ബാലതാരങ്ങളായി എത്തി ഓസ്കറിലെത്തിയവർ- പി ആര്‍ വന്ദന എഴുതുന്നു 

ബാലതാരങ്ങളായി വന്ന് സൂപ്പർതാരങ്ങളായി വളർന്നവർ ഹോളിവുഡിൽ ഒട്ടേറെ പേരുണ്ട്. ഇക്കൊല്ലത്തെ ഓസ്കർ
മത്സരവേദിയിലുമുണ്ട് അങ്ങനെ മൂന്നുപേർ. ക്രിസ്റ്റെൻ സ്റ്റുവർട്ട്, കിർസ്റ്റെൻ ഡൺസ്റ്റു, കോടി സ്മിത്ത് മക്ഫി എന്നിവരാണ് ആ താരങ്ങൾ. 25കാരനായ മക്ഫി നോമിനേഷൻ പട്ടികയിലെ ഇളമുറക്കാരനാണ്. പക്ഷേ ഒരു ദശാബ്ദത്തെ അനുഭവ സമ്പത്തുണ്ട് കക്ഷിക്ക്(Oscars 2022).

റോമുലസ്, മൈ ഫാദർ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനുള്ള എഎസിടിഎഎ(ഓസ്ട്രേലിയൻ അക്കാദമി ഓഫ് സിനിമ ആൻഡ് ടെലിവിഷൻ ആർട്സ് അവാർഡ്) പുരസ്കാരനോമിനേഷൻ ആദ്യം നേടുമ്പോൾ മക്ഫിക്ക് പ്രായം പതിനൊന്ന്. പിന്നാലെ ദ റോഡ്, ലെറ്റ് മി ഇൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയപ്രകടനം. ഇപ്പോൾ 'ദ പവർ ഓഫ് ദ ഡോഗി'ലെ പീറ്റർ ഗോർഡനായി മിന്നിച്ച് ഓസ്കർ നോമിനേഷനിൽ.

മിന്നും പ്രകടനവുമായി സഹ താരങ്ങള്‍, ആര്‍ക്കാകും ഓസ്‍കര്‍?

സിനിമയിൽ പീറ്ററിന്റെ അമ്മയായി അഭിനയിച്ച കിർസ്റ്റെൻ ഡൺസ്റ്റ് തുടക്കം കുറിക്കുന്നത് ഏഴാം വയസ്സിലാണ്. 'ന്യൂയോർക്ക് സ്റ്റോറീസ്' എന്ന ചിത്ര പരമ്പരയിൽ വൂഡി അലൻ ഒരുക്കിയ ഈഡിപ്പസ് വ്റെക്സിൽ ഇന്റർവ്യൂ വിത്ത് വാംമ്പയറിൽ ക്ലോഡിയ എന്ന കുട്ടിയക്ഷിയായി അഭിനയിച്ച് പന്ത്രണ്ടാം വയസ്സിൽ സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷൻ നേടി. ലിറ്റിൽ വുമൺ, ജുമാൻജി തുടങ്ങിയ സിനികളിലും കുട്ടി കിർസ്റ്റനുണ്ട്. 

സ്പെൻസർ സിനിമയിൽ ഡയാന രാജകുമാരിയായുള്ള പകർന്നാട്ടമാണ് ക്രിസ്റ്റ്യെൻ സ്റ്റുവെർട്ടിന് മികച്ച നിടയായുള്ള ആദ്യനോമിനേഷൻ നേടിക്കൊടുത്തത്. ആദ്യം ശ്രദ്ധിക്കപ്പെടുന്നത് ഡേവിഡ് ഫിഞ്ചറുടെ പാനിക് റൂമിൽ. ജൂഡി ഫോസ്റ്റർക്കൊപ്പം അഭിനയിച്ചപ്പോൾ പ്രായം പന്ത്രണ്ട്. സ്പീക്ക്, കാച്ച് ദാറ്റ് കിഡ്, സതുര: എ സ്പെയിസ് അഡ്വൻഞ്ചർ, ഇൻ റ്റു ദ വൈൽഡ് തുടങ്ങി കുറേ സിനിമകളിൽ ടീനേജുകാരിയായ ക്രിസ്റ്റ്യെനുണ്ട്. 

YouTube video player

ഇതിനു മുമ്പും ബാലതാരങ്ങളായി പിച്ച വെച്ചു തുടങ്ങിയവർ ഓസ്കർ വേദിയിൽ എത്തിയിട്ടുണ്ട്. മിക്കി റൂണിയും, ജൂ‍ഡി ഗാർലൻഡും ആദ്യകാല ഉദാഹരണങ്ങൾ. രണ്ട് തവണ മികച്ച നടിക്കുള്ള ഓസ്കർ നേടിയ ജൂഡി ഫോസ്റ്റർ ആദ്യം നോമിനേഷൻ നേടുന്നത് പതിനാലാം വയസ്സിൽ ടാക്സി ഡ്രൈവർ എന്ന സിനിമയിലുടെയാണ്. ബ്ലാക്ക് സ്വാൻ ആയി ഓസ്കർ നേടിയ നതാലി പോർട്മാൻ കലാജീവിതത്തിൽ തുടക്കം കുറിക്കുന്നത് പന്ത്രണ്ടാം വയസ്സിലാണ്. പ്രായം മുപ്പതുതികയും മുമ്പ് തന്നെ മൂന്നുവട്ടം നോമിനേഷൻ നേടിയ സിയോഷ റോനൻ ആദ്യം ചുരുക്കപ്പട്ടികയിലെത്തുന്നത് പതിമൂന്നാം വയസ്സിലാണ്. അറ്റോൺമെന്റിലൂടെ. അഭിയനം തുടങ്ങുന്നത് ഒൻപതാം വയസ്സിലും. റോനന് നേടാനാകാതെ പോയ ഓസ്കർ മക്ഫിയോ ഡൺസ്റ്റോ, സ്റ്റുവർട്ടോ നേടുമോ, കാത്തിരിക്കാം. ഓസ്കർ കയ്യിലേന്തിയാലും ഇല്ലെങ്കിലും അവർ മൂന്നുപേരുടേയും കലായാത്ര മാതൃകയാണ്. പ്രചോദനവും.