നയൻതാര ചിരഞ്ജീവിയുടെ മെഗാ157 എന്ന ചിത്രത്തിൽ നായികയാകുന്നു.
ഹൈദരാബാദ്: നയൻതാര തെലുങ്ക് സിനിമയില്‍ നായികയായി വീണ്ടും എത്തുന്നു. ചിരഞ്ജീവിയുടെ വരാനിരിക്കുന്ന മെഗാ157 എന്ന് താല്‍ക്കാലിമായി പേരിട്ട ചിത്രത്തിലാണ് നയൻതാരയെ നായികയായി തിരഞ്ഞെടുത്തത് ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സംവിധായകൻ അനിൽ രവിപുടി പങ്കിട്ട രസകരമായ ഒരു അനൗൺസ്‌മെന്റ് വീഡിയോയും നയന്‍താരയുടെ കാസ്റ്റിംഗ് സ്ഥിരീകരിച്ചു.
വീഡിയോയിൽ, നയൻതാര ഒരു ഷൂട്ടിംഗിനായി തയ്യാറെടുക്കുന്നതും തെലുങ്കിൽ സംസാരിക്കുന്നതും കാണാം. അവരുടെ മേക്കപ്പ് ക്രൂവിലെ ഒരാൾ അടുത്തതായി ഒരു തെലുങ്ക് സിനിമ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, താരം പുഞ്ചിരിയാണ് മറുപടി നല്‍കിയത്.
അടുത്തതായി, തന്റെ കാർ ഡ്രൈവറോട് സ്റ്റാർ മെഗാസ്റ്റാര്‍ സ്റ്റാർ എന്ന ഗാനത്തിന്റെ ശബ്ദം വർദ്ധിപ്പിക്കാൻ ആവശ്യപ്പെടുന്നതും കാണാം. അതിന് പിന്നാലെ ചിരഞ്ജീവിക്കൊപ്പം പടം ചെയ്യുന്നുണ്ടോ എന്ന ഡ്രൈവറുടെ ചോദ്യത്തിന് നയന്‍താര തലയാട്ടുന്നു. അവസാനം വീഡിയോയില്‍ ചിത്രത്തിന്‍റെ സംവിധായകന്‍ അനിൽ രവിപുടിയും എത്തുന്നുണ്ട്.
മെഗാ157 അടുത്ത വർഷം സംക്രാന്തിയോടനുബന്ധിച്ച് റിലീസ് ചെയ്യും. ഒരു മാസ് എന്റർടെയ്‌നർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചിത്രത്തിന്റെ കഥയെക്കുറിച്ച് ഇതുവരെ കൂടുതൽ അറിവായിട്ടില്ല. ഷൈൻ സ്‌ക്രീൻസാണ് ഇത് നിർമ്മിക്കുന്നത്.
2006 ൽ ലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് നയൻതാര തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ബോസ് എന്ന മറ്റൊരു തെലുങ്ക് ചിത്രത്തിലും അവർ അഭിനയിച്ചു. സൈ റാ നരസിംഹ റെഡ്ഡി, ഗോഡ്ഫാദർ എന്നീ ചിത്രങ്ങളിൽ ചിരഞ്ജീവിക്കൊപ്പം നയൻതാര മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.
ഏപ്രിലിൽ നെറ്റ്ഫ്ലിക്സിൽ നേരിട്ട് റിലീസ് ചെയ്ത ടെസ്റ്റിലാണ് നയൻതാര അവസാനമായി അഭിനയിച്ചത്. ആർ മാധവനും സിദ്ധാർത്ഥും അഭിനയിച്ച ഈ സ്‌പോർട്‌സ് ഡ്രാമ റിലീസ് ചെയ്തപ്പോൾ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.


