Asianet News MalayalamAsianet News Malayalam

ഷൂട്ടിംഗ് ലൊക്കേഷനില്‍ ആരാധകന്‍റെ തലയ്ക്കടിച്ച് നാന പടേക്കര്‍; വീഡിയോ വൈറല്‍, പ്രതിഷേധം

ജേണി എന്ന സിനിമയുടെ വാരണാസി ലൊക്കേഷനില്‍ നിന്നുള്ളതാണ് വീഡിയോ

nana patekar slaps fan who approached him for selfie on movie shooting location video viral nsn
Author
First Published Nov 15, 2023, 4:38 PM IST

സിനിമാതാരങ്ങളോളം പ്രേക്ഷകാവേശം ഏറ്റുവാങ്ങുന്നവര്‍ കുറവാണ്. അത് ചിലപ്പോള്‍ അവര്‍ക്ക് വിനയാവാറുമുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ അണിയറക്കാര്‍ നേരിടുന്ന ഒരു വലിയ പ്രതിസന്ധി പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കുക എന്നതാണ്. വലിയ ജനക്കൂട്ടം ഭയന്ന് ലൊക്കേഷന്‍ തന്നെ മാറ്റിനിശ്ചയ്ക്കുന്നവരുമുണ്ട്. എന്നാല്‍ തങ്ങളോട് ഇടപെടാനും സെല്‍ഫിയെടുക്കാനുമൊക്കെ എത്തുന്ന ആരാധകരോട് താരങ്ങളില്‍ പലരും അനുഭാവപൂര്‍വ്വമാണ് പെരുമാറാറ്. ഇനി അങ്ങനെ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് അതിന്‍റെ വീഡിയോകള്‍ പറപറക്കുകയും ചെയ്യും. ഇപ്പോഴിതാ ഹിന്ദി സിനിമയിലെ മുതിര്‍ന്ന നടന്‍ നാന പടേക്കറിന്‍റെ അത്തരത്തിലൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.

ജേണി എന്ന സിനിമയുടെ വാരണാസി ലൊക്കേഷനില്‍ നിന്നുള്ളതാണ് വീഡിയോ. ചിത്രീകരണത്തിന് തയ്യാറെടുക്കുന്നതിനിടെ യുവാവായ ഒരു ആരാധകന്‍ തന്‍റെ മൊബൈല്‍ ഫോണും കൈയിലേന്തി നാന പടേക്കറിന് അരികിലേക്ക് എത്തുന്നതും ഒരു സെല്‍ഫി ആവശ്യപ്പെട്ട്, അത് എടുക്കാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ പൊടുന്നനെയാണ് താരത്തിന്‍റെ പ്രതികരണം. യുവാവിന്‍റെ തലയ്ക്ക് പിറകില്‍ കൈ കൊണ്ട് ശക്തിയായി അടിച്ച് അവിടെനിന്ന് മാറ്റുകയാണ് നാന പടേക്കര്‍. ചിത്രീകരണസംഘത്തിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു വ്യക്തി ആരാധകനെ അവിടെനിന്ന് മാറ്റുന്നതും വീഡിയോയില്‍ കാണാം.

 

വീഡിയോ വൈറലായതിനൊപ്പം നാന പടേക്കറിന്‍റെ പ്രവര്‍ത്തിയെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്‍റുകളാണ് കൂടുതലും എത്തുന്നത്. പ്രേക്ഷകരാണ് താരങ്ങളെ താരങ്ങള്‍ ആക്കുന്നതെന്നും എന്നാല്‍ അവര്‍ ഇങ്ങനെയാണ് തിരിച്ച് പെരുമാറുന്നതെന്നുമാണ് ഒരു കമന്‍റ്. നിങ്ങളുടെ ആത്മാഭിമാനം നിങ്ങളുടെ കൈയില്‍ ആണെന്നും അത് പണയം വെച്ച് ഇത്തരം സെല്‍ഫികള്‍ എടുക്കാന്‍ ചെല്ലരുതെന്നും ആരാധകനുള്ള ഉപദേശമായി നിരവധി കമന്‍റുകളും എത്തുന്നുണ്ട്. അതേസമയം ഈ വിഷയത്തില്‍ നാന പടേക്കറിന്‍റെ പ്രതികരണം എത്തിയിട്ടില്ല. 

അനില്‍ ശര്‍മ്മ സംവിധാനം ചെയ്യുന്ന ജേണിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉത്കര്‍ഷ് ശര്‍മ്മയാണ്.

ALSO READ : ശരിക്കും തിരിച്ചുവന്നോ സല്‍മാന്‍ ഖാന്‍? 'ടൈഗര്‍ 3'യുടെ 3 ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios