'ധ്രുവനച്ചത്തിര'ത്തില്‍ നായകനാവേണ്ടിയിരുന്നത് വിക്രമല്ല, ആദ്യം പരിഗണിച്ചത് മറ്റ് രണ്ട് സൂപ്പര്‍താരങ്ങളെ
രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിന്‍റെ റിലീസ് നവംബര്‍ 24 ന്

സംവിധായകനായും ഇപ്പോള്‍ നടനായും തമിഴ് സിനിമയില്‍ സ്വന്തം സാന്നിധ്യം അടയാളപ്പെടുത്തിയ ആളാണ് ഗൗതം വസുദേവ് മേനോന്‍. സംവിധാനം ചെയ്ത ചിത്രങ്ങള്‍ക്കും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കും നിരവധി ആരാധകരുണ്ടെങ്കിലും ഒരു കാര്യത്തില്‍ അദ്ദേഹം പലപ്പോഴും ട്രോള്‍ നേരിടാറുണ്ട്. പ്രോജക്റ്റുകള്‍ അടിക്കടി പ്രഖ്യാപിക്കുന്നതിലും അവ പുറത്തെത്താന്‍ കാലതാമസം നേരിടുന്നതിലുമാണ് അത്. ഗൗതം മേനോന്‍ ചിത്രങ്ങളില്‍ റിലീസിന് ഏറ്റവും കാലതാമസം നേരിട്ട ചിത്രമാണ് വിക്രം നായകനാവുന്ന ധ്രുവ നച്ചത്തിരം. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിന്‍റെ റിലീസ് നവംബര്‍ 24 ന് ആണ്. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച കൌതുകകരമായ ഒരു വിവരം പങ്കുവച്ചിരിക്കുകയാണ് ഗൌതം മേനോന്‍.
ചിത്രത്തില്‍ നായകനാവാന്‍ ആദ്യമായി സമീപിച്ചത് വിക്രത്തെയല്ലെന്നാണ് സിനിമാ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഗൌതം മേനോന്‍ പറഞ്ഞത്. വിക്രത്തിന് മുന്‍പ് ഒന്നല്ല രണ്ട് താരങ്ങളെയാണ് സംവിധായകന്‍ സമീപിച്ചത്. സൂര്യയെയും രജനികാന്തിനെയുമായിരുന്നു അത്. രജനികാന്തിന് താല്‍പര്യമുള്ള പ്രോജക്റ്റ് ആയിരുന്നു ഇത്. അദ്ദേഹത്തെ കാസ്റ്റ് ചെയ്യുന്നതിനായി നായക കഥാപാത്രം രജനിയുടെ ഏജ് ഗ്രൂപ്പിന് ചേരുന്ന തരത്തില്‍ തിരക്കഥയില്‍ ചില്ലറ മിനുക്കുപണികളും നടത്തിയിരുന്നു ഗൌതം മേനോന്‍. എന്നാല്‍ മറ്റ് ചില കാരണങ്ങളാല്‍ രജനി പ്രോജക്റ്റിലേക്ക് എത്തിയില്ല. പകരം അദ്ദേഹം കബാലിയില്‍ അഭിനയിക്കാനായി പോയി.
സൂര്യയെയും അദ്ദേഹം സമീപിച്ചിരുന്നു. എന്നാല്‍ ഒരു സ്പൈ ത്രില്ലര്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ അദ്ദേഹം സംശയാലുവായിരുന്നു. അതിനാല്‍ത്തന്നെ ഗൌതം മേനോന് കൈ കൊടുത്തുമില്ല. ധനുഷ് നായകനായ എന്നൈ നോക്കി പായും തോട്ടൈയിലും ഗൌതം മേനോന്‍ ആദ്യം നായകനാക്കാന്‍ ആലോചിച്ചത് സൂര്യയെ ആയിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ തിരക്കഥയും തൃപ്തികരമാവാത്തതിനാല്‍ സൂര്യ സ്വീകരിച്ചില്ല. പകരമാണ് ധനുഷ് എത്തിയത്.
ALSO READ : ഷൂട്ടിംഗ് ലൊക്കേഷനില്‍ ആരാധകന്‍റെ തലയ്ക്കടിച്ച് നാന പടേക്കര്‍; വീഡിയോ വൈറല്‍, പ്രതിഷേധം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക