ചലച്ചിത്ര മേളയിലെ 'ആദി സ്നേഹത്തിന്റെ വിരുന്ന് മേശ' എന്ന ചിത്രത്തിന്‍റെ സംവിധായിക മിനി ഐ ജിയുമായി അഭിമുഖം.
നാടക രംഗത്തു നിന്നും 'ഡിവോഴ്സ്' എന്ന സിനിമയിലൂടെ സംവിധാനത്തിലേക്ക് എത്തിയ ആളാണ് മിനി ഐ ജി. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിനു ശേഷം ലാൽ ജോസ്, പി. ബാലചന്ദ്രൻ എന്നിവരുടെ അസിസ്റ്റന്റായി പ്രവർത്തിച്ച ശക്തമായ പ്രവർത്തി പരിചയവുമുണ്ട് മിനിക്ക്. ആ ഖ്യാതിയോടെയാണ് ഐഎഫ്എഫ്കെയിലും തന്റെ സിനിമയുമായി അവർ എത്തിയിരിക്കുന്നത്. 'ആദി സ്നേഹത്തിന്റെ വിരുന്ന് മേശ' എന്നാണ് പടത്തിന്റെ പേര്. മൂത്തോൻ, ഫ്രീഡം ഫൈറ്റ് തുടങ്ങി നിരവധി സിനിമകളിലൂടെ അഭിനയരംഗത്തും തിളങ്ങിയ മിനി തന്റെ ഐഎഫ്എഫ്കെ യാത്രയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.
‘അപ്പുറ’ത്തിൽ നടി, ഇപ്പോൾ സംവിധായിക
സംവിധായിക എന്ന നിലയിൽ ഐഎഫ്എഫ്കെയിൽ എത്തുന്ന എന്റെ ആദ്യ സിനിമയാണ് 'ആദി സ്നേഹത്തിന്റെ വിരുന്ന് മേശ'. മുൻപ് അപ്പുറം എന്ന സിനിമയിലൂടെ നടിയായി ഞാൻ മേളയിൽ എത്തിയിരുന്നു. ഞാൻ സംവിധാനം ചെയ്ത ചിത്രം മേളയിൽ സെലക്ട് ചെയ്തുവെന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. കാരണം ഐഎഫ്എഫ്കെയിൽ കൂടിയാണ് നമ്മൾ ലോക സിനിമകൾ കാണാനും സിനിമകളുടെ ഒരു ഹിസ്റ്ററി മനസ്സിലാക്കാനും തുടങ്ങുന്നത്. നമ്മൾ ഭയങ്കര ആരാധനയോടെ കണ്ടിരുന്ന കുറെ ആൾക്കാര്, സിനിമകൾ, ചരിത്രം അങ്ങനെ കുറേ കാര്യങ്ങൾ. ആ വേദിയിൽ നമ്മുടെ ഒരു വർക്ക് കാണിക്കുക എന്നത് ഭയങ്കര അഭിമാനമാണ്.

എന്താണ് ആദി സ്നേഹത്തിന്റെ വിരുന്ന് മേശ
ഈ കാലത്ത് സ്നേഹത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമൊക്കെ മാറി വരുന്ന ഒരു കോൺസെപ്റ്റുണ്ട്. അതാണ് സിനിമ. സ്നേഹം എങ്ങനെ നിലനിൽക്കുന്നു, അതിന്റെ റോ നേച്ചറിൽ എങ്ങനെ നമുക്ക് അക്സെപ്റ്റ് ചെയ്യാൻ പറ്റുന്നു, അതിനെ ഒരു പ്രൈമൽ രീതിയിൽ കാണാൻ പറ്റുമോ, അതെങ്ങനെ ഉൾക്കൊള്ളാൻ പറ്റും തുടങ്ങിയ ചോദ്യങ്ങളുടെ അന്വേഷണമാണിത്. ഒരു ചോദ്യമോ ഉത്തരമോ ഒന്നും സിനിമ അവശേഷിപ്പിക്കുന്നില്ല. പലപ്പോഴും പല ആളുകൾക്കും പല ബന്ധങ്ങളായിരിക്കും. പല ബന്ധങ്ങളിൽ ആളുകൾക്ക് വിശ്വസ്തതയോടെ നിൽക്കാൻ പറ്റുമോ എന്നൊക്കെയുള്ളൊരു അന്വേഷണം കൂടിയാണിത്.
