അതില്‍ നിന്ന് പുറത്ത് കടക്കാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടെന്നും കോന വെങ്കട്

അഞ്ച് പതിറ്റാണ്ടോളമായി തെലുങ്ക് സിനിമയിലെ താരസാന്നിധ്യമാണ് ചിരഞ്ജീവി. ഏറ്റവും ആഘോഷിക്കപ്പെട്ട കരിയറിലെ പീക്ക് ടൈം കഴിഞ്ഞെങ്കിലും ഇപ്പോഴും അദ്ദേഹത്തിന് വലിയ ആരാധകവൃന്ദവും അവരെ തൃപ്തിപ്പെടുത്താനുള്ള ബിഗ് ബജറ്റ് മാസ് സിനിമകളും ഉണ്ട്. എന്നാല്‍ അവ വിജയം നേടുന്നത് ഇപ്പോള്‍ കുറവാണ്. ഇപ്പോഴിതാ സ്ഥിരം ടെംപ്ലേറ്റില്‍ ഒരുക്കുന്ന ഫോര്‍മുല മാസ് സിനിമകളില്‍ തുടര്‍ച്ചയായി അഭിനയിച്ച് ചിരഞ്ജീവിക്ക് മടുത്തെന്ന് പറയുകയാണ് തെലുങ്ക് സിനിമയിലെ തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ കോന വെങ്കട്.

സമീപകാലത്ത് ചെയ്ത ചിത്രങ്ങളുടെ സ്ഥിരം പാറ്റേണ്‍ ചിരഞ്ജീവിയെ മടുപ്പിച്ചിട്ടുണ്ടെന്നും അതില്‍ നിന്ന് പുറത്ത് കടക്കാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടെന്നും കോന വെങ്കട് പറയുന്നു. ഗലാട്ട തെലുങ്കിന് നല്‍കിയ അഭിമുഖത്തിലാണ് വെങ്കട് ഇക്കാര്യം പറയുന്നത്. നാടകീയമായ ഫ്ലാഷ് ബാക്കുകളും മാസ് ഹീറോ പരിവേഷത്തിനായുള്ള സ്ഥിരം ഘടകങ്ങളുമൊക്കെ അദ്ദേഹത്തിന് മടുത്ത മട്ടാണ്. സാധാരണവും റിയലിസ്റ്റിക്കുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ആഗ്രഹമുണ്ട് അദ്ദേഹത്തിന്. എന്തുകൊണ്ട് അത്തരം കഥാപാത്രങ്ങളെ താന്‍ അവതരിപ്പിക്കുന്നില്ലെന്ന് അദ്ദേഹം സ്വയം ചോദിക്കുന്നുണ്ട് ഇപ്പോള്‍. എപ്പോഴാണ് ഞാന്‍ പുതിയ ചിത്രങ്ങള്‍ ഉണ്ടാക്കുക? എനിക്ക് ബോറടിക്കുന്നു, എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. സ്ഥിരം പാറ്റേണ് വിട്ടുള്ള പടങ്ങള്‍ ചെയ്യണമെന്നാണ് അദ്ദേഹത്തിന്, കോന വെങ്കട് പറയുന്നു.

വരാനിരിക്കുന്നത് എന്ത് എന്ന് പ്രവചിക്കാന്‍ അവസരം തരുന്നവയാണ് അദ്ദേഹം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രങ്ങളെല്ലാം. എന്നാല്‍ സ്വന്തം സര്‍​ഗാത്മകതയെ വെല്ലുവിളിക്കുന്ന റോളുകള്‍ ചെയ്യണമെന്ന് ഇപ്പോള്‍ അദ്ദേഹത്തിന് തോന്നുന്നുണ്ട്. അതേസമയം ചിരഞ്ജീവി അത്തരം ചിത്രങ്ങള്‍ ചെയ്യുന്നപക്ഷം മാസ് ഓഡിയന്‍സിനെ തൃപ്തിപ്പെടുത്താനാവില്ല എന്ന പ്രതിസന്ധി ഉണ്ടെന്നും കോന വെങ്കട് പറയുന്നു- 1987 ല്‍ പുറത്തിറങ്ങിയ സ്വയംകൃഷി എന്ന ചിത്രമെടുക്കാം. ചിരഞ്ജീവി നായകനായ ചിത്രം ഫോക്കസ് ചെയ്തത് കഥപറച്ചിലിലും കഥാപാത്രങ്ങളുടെ ആഴത്തിലുമൊക്കെയാണ്. മറിച്ച് പാട്ടിലോ നൃത്തത്തിലോ ആക്ഷന്‍ രം​ഗങ്ങളിലോ ഒന്നും ആയിരുന്നില്ല. എന്നാല്‍ അത് ബോക്സ് ഓഫീസില്‍ വിജയിച്ചില്ല. ഇന്ന് ചെറിയ ബജറ്റില്‍ അത്തരമൊരു ചിത്രം ചെയ്താല്‍ അത് മള്‍ട്ടിപ്ലെക്സ് പ്രേക്ഷകരിലേക്ക് മാത്രമേ എത്തൂ. ആക്ഷന്‍ രം​ഗങ്ങളും ഐറ്റം ​ഗാനങ്ങളും അടക്കമുള്ള വാണിജ്യ ഫോര്‍മുലാ ഘടകങ്ങള്‍ ഇല്ലാത്തതിനാല്‍ മാസ് പ്രേക്ഷകര്‍ക്ക് താല്‍പര്യം നഷ്ടപ്പെടും, കോന വെങ്കട് പറഞ്ഞവസാനിപ്പിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം