പൂജപ്പുര രവിയുടെ വിയോഗം കലാ-സാംസ്‌കാരിക രംഗത്തിന് പൊതുവില്‍ കനത്ത നഷ്ടമാണ്. കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: പ്രശസ്ത നടന്‍ പൂജപ്പുര രവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നാടകാസ്വാദകരുടെ മനസ് കീഴടക്കിയാണ് പൂജപ്പുര രവി കലാരംഗത്ത് കടന്നുവന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം ആരാധകരുള്ള അദ്ദേഹം പില്‍ക്കാലത്ത് സിനിമയിലൂടെ വിശേഷിച്ച് ഹാസ്യ കഥാപാത്രങ്ങളുടെ ആവിഷ്‌കാരത്തിലൂടെ ജനമനസ്സുകളില്‍ പതിഞ്ഞു നിന്നു. ഭാവപ്രധാനമായ അഭിനയ ശൈലിയുടെ ഉടമയായിരുന്നു പൂജപ്പുര രവി. പൂജപ്പുര രവിയുടെ വിയോഗം കലാ-സാംസ്‌കാരിക രംഗത്തിന് പൊതുവില്‍ കനത്ത നഷ്ടമാണ്. കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

മറയൂരില്‍ മകളുടെ വീട്ടില്‍ വച്ചാണ് പൂജപ്പുര രവി (എം രവീന്ദ്രന്‍ നായര്‍) അന്തരിച്ചത്. 86 വയസ് ആയിരുന്നു. ചെങ്കള്ളൂര്‍ പൂജപ്പുര സ്വദേശിയാണ്. മകന്‍ വിദേശത്തേയ്ക്ക് പോയതിനെ തുടര്‍ന്ന് 2022 ഡിസംബറിലാണ് അദ്ദേഹം മറയൂരിലേയ്ക്ക് താമസം മാറ്റിയത്.

നാടകങ്ങളിലൂടെയാണ് പൂജപ്പുര രവി അഭിനയജീവിതം ആരംഭിച്ചത്. നാടകവേദികളില്‍ രവി എന്ന പേരില്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നതിനാല്‍ സ്ഥലപ്പേര് പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു. കലാനിലയം ഡ്രാമാവിഷന്‍ എന്നപ്രശസ്ത നാടക ട്രൂപ്പിന്റെ ഭാഗമായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1970 കളുടെ പകുതിയോടെയാണ് രവി സിനിമയിലേക്ക് എത്തുന്നത്. ഹരിഹരന്റെ സംവിധാനത്തില്‍ എത്തിയ അമ്മിണി അമ്മാവനിലൂടെയാണ് സിനിമയിലെ തുടക്കം. തുടക്കക്കാലത്ത് അദ്ദേഹം വളരെ ചെറിയ റോളുകളാണ് ചെയ്തിരുന്നത്. പക്ഷേ ഏത് റോളും ചെയ്യാന്‍ കഴിയുന്ന ഫ്‌ലെക്‌സിബിള്‍ ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റ് എന്ന പേര് വൈകാതെ കിട്ടി. മികച്ച ടൈമിംഗ് കൊണ്ട് കോമഡി റോളുകളില്‍ നന്നായി തിളങ്ങിയിരുന്നു പൂജപ്പുര രവി. മുത്താരംകുന്ന് പിഒ, ഓടരുതമ്മാവാ ആളറിയാം, പൂരം തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 600ല്‍ അധികം സിനിമകളില്‍ പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ട്. 1990 കളോടുകൂടി അദ്ദേഹം സീരിയലുകളിലും അഭിനയിക്കാന്‍ തുടങ്ങി. 2016ല്‍ പുറത്തിറങ്ങിയ ഗപ്പിയാണ് അഭിനയിച്ച അവസാന ചിത്രം.

'ലാല്‍ സാറിന്‍റെ കൂടെ സിനിമയില്‍ അഭിനയിക്കണം'; വിഷ്‍ണു പറഞ്ഞ ആഗ്രഹത്തിന് മോഹന്‍ലാലിന്‍റെ മറുപടി

YouTube video player