സ്വന്തമായി തന്നെ നിർമ്മാണം
ലോ ബജറ്റ് സിനിമയാണിത്. നിർമ്മാണം ഞാൻ തന്നെയാണ്. വളരെ ലിമിറ്റഡ് ആയിട്ടുള്ള ലൊക്കേഷനിൽ, കുറച്ച് സമയം കൊണ്ട് ചെയ്ത, 40 മണിക്കൂർ സിനിമയെന്ന് പറയാം. ഇത്രയും മണിക്കൂർ കൊണ്ടാണ് സിനിമ ഷൂട്ട് ചെയ്യുന്നത്. ഇത് പ്രാവർത്തിമാക്കാൻ പറ്റുമോന്ന സംശയം പലർക്കും ഉണ്ടായിരുന്നെങ്കിലും എല്ലാവരും എനിക്കൊപ്പം നിന്നു. ഒരു പരീക്ഷണത്തിന് എനിക്കൊപ്പം നിന്നുവെന്ന് വേണം പറയാൻ.
നമുക്ക് വളരെ ലിമിറ്റഡ് ബജറ്റ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഒരു ദിവസത്തെ ഷൂട്ടായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പക്ഷേ അതിന് സാധിച്ചില്ല. വൺ ഡേയും കൂടി അഡീഷണൽ ആയിട്ട് എടുത്ത് ചെയ്തു. അധിക ചെലവും വന്നു. കഴിയുന്ന രീതിയിൽ എല്ലാവർക്കും പ്രതിഫലം കൊടുക്കാൻ ഞാൻ നോക്കിയിട്ടുണ്ട്. ചിലർ പ്രതിഫലം വാങ്ങിയില്ല. എല്ലാവരും ഒന്നിച്ച് നിന്നതുകൊണ്ടാണ് എനിക്കിത് പുറത്തുകൊണ്ടുവരാൻ പറ്റിയത്. രണ്ട് ദിവസം കൊണ്ടാണ് സിനിമ ഷൂട്ട് ചെയ്തത്. 73 മിനിറ്റാണ് ദൈർഘ്യം.
അഭിനേതാക്കളും ലൊക്കേഷനും
പുതുമുഖങ്ങൾ എന്ന് പറയാൻ കുറച്ചു പേരെ ഉള്ളൂ. ബാക്കിയെല്ലാം രണ്ടോ മൂന്നോ സിനിമകളിലൊക്കെ അഭിനയിച്ച ആൾക്കാരാണ്. അഖില(റോന്ത്), സരിത കുക്കു, പ്രദീപ് ജോസഫ്,ഷൈനി സാറ, എന്നിവരാണ് അഭിനേതാക്കൾ. പിന്നെ ഒരു ബംഗാളി ആക്ടറുണ്ട്. എറണാകുളത്തെ വീട്ടിൽ വച്ചായിരുന്നു ഷൂട്ടിംഗ്. സിംഗിൾ ലൊക്കേഷനാണ്.

25 വർഷത്തെ നാടക ജീവിതം, ശേഷം സിനിമയിലേക്ക്..
തൃശ്ശൂരിലെ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ച ആളാണ് ഞാൻ. അതിനുമുമ്പ് തിരുവനന്തപുരത്ത് ശ്രീനാഥ്, സജിത മഠത്തിൽ, പിന്നെ അലൻസിയർ തുടങ്ങിയവരെല്ലാം ചേർന്നൊരു തിയേറ്റർ അക്ടിവിറ്റി ഉണ്ടായിരുന്നു. ബിഎക്ക് ഞാൻ എക്കണോമിക്സ് ആണ് പഠിച്ചത്. പക്ഷേ ആർട്സുമായി ബന്ധപ്പെട്ട് എന്തെങ്കിലും പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. കഥയും കവിതയുമൊക്കെ ആ സമയത്ത് എഴുതും. എങ്കിലും എന്റെ ആർട്ട് ഫോം വേറെന്തോ ആണെന്ന ചിന്തയുണ്ടായിരുന്നു. ആ ഇടെയാണ് ഞാൻ ഒരു വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നത്. അതിന് ശേഷമാണ് സ്കൂൾ ഓഫ് ഡ്രാമ ഉണ്ടെന്ന് ഞാൻ അറിയുന്നത്. അങ്ങനെ അവിടെ പോകുന്നു. കൂടുതൽ പഠിക്കാനായി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലേക്കും പോയി. ഞാൻ ആക്ടിംഗ് ചെയ്യും എന്നാണ് എല്ലാവരും വിചാരിച്ചത്. പക്ഷേ ടെക്നിക്കൽ വശമാണ് എനിക്ക് ഇഷ്ടം. രചനയും സംവിധാനവുമൊക്കെ പഠിക്കണമെന്ന് കരുതിയാണ് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ എത്തുന്നത്.
