മറ്റ് ഗായകരുടെ പാട്ടുകള്‍ കേട്ടതിനാൽ കുമാര്‍ സാനുവിന്‍റെ മറ്റ് ആരാധകര്‍ തന്നെ വധിക്കുമെന്ന് ഭയന്നാണ് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ജബല്‍പൂര്‍: പ്രശസ്ത ഹിന്ദി ഗായകന്‍ കുമാര്‍ സാനുവിന്‍റെ മറ്റ് ആരാധകര്‍ തന്നെ വധിക്കുമെന്ന് ഭയന്ന് ഒരു കുമാര്‍ സാനു ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് മൂന്ന് തവണ. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. ബിഹാറിലെ ഛപ്ര സ്വദേശിയായ 32 കാരനാണ് ജനുവരി 10 നും 11 നുമായി മൂന്ന് തവണ ജീവനൊടുക്കാന്‍ ശ്രമിച്ചത്. മറ്റ് ഗായകരുടെ ഗാനങ്ങള്‍ കേട്ടതില്‍ പ്രകോപിതരായി കുമാര്‍ സാനു ആരാധകര്‍ തന്നെ വധിക്കാന്‍ ഒരുങ്ങുന്നതായ മിഥ്യാഭ്രമം കാരണമാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഇദ്ദേഹത്തെ ചികിത്സിച്ച മനശാസ്ത്രവിദഗ്ധര്‍ അറിയിച്ചു.
പൊലീസും ഡോക്ടര്‍മാരും പറയുന്നത്
നാഗ്പൂരിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. വീട്ടിലേക്കുള്ള ട്രെയില്‍ യാത്രയ്ക്കിടെ മനോനില മോശമാവുകയായിരുന്നു. ആദ്യം ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ ശ്രമിച്ച യുവാവിനെ സഹയാത്രികര്‍ തടയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട് ജബല്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഇദ്ദേഹം ശുചിമുറിയില്‍ എത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊലീസ് എത്തിയാണ് ഇവിടെനിന്ന് ഇദ്ദേഹത്തെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെ രണ്ടാം നിലയില്‍ നിന്നും താഴേക്ക് ചാടാനും ഇയാള്‍ ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു.
പൊലീസിന്‍റെ ചോദ്യംചെയ്യലിലാണ് ഇയാള്‍ തന്‍റെ ഭയം വെളിപ്പെടുത്തിയത്. വര്‍ഷങ്ങളായി താന്‍ കുമാര്‍ സാനുവിന്‍റെ കടുത്ത ആരാധകനാണെന്നും അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ മറ്റ് ചില ഗായകരുടെ ഗാനങ്ങള്‍ താന്‍ കേള്‍ക്കാന്‍ ഇടയായെന്നും ഇയാള്‍ പറഞ്ഞു. കുമാര്‍ സാനുവിന്‍റെ മറ്റ് ആരാധകര്‍ ഇത് ഒരു ചതിവായി വിലയിരുത്തി തന്നെ കൊല്ലാന്‍ ശ്രമിക്കുമെന്നും ഇയാള്‍ ഭയന്നു. സൈക്കോസിസ് എന്ന അവസ്ഥയുടെ ഉദാഹരണമാണ് ഇതെന്ന് യുവാവിനെ ചികിത്സിക്കുന്ന സീനിയര്‍ സെക്യാട്രിസ്റ്റ് ഡോ. സത്യകാന്ത് ത്രിവേദി പറയുന്നു. തെളിവുകളോടെയല്ലാതെ ആളുകള്‍ തെറ്റായ കാര്യങ്ങള്‍ ശക്തമായി വിശ്വസിക്കുന്ന സാഹചര്യമാണ് ഇത്. ഭയം എന്നത് മിഥ്യാഭ്രമത്തിലേക്ക് കൂടി എത്തുന്നതോടെ സ്വയം ഹാനി വരുത്തുന്നതിലേക്ക് അത് ആളുകളെ എത്തിച്ചേക്കാം.
സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് കുമാര്‍ സാനു യുവാവിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെ ഫോണില്‍ ബന്ധപ്പെട്ടു. യുവാവിന് എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ അറിയിക്കണമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം തന്‍റെ ഫോണ്‍ നമ്പറും കൈമാറിയിട്ടുണ്ടെന്ന് ഡോ. സത്യകാന്ത് ത്രിവേദി മാധ്യമങ്ങളോട് പറഞ്ഞു. അമിതമായ ആരാധന മിഥ്യാഭ്രമത്തിലേക്ക് വഴി മാറിയാലുണ്ടാകാവുന്ന അപകടത്തിലേക്ക് വിരല്‍ ചൂണ്ടുന്ന സംഭവം എന്നാണ് ഇതിനെക്കുറിച്ചുള്ള ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)



