Asianet News MalayalamAsianet News Malayalam

'പെരിയാറിനെക്കുറിച്ച് വാസ്തവ വിരുദ്ധ പ്രചാരണം നടത്തുന്നു'; രജനികാന്തിനെതിരെ കോൺഗ്രസ്

പെരിയാറിനെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്ന രജനികാന്ത്, പൗരത്വനിയമ ഭേദഗതിയിൽ സംസാരിക്കാത്തത് എന്തുകൊണ്ടെന്ന് കാർത്തി ചിദംബരവും ചോദിച്ചു. 

 

congress against rajinikanth
Author
Chennai, First Published Jan 22, 2020, 3:16 PM IST

ചെന്നൈ: സാമൂഹിക പരിഷ്ക്കര്‍ത്താവ് പെരിയാറിനെക്കുറിച്ച് വാസ്തവ വിരുദ്ധ പ്രചാരണമാണ് രജനികാന്ത് നടത്തുന്നതെന്ന് കോൺഗ്രസ് തമിഴ്നാട് അധ്യക്ഷൻ കെഎസ് അഴഗിരി. രജനികാന്തിനെ ബിജെപി  പിന്തുണച്ചതിന് പിന്നാലെയാണ് പരസ്യവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയത്. പെരിയാറിനെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്ന രജനികാന്ത്, പൗരത്വനിയമ ഭേദഗതിയിൽ സംസാരിക്കാത്തത് എന്തുകൊണ്ടെന്ന് കാർത്തി ചിദംബരവും ചോദിച്ചു. 

സാമൂഹിക പരിഷ്കർത്താവ് പെരിയാറിനെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ രജനികാന്തിനെതിരെ തമിഴ്‌നാട്ടിലുടനീളം പ്രതിഷേധം ശക്തമാകുകയാണ്. വിവിധ തമിഴ് സംഘടനകൾ രജനികാന്തിന്റെ കോലം കത്തിച്ചു. എന്നാൽ മാപ്പ് പറയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. താരത്തിന്റെ പ്രസ്താവന തമിഴകത്ത് രാഷ്ട്രീയ പോരിന് വഴി തുറന്നിരിക്കുകയാണ്. 

അന്ധവിശ്വാസങ്ങൾക്കെതിരെ 1971 ൽ പെരിയാർ നടത്തിയ റാലിയിൽ ശ്രീരാമന്റെയും സീതയുടേയും നഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ചെന്നും ചെരുപ്പുമാല അണിയിച്ചെന്നുമാണ് താരം പറഞ്ഞത്. ഈ വാർത്ത അന്ന് നൽകാൻ തുഗ്ലക്ക് പ്രസാധകർ മാത്രമേ ധൈര്യം കാണിച്ചുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രസംഗം. തെറ്റായ പരാമർശം എന്നും രജനീകാന്ത് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് പിന്നാലെ വിവിധ തമിഴ് സംഘടനകൾ തെരുവിലിറങ്ങി.

മധുരയിൽ രജനികാന്തിന്റെ കോലം കത്തിച്ചു. രജനികാന്തിന്റെ പ്രസ്താവനയിൽ അതൃപ്തി വ്യക്തമാക്കി അണ്ണാ ഡിഎംകെയും ഡിഎംകെയും രംഗത്തെത്തി. പിന്നാലെയാണ് കോണ്‍ഗ്രസും രജനിയെത്തള്ളി രംഗത്തെത്തിയത്. സംഭവം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചതോടെ വിശദീകരണവുമായി താരം മാധ്യമങ്ങളെ കണ്ടു. മാപ്പുപറയില്ലെന്നും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നതായും രജനികാന്ത് പ്രതികരിച്ചു.1971ലെ പത്രവാർത്തകൾ ഉയർത്തി കാട്ടിയായിരുന്നു മറുപടി

Follow Us:
Download App:
  • android
  • ios