മുംബൈ: ലഹരിക്കടത്ത് കേസിൽ ഷൗവിക് ചക്രബർത്തി അറസ്റ്റിലായതിന് പിന്നാലെ മൌനം വെടിഞ്ഞ് റിയ ചക്രബര്‍ത്തിയുടെ പിതാവ്. ഒരു ഇടത്തരം കുടുംബം തകര്‍ത്തതിന് ഇന്ത്യയോട് നന്ദിയുണ്ടെന്നായിരുന്നു സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് സംശയത്തിന്‍റെ നിഴലിലായിട്ടുള്ള റിയ ചക്രബര്‍ത്തിയുടെ പിതാവ് റിട്ടയേര്‍ഡ് ലെഫ്. കേണല്‍ ഇന്ദ്രജിത് ചക്രബര്‍ത്തിയുടെ പ്രതികരണം. നേരത്തെ കേസുമായി ബന്ധപ്പെട്ട് സിബിഐ ഇന്ദ്രജിത് ചക്രബര്‍ത്തിയേയും ചോദ്യം ചെയ്തിരുന്നു. 

'അഭിനന്ദനങ്ങള്‍ ഇന്ത്യ. നിങ്ങള്‍ എന്‍റെ മകനെ അറസ്റ്റ് ചെയ്യിപ്പിച്ചു. അടുത്തത് എന്‍റെ മകളാവും. ഒരു ഇടത്തരം കുടുംബത്തെ വളരെപെട്ടന്നാണ് നിങ്ങള്‍ തകര്‍ത്തുകളഞ്ഞത്. നീതി ലഭിക്കണം എന്ന പേരില്‍ എല്ലാം ന്യായീകരിക്കാം, ജയ് ഹിന്ദ്' എന്നാണ് ഇന്ദ്രജിത് ചക്രബര്‍ത്തി മകന്‍റെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ചതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നടൻ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കടത്ത് കേസിൽ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ഷൗവിക് ചക്രബർത്തിയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 9 വരെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലാണ്  ഷൗവിക് ചക്രബര്‍ത്തിയും സുശാന്തിന്‍റെ മുൻ മാനേജർ സാമുവൽ മിറാൻഡയുമുള്ളത്. പത്തു മണിക്കൂറിലേറെ നേരം ചോദ്യം ചെയ്ത ശേഷമാണ് ഷൗവിക് ചക്രബര്‍ത്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.  

ഇരുവരുടെയും മുംബൈയിലെ വീടുകളിൽ നടത്തിയ റെയ്‍ഡിന് ശേഷമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ബാന്ദ്രയിൽ നിന്ന് അറസ്റ്റിലായ ലഹരി കടത്തുകാരൻ സൈദ് വിലാത്ര, സാമുവൽ മിറാൻഡയ്ക്കും ഷൗവിക്കിനും ലഹരിമരുന്ന് നൽകിയതായി മൊഴി നൽകിയിരുന്നു. സുശാന്തും റിയയും ഷൗവിക്കും അടങ്ങുന്ന സംഘം സ്ഥിരമായി കഞ്ചാവും ലഹരി വസ്‍തുക്കളും ഉപയോഗിച്ചിരുന്നതായി സുശാന്തിന്‍റെ മുൻ മാനേജർ ശ്രുതി മോദിയും മൊഴി നൽകിയിട്ടുണ്ട്.