രണ്ട് മൂന്ന് വർഷത്തെ ഗ്യാപ്പ് ഒഴിച്ചാൽ നാടകങ്ങളിൽ ഞാൻ സജീവമായിരുന്നു. ഫിക്ഷണൽ മാത്രമല്ല സമൂഹത്തെ ബാധിക്കുന്ന പല കാര്യങ്ങളുമായിട്ട് കണക്ട് ചെയ്തിട്ട് ഞാൻ നാടകങ്ങൾ എഴുതി, സംവിധാനം ചെയ്തു, അഭിനയിച്ചു. പല ഫെസ്റ്റിവലുകളിലും ഇന്റർനാഷണൽ ഫെസ്റ്റിവലുകളിലും ഞങ്ങളത് അവതരിപ്പിച്ചു. പിന്നെയാണ് ലാൽ ജോസ് സാറിന്റെ അസിസ്റ്റന്റ് ആകുന്നത്. സിനിമ അപ്പോഴും ഇഷ്ടമുള്ള ഒരു കാര്യമായിരുന്നു. പക്ഷേ പലകാരണങ്ങൾ കൊണ്ട് വീണ്ടും നാടകം ചെയ്യാൻ പോയി. സർക്കാരിന്റെ ഒരു പദ്ധതി പ്രകാരമാണ് ആദ്യമായി ഡിവോഴ്സ് എന്ന സിനിമ സംവിധാനം ചെയ്യുന്നത്. 2023ൽ അത് റിലീസായി. ശേഷമാണ് ആദി സ്നേഹത്തിന്റെ വിരുന്ന് മേശയിലേക്ക് വരുന്നത്.

നാടക രംഗത്തിപ്പോൾ 25-ാം വർഷമാണ്. സിനിമയ്ക്ക് ശേഷം അതിലൊരു ബ്രേക്ക് വന്നിട്ടുണ്ട്. നിലവിൽ ഞാൻ രണ്ട് സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പുറകയാണ് ഇപ്പോൾ. സമയവും കിട്ടുന്നില്ല. ഒരു ഇടവേള കിട്ടുമ്പോൾ നാടകങ്ങൾ ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ട്.
ഇഷ്ടം കൂടുതൽ ടെക്നിക്കൽ ഏരിയയോട്
ഞാൻ അഭിനയിച്ചതിൽ മൂൺ വാക്ക് എന്ന ചിത്രമാണ് അവസാനം പുറത്തിറങ്ങിയത്. ആക്ടിങ്ങും ഡയറക്ഷനും എനിക്ക് ഒരുപോലെ ഇഷ്ടമാണ്. കൂടുതലും ടെക്നിക്കൽ ഏരിയാണ് ഇഷ്ടം. ഒരവസരം കിട്ടിയാൽ ടെക്നിക്കൽ വശം മുഴുവനും പഠിക്കണം എന്നുണ്ട്.
പ്രൊഡക്ഷൻ ഹൗസസ് വന്നാൽ എന്റെ എത്ര സിനിമ വേണമെങ്കിലും നിങ്ങൾക്ക് പ്രതീക്ഷിക്കാം. കാരണം കയ്യിൽ ഓൾറെഡി ഒരു അഞ്ച് സ്ക്രിപ്റ്റ് ഉണ്ട്. സമയം പോകുന്നതനുസരിച്ച് ഇനി സ്ക്രിപ്റ്റ് ഉണ്ടാകുമോ ഇല്ലയോ എന്നൊന്നും അറിയില്ല. ഇവിടെ റിയാലിറ്റി എന്ന് പറയുന്നത് പൈസയാണ്. പണ്ടത്തെ പോലെയല്ല, എല്ലാവരും എന്ത് ലാഭം ഉണ്ടാകുമെന്നാണ് ഇപ്പോൾ നോക്കുന്നത്. വളരെ കുറച്ച് പ്രൊഡക്ഷൻ ഹൗസുകൾ മാത്രമേ നല്ല സിനിമകളെ സപ്പോർട്ട് ചെയ്യുന്നുള്ളു. അതും വളരെ ചുരുങ്ങിയ ആളുകളിൽ മാത്രം കേന്ദ്രീകരിച്ച് നിൽക്കുന്നു.
സ്ത്രീകൾ സംവിധായകരാകുമ്പോൾ..
