അനില്‍ രവിപുഡി സംവിധാനം ചെയ്യുന്ന ചിത്രം

കേരളത്തില്‍ ചിത്രീകരണത്തിനെത്തി തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി. മെഗാ 157 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഒരു ചെറിയ ഷെഡ്യൂള്‍ ആലപ്പുഴയിലാണ് നടക്കുന്നത്. നിലവില്‍ പുരോഗമിക്കുന്ന ഷെഡ്യൂളില്‍ ഒരു ഗാന രംഗമാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിലെ നായികയായ നയന്‍താരയും ചിത്രീകരണത്തില്‍ പങ്കെടുക്കുന്നുണ്ട്. രണ്ട് വര്‍ഷത്തിന് ശേഷം നയന്‍താര അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് മെഗാ 157. മുന്‍പ് രണ്ട് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ചിരഞ്ജീവിയുടെ നായികയായി നയന്‍താര എത്തുന്നത് ഇത് ആദ്യമായാണ്. സൈ റാ നരസിംഹ റെഡ്ഡി, ഗോഡ്‍ഫാദര്‍ (ലൂസിഫര്‍ തെലുങ്ക് റീമേക്ക്) എന്നീ ചിത്രങ്ങളിലാണ് മുന്‍പ് ചിരഞ്ജീവിയും നയന്‍താരയും ഒരുമിച്ച് അഭിനയിച്ചത്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന മാസ് എന്‍റര്‍ടെയ്നര്‍ ചിത്രം സംവിധാനം ചെയ്യുന്നത് അനില്‍ രവിപുഡിയാണ്. ചിത്രത്തിന്‍റെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സംഘം ആലപ്പുഴയില്‍ എത്തിയിരിക്കുന്നത്. പ്രമുഖ കൊറിയോഗ്രാഫര്‍ ഭാനുവും ആലപ്പുഴ ഷെഡ്യൂളില്‍ പങ്കെടുക്കുന്നുണ്ട്. അനില്‍ രവിപുഡിയുടെ വിജയചിത്രം സംക്രാന്തി കി വസ്തുനത്തിലും കൊറിയോഗ്രഫര്‍ ആയി ഭാനു ഉണ്ടായിരുന്നു. ആലപ്പുഴയിലെ ഷെഡ്യൂള്‍ ജൂലൈ 23 വരെ ഉണ്ടാവുമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നു.

ഷൈന്‍ സ്ക്രീന്‍സിന്‍റെ ബാനറില്‍ സാഹു ഗണപതിയാണ് മെഗാ 157 നിര്‍മ്മിക്കുന്നത്. സുഷ്മിത കോനിഡേലയുടെ ഗോള്‍ഡ് ബോക്സ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റുമായി ചേര്‍ന്നാണ് ഷൈന്‍ സ്ക്രീന്‍സ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഭീംസ് സെസിറോലിയോ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. 23 ന് ആലപ്പുഴ ഷെഡ്യൂള്‍ പൂര്‍ത്തിയായാല്‍ അനില്‍ രവിപുഡിയും സംഘവും ചെറിയ ഇടവേള എടുക്കും. ഓഗസ്റ്റില്‍ ഹൈദരാബാദിലാവും അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുക.

അടുത്ത വര്‍ഷം തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന് കടുത്ത ഡെഡ്‍ലൈന്‍ ആണ് അനില്‍ രവിപുഡി വച്ചിരിക്കുന്നത് എന്നാണ് വിവരം. ഈ വര്‍ഷം ഒക്ടോബറോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കണമെന്നാണ് അദ്ദേഹത്തിന്. 2026 ലെ സംക്രാന്തി റിലീസ് ആയാണ് ചിത്രം എത്തുക. തെലുങ്ക് സിനിമയിലെ ഏറ്റവും പ്രധാന ഫെസ്റ്റിവല്‍ സീസണ്‍ ആണ് സംക്രാന്തി.

അതേസമയം സോഷ്യോ ഫാന്‍റസി ഗണത്തില്‍ പെടുന്ന വിശ്വംഭര എന്ന ചിത്രവും ചിരഞ്ജീവിക്ക് പൂര്‍ത്തിയാക്കാനുണ്ട്. തൃഷ കൃഷ്ണന്‍ നായികയാവുന്ന ചിത്രത്തില്‍ കുണാല്‍ കപൂറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Midhun | Live News