സിനിമ കാണാനെത്തിയ കാണികളും തർക്കത്തിൽ ഇടപെട്ടതോടെ തീയറ്റര്‍ അധികൃതര്‍ രം​ഗത്തെത്തി. അടുത്ത ഷോയ്ക്ക് കാണാനുള്ള  സൗകര്യം ഒരുക്കാമെന്ന് ഉറപ്പ് നൽകി.

നെടുങ്കണ്ടം: സിനിമാ തിയറ്ററിൽ സീറ്റിനെ തര്‍ക്കത്തെ തുടര്‍ന്ന് യൂവാക്കള്‍ തമ്മില്‍ സംഘര്‍ഷം. പരിക്കേറ്റ പാറത്തോട് സ്വദേശി പറപ്പള്ളില്‍ സുമേഷ് (31)ന്റെ പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം കുളത്തുരാത്ത് അമല്‍, മഞ്ഞപ്പാറ പ്ലാത്തോട്ടത്തില്‍ ബിബിന്‍, നെടുങ്കണ്ടം കുളമ്പേല്‍ സച്ചിന്‍ എന്നിവരെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റുചെയ്തു. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 

ഏപ്രില്‍ 17ന് ഈസ്റ്റര്‍ ദിനത്തില്‍ നെടുങ്കണ്ടം ജീ സിനിമാക്‌സിലെ ആറ് മണിയ്ക്കുള്ള കെജിഎഫ് എന്ന ചിത്രം കാണുന്നതിനായി എത്തിയതായിരുന്നു അമല്‍ അടങ്ങുന്ന സംഘം. തീയറ്ററിയില്‍ നിന്ന് ടിക്കറ്റ് വാങ്ങി അകത്ത് കയറിയപ്പോഴാണ് ഇവര്‍ ബുക്ക് ചെയ്ത സീറ്റില്‍ മറ്റ് ആളുകള്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സീറ്റിനെ ചൊല്ലി പരസ്പരം വാക്കേറ്റമുണ്ടായി. ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തവരാണ് സീറ്റുകളില്‍ ഇരുന്നത്. എന്നാല്‍ ഇതില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ചെയ്ത ടിക്കറ്റ് ഇവരില്‍ ഒരാള്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ക്യാന്‍സല്‍ ചെയ്തതിനാല്‍ അതേ സീറ്റില്‍ ടിക്കറ്റ് നല്‍കുകയും ചെയ്തതായി തീയറ്റര്‍ അധികൃതര്‍ പറയുന്നു. 

സിനിമ കാണാനെത്തിയ കാണികളും തർക്കത്തിൽ ഇടപെട്ടതോടെ തീയറ്റര്‍ അധികൃതര്‍ രം​ഗത്തെത്തി. അടുത്ത ഷോയ്ക്ക് കാണാനുള്ള സൗകര്യം ഒരുക്കാമെന്ന് ഉറപ്പ് നൽകി. ടിക്കറ്റ് തുക തിരികെ നല്‍കുകയും ചെയ്തു. എന്നാൽ, സിനിമ അവസാനിച്ച് പുറത്ത് വന്ന സുമേഷ്, ആല്‍ബിന്‍ എന്നിവരെ അമലും സംഘവും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സുമേഷിന്റെ പരാതിയില്‍ നെടുങ്കണ്ടം സിഐ ബി.എസ് ബിനു, എസ് ഐ റസാഖ്, എഎസ്‌ഐ ബിനു, സിപിഒ ഷാനു എന്‍ വാഹിത് എന്നിവര്‍ ചേര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.