സെക്കൻഡ് സെക്സ് എന്ന് പറയുന്ന വേര്‍തിരിവ് നമ്മുടെ ഇന്റസ്ട്രിയിൽ ഉണ്ട്. പോപ്പുലർ ആയിട്ടുള്ള സിനിമകൾ ചെയ്യുന്ന സ്ത്രീകൾ ഇവിടെ വളരെ കുറവാണ്. അതിനർത്ഥം അവർക്ക് പറ്റില്ല എന്നല്ല. അവർക്ക് അവസരങ്ങൾ കിട്ടുന്നില്ലെന്നതാണ്. അതാണ് യാഥാർത്ഥ്യം. എനിക്ക് അറിയുന്ന ഒരുപാട് ആൾക്കാരുണ്ട്. അവരുടെ കോൺസെപ്റ്റ് ആയാലും ക്രാഫ്റ്റ് ആയാലും ഒക്കെ വളരെ നല്ലതാണ്. പക്ഷേ അവസരമില്ല.
ഒരു സ്കൂളിൽ പോകുമ്പോഴോ അല്ലെങ്കിൽ ഒരു ഓഫീസിൽ പോകുമ്പോഴോ അല്ലെങ്കിൽ ഈവൻ ഐടി സെക്ടറിൽ പോകുമ്പോഴോ നമ്മൾ എംബാരസ്ഡ് ആവുന്നില്ല. കാരണം അവിടെ ഓൾമോസ്റ്റ് ഒരു ഈക്വൽ അല്ലെങ്കിലും ഒരു ഹ്യൂജ് എമൗണ്ട് ഓഫ് ആൾക്കാർ ഉണ്ട്. സിനിമയിൽ അതില്ല. പിന്നൊരു കാര്യം നമുക്ക്ഫാമിലി സപ്പോർട്ട് വേണം, സൊസൈറ്റിയുടെ സപ്പോർട്ടും വേണം. സൊസൈറ്റിയുടെ സ്ട്രക്ച്ചറും കൂടി മാറിയാൽ മാത്രമേ ഇതൊക്കെ നടക്കൂ.

ഫങ്ഷണൽ ഡ്യൂട്ടീസിൽ കൂടുതലും തളക്കപ്പെട്ട് കിടക്കുന്നത് സ്ത്രീകൾ തന്നെയാണ്. ഫാമിലി കാര്യങ്ങൾ എന്നൊക്കെ പറയുമ്പോൾ, അവരാണ് അവിടെ നിൽക്കേണ്ടത് എന്ന് പറയുന്ന ഒരു അലിഖിത നിയമമുണ്ട്. അതിന് സമയമൊന്നുമില്ല. മറ്റേത് കൃത്യമായിട്ട് വേജസ് ലഭിക്കുന്നുണ്ട്. കൃത്യമായിട്ട് വീട്ടിൽ പോകാം. കൃത്യമായിട്ട് നിങ്ങൾക്ക് ഹോളിഡേയ്സ് ഉണ്ട്. നമുക്ക് വേറെ ഒപ്ക്ഷനില്ല. നമുക്കത് ചെയ്തേ പറ്റൂ. അല്ലെങ്കിൽ നമ്മൾ റീപ്ലേസ് ചെയ്യപ്പെടും.
30-ാം ഐഎഫ്എഫ്കെ, ഓർമകൾ
വിദ്യാർത്ഥിയായിരുന്ന കാലം മുതൽ ഞാൻ ഐഎഫ്എഫ്കെയിൽ വരുന്നതാണ്. ഇന്റർനെറ്റ് സജീവമല്ലാത്ത കാലമായിരുന്നു അത്. അന്ന് ലോകസിനിമകൾ കാണാൻ പറ്റുകയെന്നത് വലിയ കാര്യമാണ്. ശരിക്കും പറഞ്ഞാൽ, ഐഎഫ്എഫ്കെ ഒരു ക്ലാസായിരുന്നു. ബീന പോൾ മാമിനെ പോലുള്ള ഒരാൾ പ്രതീക്ഷയായിരുന്നു. ടെക്നിക്കൽ പോസ്റ്റ് കൈകാര്യം ചെയ്യുന്ന സ്ത്രീകളെ നമ്മൾ അധികം കണ്ടിട്ടില്ല. മാം അതിനെ ഭയങ്കര കോണ്ഫിഡന്സോട് കൂടി ചെയ്യുന്നത് കാണുമ്പോൾ നമുക്കും അതിലേക്ക് കയറി ചെല്ലാനുള്ള പ്രചോദനം ആയിരുന്നു. സൗഹൃദങ്ങളുടെ കൂട്ടായ്മ കൂടിയാണ് മേള. സിനിമ കാണാൻ വേണ്ടി മാത്രം ഞാൻ ഐഎഫ്എഫ്കെയിൽ പോകാറില്ല.



