കിയാര അദ്വാനി, ഹുമ ഖുറേഷി എന്നിവരും അഭിനയിക്കുന്ന ചിത്രം യാഷ് സഹനിർമ്മാണം നിർവഹിച്ച് 2026 മാർച്ച് 19-ന് വിവിധ ഭാഷകളിൽ റിലീസ് ചെയ്യും.
യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ക്യാരക്ടർ ഇൻട്രോയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ യാഷിന് ജന്മദിനാശംസ നേർന്നുകൊണ്ട് ഗീതു മോഹൻദാസ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. കഴിവിന്റേയും സൂപ്പര്‍സ്റ്റാര്‍ഡത്തിന്റെയും അസാധാരണവും ഉജ്ജ്വലവുമായ കൂടിച്ചേരൽ ആണ് യാഷ് എന്നും, ടോക്സികിലേത് അദ്ദേഹം അവതരിപ്പിച്ച വെറുമൊരു കഥാപാത്രമല്ലെന്നും തന്റെ ആർട്ടിസ്റ്റിക് ലെഗസിയിൽ യാഷ് കൊത്തിവച്ച ഒരു ഏടാണെന്നും ഗീതു മോഹൻദാസ് കുറിച്ചു.
"കഴിവിന്റേയും സൂപ്പര്‍സ്റ്റാര്‍ഡത്തിന്റെയും അസാധാരണവും ഉജ്ജ്വലവുമായ കൂടിച്ചേരല്‍. ലോകം കാണാനിരിക്കുന്ന റായയായുള്ള പ്രകടനത്തില്‍ മാത്രമല്ല, ഓരോ ദിവസങ്ങളും ഞങ്ങളുടെ സിനിമയിലേക്ക് കൊണ്ടു വരുന്ന അച്ചടക്കവും ആത്മാവും അദ്ദേഹത്തെക്കുറിച്ച് എന്നില്‍ അഭിമാനമുണ്ടാക്കുന്നു. ഇത് അദ്ദേഹം അഭിനയിച്ച വെറുമൊരു കഥാപാത്രമല്ല. തന്റെ ആര്‍ട്ടിസ്റ്റിക് ലെഗസിയില്‍ അദ്ദേഹം കൊത്തിവച്ചൊരു ഏടാണ്. അദ്ദേഹം എപ്പോഴും ചോദ്യങ്ങള്‍ ചോദിച്ചു, വെല്ലുവിളിച്ചു, പുതിയ കാര്യങ്ങള്‍ തേടി കണ്ടെത്തി. കീഴടങ്ങി. എപ്പോഴും കഥയുടെ സത്യത്തെ സേവിക്കാന്‍ തയ്യാറായി. കഥ പറച്ചിലിന്റെ ആഴം മാത്രമല്ല, ഈ യാത്രയെ അര്‍ത്ഥവത്താക്കാന്‍ ഉടനീളം എന്നെ പിന്തുണച്ചൊരു നിര്‍മാതാവിനേയും ഇതിലൂടെ ഞാന്‍ കണ്ടെത്തി.
തന്റെ പ്രശസ്തിയുടെ ഓളപ്പരപ്പില്‍ അദ്ദേഹത്തിന് അടിത്തട്ടിലെ ആഴത്തെ അവഗണിക്കുക എളുപ്പമായിരുന്നിട്ടും ഈ ക്രാഫ്റ്റിലേക്ക് അദ്ദേഹം കൊണ്ടു വരുന്ന തന്റെ പ്രതിഭയുടെ ആഴങ്ങളിലേക്ക് തേടിപ്പോകാന്‍ ഇനി വരുന്ന സംവിധായകരും ധൈര്യം കാണിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ യാത്ര വിശ്വസത്തിലും ദീര്‍ഘ സംഭാഷണങ്ങളിലും പരസ്പര വിശ്വാസത്തിലും ഊന്നിയുള്ളതായിരുന്നു. ഞങ്ങളേക്കാളും ഒരുപാട് ഉന്നതയമായ ഒന്നില്‍ ഞങ്ങള്‍ വിശ്വസിച്ചു. ഞങ്ങള്‍ക്കിടയിലെ വിശ്വാസത്തിലും കലയിലും, പങ്കിട്ട സൗഹൃദത്തിലും എനിക്ക് അതിയായ കൃതജ്ഞതയുണ്ട്. ക്യാമറ റോള്‍ ചെയ്യുന്നത് അവസാനിച്ചാലും അദ്ദേഹം ദീര്‍ഘനേരം എനിക്കൊപ്പമിരിക്കുമായിരുന്നു. ജന്മദിനാശംസകള്‍ യഷ്." ഗീതു മോഹൻദാസ് കുറിച്ചു.
യാഷ് ‘കെജിഎഫ് ചാപ്റ്റർ 2’ ലൂടെ ബോക്‌സ് ഓഫീസ് ചരിത്രം പുനർനിർവചിച്ച ശേഷം, ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ്’ എന്ന അതിമഹത്തായ പ്രോജക്ടിലൂടെ വമ്പൻ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഓരോ അപ്ഡേറ്റിനും ചിത്രം പതിവുകളിൽ നിന്നുള്ള ധീരമായ മാറ്റം സൂചിപ്പിക്കുന്നു. മുമ്പ് കിയാര അദ്വാനി നാദിയയായി എത്തിയ ക്യാരക്റ്റർ പോസ്റ്റർ ലുക്ക് മനോഹരതയും മറഞ്ഞിരിക്കുന്ന മുറിവുകളും ഓർമപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. തുടർന്ന് ഹുമ ഖുറേഷി അവതരിപ്പിച്ച എലിസബത്തിന്റെ ഗൂഢത നിറഞ്ഞ ക്യാരക്ടർ അവതരണവും പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു.
യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ചിത്രം തിയേറ്ററിലെത്തും. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി പി അബിദ്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ ജെ പെറിയോടൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്.
കെ വി എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട് കെ നാരായണയും യാഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈദ്, ഉഗാദി, ഗുഡി പാഡ്വ എന്നിവയോടനുബന്ധിച്ച ദീർഘമായ ഉത്സവ വാരാന്ത്യമായ 2026 മാർച്ച് 19-നാണ് ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ്’ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.പി ആർ ഓ: പ്രതീഷ് ശേഖർ.



