എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ എന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഒരിടവേളയ്‍ക്ക് ശേഷമാണ് സന്തോഷ് ശിവൻ രജനികാന്തുമായി ഒന്നിക്കുന്നത്. ദര്‍ബാറിന്റെ ലൊക്കേഷനിലെ രജനികാന്തിന്റെ ചിത്രം  ആരാധകര്‍ക്കായി പങ്കുവയ്‍ക്കുകയാണ് സന്തോഷ് ശിവൻ.

പേരക്കുട്ടിക്കൊപ്പമുള്ള രജനികാന്താണ് ചിത്രത്തില്‍ ഉള്ളത്. നിഷ്‍കളങ്കതയുടെ ഏറ്റവും വലിയ ഉദാഹരണം. പേരക്കുട്ടിക്കൊപ്പം മോണിറ്റര്‍ നോക്കുന്നു. ദര്‍ബാറിന്റെ ഷൂട്ടിംഗിന്റെ ഇടയില്‍ പകര്‍ത്തിയ ചിത്രം- സന്തോഷ് ശിവൻ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതിയിരിക്കുന്നു. 1992ല്‍ രജനികാന്ത് നായകായി പ്രദര്‍ശനത്തിന് എത്തിയ ദളപതിയുടെ ഛായാഗ്രാഹകൻ സന്തോഷ് ശിവനായിരുന്നു. അതേസമയം ഒരു പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് ദര്‍ബാറില്‍ അഭിനയിക്കുന്നത്. ദര്‍ബാറില്‍ ഒരു എൻകൌണ്ടര്‍ സ്പെഷലിസ്റ്റായിരിക്കും അഭിനയിക്കുക. നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍.  വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.  കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന.  അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീത സംവിധായകൻ. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.