500 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ് ദീപിക പദുകോണ്‍. താരമൂല്യം മാത്രമല്ല, മികച്ച അഭിനേത്രി കൂടിയാണെന്ന് ദീപിക പലപ്പോഴായി തെളിയിച്ചിട്ടുണ്ട്. അമ്മയായതിന് ശേഷം കരിയറില്‍ വീണ്ടും മികവോടെ മുന്നേറാനുള്ള തയ്യാറെടുപ്പുകളിലാണ് ദീപിക. ഇപ്പോഴിതാ അഭിനയജീവിതത്തിലെ ഏറ്റവും വലിയ പ്രതിഫലവും അവര്‍ സ്വന്തമാക്കി എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

പ്രഭാസിനെ നായകനാക്കി അനിമല്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗ ഒരുക്കുന്ന സ്പിരിറ്റ് എന്ന ചിത്രമാണ് ദീപികയ്ക്ക് കരിയറിലെ ഏറ്റവും വലിയ പ്രതിഫലം നേടിക്കൊടുക്കുന്നത്. 20 കോടിയാണ് ചിത്രത്തിലെ വേഷത്തിന് ദീപിക വാങ്ങുന്നതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ദീപികയുടെ ഭര്‍ത്താവും ബോളിവുഡ് താരവുമായ രണ്‍വീര്‍ സിംഗിന് അടുത്ത കാലത്ത് ലഭിച്ച പ്രതിഫലത്തില്‍ നിന്നും ഉയര്‍ന്നതാണ് ദീപികയ്ക്ക് സ്പിരിറ്റില്‍ ലഭിക്കുന്ന തുക. സമീപകാലത്ത് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായതാണ് ദീപികയുടെ പ്രതിഫലത്തില്‍ വര്‍ധന വരാനുള്ള കാരണം. 

പ്രഭാസിനും സന്ദീപ് റെഡ്ഡി വാംഗയ്ക്കുമൊപ്പം ദീപിക പദുകോണ്‍ കൂടി എത്തുന്നതോടെ സ്പിരിറ്റില്‍ പ്രേക്ഷകരുടെ കാത്തിരിപ്പും വര്‍ധിക്കുകയാണ്. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് സ്പിരിറ്റ്. ചിത്രത്തിന്‍റെ ബജറ്റ് 500 കോടി ആണെന്ന് നേരത്തെ തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിഗ് സ്കെയിലില്‍ ചിത്രങ്ങളൊരുക്കാന്‍ ഇഷ്ടപ്പെടുന്ന സംവിധായകനാണ് സന്ദീപ് വാംഗ. അനിമലിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍റെ ഫ്രെയിമില്‍ പ്രഭാസിനെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഭാസിന്‍റെ കരിയറിലെ 25-ാം ചിത്രവുമാണ് ഇത്. 

സന്ദീപ് റെഡ്ഡിം വാംഗയും പ്രഭാസും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഒരു പൊലീസ് ഡ്രാമയാണ്. കരിയറില്‍ ആദ്യമായാണ് പ്രഭാസ് ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ആക്ഷന്‍ രംഗങ്ങളേക്കാള്‍ ഡ്രാമയ്ക്ക് പ്രാധാന്യമുള്ള ചിത്രമായതിനാല്‍ ചിത്രീകരണം വേഗത്തില്‍ പൂര്‍ത്തീകരിക്കപ്പെടുമെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ സിങ്കം എഗെയ്ന്‍ ആണ് ദീപികയുടേതായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ അവസാന ചിത്രം. രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്സിന്‍റെ ഭാഗമായെത്തിയ ചിത്രത്തില്‍ ഡിസിപി ശക്തി ഷെട്ടി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിച്ചത്. ഷാരൂഖ് ഖാന്‍റെ വരാനിരിക്കുന്ന ചിത്രം കിംഗിലും ദീപിക അഭിനയിക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം