"സിനിമയില്‍ പരിചിതത്വത്തിനുവേണ്ടിയാവും നമ്മുടെ മനസുകള്‍ എപ്പോഴും കൊതിക്കുക, പക്ഷേ"

ഇന്ത്യന്‍ സിനിമാലോകത്ത് മികച്ച ഛായാഗ്രാഹകരെന്ന് പേരെടുന്ന നിരവധി മലയാളികളുണ്ട്. അക്കൂട്ടത്തില്‍ പെട്ടയാളാണ് സന്തോഷ് തുണ്ടിയില്‍. മലയാളചിത്രം പ്രണയവര്‍ണ്ണങ്ങളിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറിയ അദ്ദേഹം കുഛ് കുഛ് ഹോത്താ ഹെ, കൃഷ്, റൗഡി റാത്തോഡ് അടക്കമുള്ള നിരവധി ശ്രദ്ധേയ ബോളിവുഡ് ചിത്രങ്ങളുടെയും ഛായാഗ്രാഹകനാണ്. മലയാളത്തില്‍ ദേവദൂതന്‍ അടക്കമുള്ള ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചതും അദ്ദേഹമാണ്. ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ കാഴ്ചാനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം. ചിത്രം തന്നില്‍ സൃഷ്ടിച്ച അനുഭവം സോഷ്യല്‍ മീഡിയയിലൂടെയാണ് സന്തോഷ് തുണ്ടിയില്‍ പങ്കുവച്ചിരിക്കുന്നത്.

"മലൈക്കോട്ടൈ വാലിബന്‍ ഒരു ഗംഭീര സിനിമയാണ്. ദൃശ്യങ്ങളുടെയും നാടകത്തിന്‍റെയും കവിതയുടെയുമൊക്കെ ഒരു മേളനം. കുറൊസാവയുടെയും റഷ്യന്‍, കിഴക്കന്‍ യൂറോപ്യന്‍ സിനിമകളുടെയും ഷോലെയുടെയുമൊക്കെ മാറ്റൊലി ഈ സിനിമയില്‍ യാദൃശ്ചികമായി വന്നതല്ല. മലയാളസിനിമയെ സ്നേഹിക്കുന്നവര്‍ എന്ന നിലയില്‍, നമ്മുടെ പരിചിത അനുഭവങ്ങളില്‍ നിന്നുള്ള അതിന്‍റെ വിടുതലും സാര്‍വലൗകികതയെ പുണരലും നമ്മള്‍ മനസിലാക്കണം. വിമര്‍ശനങ്ങള്‍ക്ക് പകരം, അതിരുകളെ മറികടക്കാന്‍ ധൈര്യം കാട്ടുന്ന സംവിധായകരെയും നിര്‍മ്മാതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയും അഭിനേതാക്കളെയും നാം പ്രോത്സാഹിപ്പിക്കണം", സന്തോഷ് തുണ്ടിയില്‍ കുറിക്കുന്നു.

"ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രങ്ങള്‍ പ്രേക്ഷകരെ സ്ഥിരമായി കൂട്ടിക്കൊണ്ടുപോകുന്നത് അതിന്‍റേത് മാത്രമായ ഒരു സവിശേഷ ലോകത്തേക്കാണ്. മോഹന്‍ലാലിന്‍റെ പ്രകടനം കുറൊസാവ ചിത്രങ്ങളിലെ നടനായ തോഷിറോ മിഫ്യൂണിനെ അനുസ്മരിപ്പിക്കുന്നു. ചിത്രത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നു അത്. ആക്ഷന്‍ രംഗങ്ങളില്‍ അദ്ദേഹം കാട്ടിയിരിക്കുന്ന അനായാസത സിനിമയില്‍ അപൂര്‍വ്വമാണ്. സിനിമാറ്റോഗ്രഫിയിലും പ്രൊഡക്ഷന്‍ ഡിസൈനിലും വസ്ത്രാലങ്കാരത്തിലും സംഗീതത്തിലും വലിയ മികവാണ് ചിത്രത്തിന്. 
സിനിമയില്‍ പരിചിതത്വത്തിനുവേണ്ടിയാവും നമ്മുടെ മനസുകള്‍ എപ്പോഴും കൊതിക്കുക, പക്ഷേ സിനിമ നല്‍കുന്ന യഥാര്‍ഥ സന്തോഷം നമ്മുടെ കംഫര്‍ട്ട് സോണുകള്‍ക്ക് പുറത്താണ്. ലോകവേദിയില്‍ മലയാള സിനിമയുടെ ഗ്രാഫ് ഉയര്‍ത്തുന്ന സമാനതകളില്ലാത്ത ഒരു ചലച്ചിത്ര യാത്രയ്ക്കായി ഒരുങ്ങുക", വാലിബനെക്കുറിച്ച് സന്തോഷ് തുണ്ടിയിലിന്‍റെ വാക്കുകള്‍

ALSO READ : 'സാന്ത്വന'ത്തിന് പകരം ഒന്നല്ല, രണ്ട് പരമ്പരകള്‍; ലോഞ്ച് ഇവെന്‍റ് ഇന്ന് ഏഷ്യാനെറ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം