പ്രമുഖ ഛായാഗ്രാഹകന്‍ ബി കണ്ണന്‍ (69) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അടുത്തിടെ അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 

അന്‍പതോളം തമിഴ് ചിത്രങ്ങള്‍ കൂടാതെ മലയാളം, തെലുങ്ക് സിനിമകള്‍ക്കും ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. തമിഴില്‍ ക്യാമറ ചെയ്‍തവയില്‍ ഭൂരിഭാഗവും ഭാരതിരാജയുടെ ചിത്രങ്ങളായിരുന്നു. 'ഭാരതിരാജാവിന്‍ കണ്‍കള്‍' എന്നാണ് സിനിമാപ്രേമികള്‍ക്കിടയില്‍ അദ്ദേഹത്തിനു ലഭിച്ച വിശേഷണം. 2015 മുതല്‍ ചെന്നൈ ബോഫ്റ്റ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഛായാഗ്രഹണ വിഭാഗം തലവന്‍ ആയും പ്രവര്‍ത്തിച്ചിരുന്നു. 

ഭാരതിരാജയുടെ 2001 ചിത്രം 'കടല്‍പൂക്കളു'ടെ ഛായാഗ്രഹണത്തിന് മികച്ച സിനിമാറ്റോഗ്രഫിക്കുള്ള ശാന്താറാം പുരസ്കാരം ലഭിച്ചു. മികച്ച ഛായാഗ്രാഹകനുള്ള തമിഴ്‍നാട് സര്‍ക്കാരിന്‍റെ പുരസ്കാരത്തിന് രണ്ടുതവണ അര്‍ഹനായതും ഭാരതിരാജ ചിത്രങ്ങളിലൂടെ ആയിരുന്നു. അലൈഗള്‍ ഒയ്‍വതില്ലൈ (1981), കണ്‍കണാല്‍ കൈതു സെയ് (2004) എന്നീ ചിത്രങ്ങള്‍ക്കായിരുന്നു പുരസ്കാരം. കെ ജി ജോര്‍ജ്ജിന്‍റെ ഇനിയവള്‍ ഉറങ്ങട്ടെ, മോഹന്‍റെ നിറം മാറുന്ന നിമിഷങ്ങള്‍ തുടങ്ങി അഞ്ചോളം മലയാള സിനിമകള്‍ക്കും ക്യാമറ ചലിപ്പിച്ചു.

സംവിധായകന്‍ എം ഭീംസിംഗിന്‍റെ മകനും എഡിറ്റര്‍ ബി ലെനിന്‍റെ സഹോദരനുമാണ്. ഭാര്യ കാഞ്ചന. മധുമതി, ജനനി എന്നിവര്‍ മക്കള്‍.