റെ ഇന്‍സ്റ്റ അക്കൗണ്ട് തന്നെ പ്രൈവറ്റ് ആക്കുകയും ചെയ്തു.

അതേസമയം കരിയറിലെ ഏറ്റവും വലിയ വിജയമായ മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം ചിദംബരത്തിന്‍റെ സംവിധാനത്തില്‍ ചിത്രങ്ങളൊന്നും തിയറ്ററുകളില്‍ എത്തിയിട്ടില്ല. അതേസമയം ഒരു ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷനിലാണ് അദ്ദേഹം ഇപ്പോള്‍. ബാലന്‍ എന്ന ചിത്രം നിര്‍മ്മിക്കുന്നത് കന്നഡത്തിലെ വമ്പന്‍ ബാനറായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ്. മലയാളത്തിലേക്കുള്ള അവരുടെ അരങ്ങേറ്റമാണ് ഈ ചിത്രം. വിജയ് ചിത്രം ജനനായകന്‍, യഷ് ചിത്രം ടോക്സിക് എന്നിവയൊക്കെ നിര്‍മ്മിച്ച ബാനര്‍ ആണ് ഇത്. അതേസമയം ഷാജി കൈലാസിന്റെ മകന്‍ ജ​ഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദിലീപിന്‍റേതായി അടുത്ത് വരാനുള്ളത്. ജ​ഗന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ ഇതിന് ഡി 152 എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming