ചിമ്പുവിന്റെ മാനാട് എന്ന ചിത്രത്തിന്റെ ടീസറിന് ടെനെറ്റുമായി സാമ്യമെന്ന ചര്‍ച്ചയില്‍ സംവിധായകന്റെ പ്രതികരണം.

ചിമ്പു നായകനാകുന്ന പുതിയ സിനിമയാണ് മാനാട്. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ടീസര്‍ കണ്ട ചിലര്‍ സിനിമയെ ക്രിസ്റ്റഫര്‍ നോളന്റെ ടെനെറ്റുമായി താരതമ്യം ചെയ്‍തിരുന്നു. ഇക്കാര്യത്തില്‍ മറുപടിയുമായി സംവിധായകൻ വെങ്കട് പ്രഭു തന്നെ രംഗത്ത് എത്തി. തനിക്ക് ടെനെറ്റിന്റെ കഥ മനസിലായില്ലെന്നാണ് വെങ്കട് പ്രഭു തമാശരൂപേണ പറഞ്ഞത്.

ടെനെറ്റുമായി മാനാട് ടീസറിനെ താരതമ്യം ചെയ്യുന്നതില്‍ ഞാൻ അഭിമാനിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഇതിന് ടെനെറ്റുമായി ബന്ധമില്ല. സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് ടെനെറ്റിന്റെ കഥ പോലും മനസിലായില്ല. ട്രെയിലര്‍ വരുന്നതു വരെ കാത്തിരിക്കൂ. എന്നിട്ട് ഞങ്ങളുടെ സിനിമയെ മറ്റേതെങ്കിലും സിനിമയുമായി താരതമ്യം ചെയ്യൂവെന്നാണ് വെങ്കട് പ്രഭു പറഞ്ഞത്. എന്തായാലും സംവിധായകന്റെ വാക്കുകളും എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.

പ്രവീണ്‍ കെ എല്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

കല്യാണി പ്രിയദര്‍ശൻ ആണ് ചിത്രത്തില്‍ നായിക. എസ് എ ചന്ദ്രശേഖര്‍, പ്രേംജി അമരൻ, രവികാന്ത് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. ചിമ്പുവടക്കമുള്ള താരങ്ങള്‍ ആണ് ടീസര്‍ പുറത്തുവിട്ടത്. വെങ്കട് പ്രഭു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.