വിക്രമിനൊപ്പം മലയാളി താരം പാർവ്വതി തിരുവോത്തും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു.
വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'തങ്കളാൻ'(Thangalaan) എന്നാണ് ചിത്രത്തിന്റെ പേര്. ഫസ്റ്റ് ലുക്ക് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിന്റെ കഥ പറയുന്ന കാലഘട്ടത്തെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി കൊണ്ടുള്ളതുമാണ് വീഡിയോ. വിക്രമിനൊപ്പം മലയാളി താരം പാർവ്വതി തിരുവോത്തും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു.
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. വിക്രത്തിന്‍റെ കരിയറിലെ 61-ാം ചിത്രം കൂടിയാണിത്.
സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ മുൻപ് പറഞ്ഞത്. ജി വി പ്രകാശ്കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. എസ് എസ് മൂർത്തിയാണ് കലാ സംവിധായകൻ. കെജിഎഫ്, കമലഹാസൻ ചിത്രം വിക്രം എന്നിവയ്ക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കിയ അൻപറിവ് ആണ് ആക്ഷൻ കൊറിയോഗ്രഫി. പിആർഒ ശബരി.
അതേസമയം പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രമാണ് വിക്രമിന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ആദിത്യകരികാലന്‍ എന്ന നടന്‍റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമാണ് ഇപ്പോള്‍ തിയറ്ററുകളിലുള്ളത്. പ്രശസ്ത തമിഴ് സാഹിത്യകാരൻ കൽക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് മണിരത്നം പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കിയിരിക്കുന്നത്.
