ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രമാണ് സെയ് റാ നരസിംഹ റെഡ്ഡി. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വലിയ സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്. 12 വര്‍ഷത്തെ സ്വപ്‍നമാണ് യാഥാര്‍ഥ്യമാകാൻ പോകുന്നതെന്ന്  ചിരഞ്ജീവി പറഞ്ഞു. സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്.  

പന്ത്രണ്ട് വര്‍ഷമായി മനസ്സില്‍ കണ്ടിരുന്ന സ്വപ്‍നമാണ്. പക്ഷേ ബജറ്റിന്റെ പ്രശ്‍നങ്ങളെ തുടര്‍ന്ന് ഇതുവരെ നടക്കാതിരുന്നതാണ്-  സെയ് റാ നരസിംഹ റെഡ്ഡിയുടെ ടീസര്‍ ലോഞ്ചിനിടെ ചിരഞ്ജീവി പറഞ്ഞു. നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഹീറോകളെ കുറിച്ച് നമ്മള്‍ കുട്ടിക്കാലത്തേ കേള്‍ക്കാറുണ്ട്. പക്ഷേ ഇതുവരെ ആരും പറയാത്ത ഒരു കഥയാണ് നമ്മള്‍ പറയുന്നത്. ആര്‍ക്കും അക്കഥ അറിയില്ല. സ്വാതന്ത്ര്യസമരകാലത്തെ വെല്ലുവിളികള്‍ മാത്രമല്ല എല്ലാ വികാരങ്ങളും പ്രതിഫലിപ്പിക്കുന്ന കഥയാണ്- ചിരഞ്ജീവി പറയുന്നു. എത്ര ത്യാഗം സഹിച്ചാണ് നമുക്ക് നമ്മുടെ നേതാക്കൻമാര്‍ സ്വാതന്ത്ര്യം നേടിത്തന്നതെന്ന് യുവതലമുറ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ഇന്ന് നമ്മള്‍ സ്വാതന്ത്ര്യം ആസ്വദിക്കുന്നു. സമയബന്ധിതമായ ഒരു കഥയല്ല സിനിമയുടേത്- ചിരഞ്ജീവി പറയുന്നു. ബാഹുബലിയുടെ വിജയമാണ് സിനിമയുമായി മുന്നോട്ടുപോകാൻ സഹായിച്ചത്. ബാഹുബലിക്ക് നന്ദി പറയുന്നു. 200 കോടിയോ മൂന്നൂറ് കോടിയോ ചിലവഴിച്ചാല്‍ അത് തിരിച്ചുകിട്ടുമെന്ന ചിന്തയുണ്ടാക്കിയത് ബാഹുബലിയാണ്- ചിരഞ്ജീവി പറയുന്നു.

ചരിത്ര സിനിമയായതിനാല്‍ വൻ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 200 കോടി ബജറ്റ് തീരുമാനിച്ചത് 250 കോടിയായിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. സുരേന്ദര്‍ റെഡ്ഡിയാണ് സെയ് റാ നരസിംഹ റെഡ്ഡി സംവിധാനം ചെയ്യുന്നത്.

വലിയ മികവില്‍ ചിത്രം എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. ചരിത്രസിനിമയായ സെയ് റാ നരസിംഹ റെഡ്ഡിയില്‍ ആക്ഷൻ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. റാം- ലക്ഷ്‍മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. ചിത്രത്തിലെ യുദ്ധ രംഗത്തിനു മാത്രം 55 കോടി രൂപയാണ് ചെലവിടുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്  സെയ് റാ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. നയൻതാരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്‍ത്രിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.