വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം
കദരം കൊണ്ടാനു ശേഷം തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്ന വിക്രം (Vikram) ചിത്രമാണ് കോബ്ര (Cobra Movie). ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ആര്‍ അജയ് ജ്ഞാനമുത്തു ആണ്. ഓഗസ്റ്റ് 11 ന് തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പോസ്റ്റ് പ്രൊഡക്ഷന്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്ന ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി സെന്‍സറിംഗ് പൂര്‍ത്തിയായതിനു ശേഷം മാത്രമാവും പ്രഖ്യാപിക്കുക. എന്നിരിക്കിലും ഓഗസ്റ്റ് 31ന് ആവും ചിത്രം എത്തുകയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തിട്ടുണ്ട്.
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണെങ്കിലും പാട്ടുകള്‍ക്ക് പ്രാധാന്യമുണ്ട്. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീതം പകരുന്നതെന്ന പ്രത്യേകതയുമുണ്ട്. മഹാന് ശേഷമെത്തുന്ന വിക്രം ചിത്രമാണിത്. എന്നാല്‍ മഹാന്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസ് ആയിരുന്നു. കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ കദരം കൊണ്ടാന്‍ ആണ് അവസാനം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് കോബ്ര. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ പുറത്തെത്തിയ ടീസറും ആരാധകപ്രീതി നേടിയിരുന്നു. ഇമൈക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജ്ഞാനമുത്തു.
ALSO READ : കേരളത്തിലെ വിജയം, 'പാപ്പന്‍റെ' റെസ്റ്റ് ഓഫ് ഇന്ത്യ അവകാശത്തിന് വന്‍ തുക?
കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. 7 സ്ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍. ചീഫ് കോ ഡയറക്ടര്‍ മുഗേഷ് ശര്‍മ്മ.
