ഒരു പൊലീസ് ഓഫീസറുടെ വേഷത്തില്‍ മമ്മൂട്ടി എത്തുന്ന ചിത്രം
മമ്മൂട്ടിയുടെ മലയാളത്തിലെ അടുത്ത റിലീസ് ആണ് ബി ഉണ്ണികൃഷ്ണന്‍- ഉദയകൃഷ്ണ ടീമിന്‍റെ ക്രിസ്റ്റഫര്‍. ഒരു പൊലീസ് ഓഫീസറുടെ വേഷത്തില്‍ മമ്മൂട്ടി എത്തുന്ന ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. ടൈറ്റില്‍ കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. 79 ദിവസത്തെ ചിത്രീകരണത്തിനു ശേഷം കഴിഞ്ഞ മാസാവസാനമാണ് സിനിമ പാക്കപ്പ് ആയത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ഈ ചിത്രം. ഇപ്പോഴിതാ ദീപാവലി ആശംസകളുമായി എത്തിയിരിക്കുകയാണ് ടീം ക്രിസ്റ്റഫര്‍. സിനിമാപ്രേമികള്‍ക്കുള്ള ദീപാവലി സമ്മാനമായി ക്രിസ്റ്റഫറിന്‍റെ ഒരു പോസ്റ്റര്‍ ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.
തോക്കേന്തി നില്‍ക്കുന്ന മമ്മൂട്ടിയുടെ നായക കഥാപാത്രം മാത്രമാണ് പോസ്റ്ററില്‍. ബയോഗ്രഫി ഓഫ് എ വിജിലാന്‍റെ കോപ്പ് എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. ആർ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മൂന്ന് നായികമാരാണ് ചിത്രത്തില്‍. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ. തെന്നിന്ത്യന്‍ താരം വിനയ് റായ്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു എന്നതും പ്രത്യേകതയാണ്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണിത്. 2010ല്‍ പുറത്തെത്തിയ പ്രമാണിയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം.
ALSO READ : പ്രഖ്യാപനം നാളെ? ലിജോ- മോഹന്‍ലാല്‍ ചിത്രത്തിനായുള്ള കാത്തിരിപ്പില്‍ ആരാധകര്‍
ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, കലാ സംവിധാനം ഷാജി നടുവിൽ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
