വെള്ളിയാഴ്ചയാണ് ചിത്രത്തിന്‍റെ റീ റിലീസ്

റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ക്കിടയില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ് വാല്യു കാത്തുസൂക്ഷിക്കുക എന്നത് ചില്ലറ കാര്യമല്ല. അത് നിഷ്പ്രയാസം സാധിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിലാണ് അന്‍വര്‍ റഷീദ്- മോഹന്‍ലാല്‍ ടീമിന്‍റെ ഛോട്ടാ മുംബൈയുടെ സ്ഥാനം. 2007 ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം 18 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. മോഹന്‍ലാലിന്‍റേതായി സമീപകാലത്ത് തിയറ്ററുകളിലെത്തിയ റീ റിലീസ് ചിത്രങ്ങള്‍ക്കൊക്കെയും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. അതിന്‍റെ തുടര്‍ച്ചയാവുമോ ഛോട്ടാ മുംബൈയും? നാളെയാണ് ചിത്രത്തിന്‍റെ റീ റിലീസ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ അ‍ഡ്വാന്‍സ് ബുക്കിംഗ് സംബന്ധിച്ച ആദ്യ കണക്കുകളും പുറത്തെത്തിയിട്ടുണ്ട്.

കേരളത്തിലെ പ്രധാന റിലീസ് സെന്‍ററുകളില്‍ പെട്ട തിരുവനന്തപുരം ഏരീസ് ഓഡി 1, എറണാകുളം കവിത, എറണാകുളം വനിത എന്നിവിടങ്ങളിലൊക്കെ റീ റിലീസ് ദിനത്തിലെ ആദ്യ ഷോയ്ക്ക് ഒരു ടിക്കറ്റ് പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. കോട്ടയം, തൃശൂര്‍ സെന്‍ററുകളിലും സമാന നിലയാണ് ഉള്ളത്. എന്നാല്‍ റീ റിലീസിന്‍റെ മൊത്തത്തിലുള്ള തിയറ്റര്‍ ചാര്‍ട്ടിംഗും പ്രീ റിലീസ് പ്രൊമോഷനുമൊക്കെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ലെന്ന് മോഹന്‍ലാല്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പങ്കുവെക്കുന്നുണ്ട്. അധികം ട്രാക്കര്‍മാര്‍ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് സംബന്ധിച്ച കണക്ക് പുറത്തുവിട്ടിട്ടുമില്ല. ലഭ്യമായ വിവരം അനുസരിച്ച് അഡ്വാന്‍സ് ബുക്കിംഗിലൂടെ ഇന്ന് വൈകിട്ട് 6.30 വരെ ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 16 ലക്ഷത്തിന് മുകളിലാണ്. ആദ്യ ദിനം ചിത്രം 40 ലക്ഷത്തിന് മുകളില്‍ കേരളത്തില്‍ നിന്ന് നേടുമെന്നാണ് പ്രവചനം. അതേസമയം ലഭിക്കുന്ന മികച്ച ബുക്കിംഗ് കണ്ട് പല സെന്‍ററുകളിലും തിയറ്ററുകാര്‍ അധിക പ്രദര്‍ശനങ്ങള്‍ ചാര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. റീ റിലീസ് എത്രത്തോളം വര്‍ക്ക് ആവും എന്ന് അറിയാന്‍ നാളെ വരെ കാത്തിരിക്കേണ്ടിവരും.

മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരേയൊരു ചിത്രം മാത്രമേ ഒരുക്കിയിട്ടുള്ളൂ. എന്നാല്‍ അത് അത്രയും എന്‍റര്‍ടെയ്ന്‍‍മെന്‍റ് വാല്യു ഉള്ള ഒന്നായിരുന്നു. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്‍റെ രചയിതാവ്. മിഴിവുറ്റ കഥാപാത്രങ്ങളും രസകരമായ കഥാസന്ദര്‍ഭങ്ങളും ചിത്രത്തില്‍ ആവോളം ഉണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ എത്തി. മോഹന്‍ലാല്‍ തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ​ഗാമ ആയപ്പോള്‍ നടേശന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു. ഭാവന ആയിരുന്നു നായിക. സിദ്ദിഖ്, ജ​ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയ​രാഘവന്‍, ബാബുരാജ്, സനുഷ, ​ഗീത വിജയന്‍, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോ​ഗി, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, നിഷ സാരം​ഗ്, ഷക്കീല തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News