കൊച്ചിയിലെ ഐഎഫ്എഫ്കെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്നാണ് സലിം കുമാറിന്‍റെ നിലപാട്

ഐഎഫ്എഫ്‍കെയുടെ കൊച്ചി ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ നടന്‍ സലിംകുമാറിനെ ക്ഷണിക്കാതിരുന്നത് വിവാദമായിരുന്നു. വിഷയത്തില്‍ സലിംകുമാറിന്‍റെയും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്‍റെയും പ്രതികരണങ്ങള്‍ വന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്‍റെ പ്രതികരണം അറിയിക്കുകയാണ് ഹൈബി ഈഡന്‍ എംപി. 

"സലിം കുമാര്‍ ഇല്ലെങ്കില്‍ ഞങ്ങളുമില്ല. കൊച്ചിയിലെ ഫിലിം ഫെസ്റ്റിവല്‍ കോണ്‍ഗ്രസ് ബഹിഷ്‍കരിക്കുന്നു", ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു. താനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം സലിം കുമാര്‍ ഇരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ഹൈബിയുടെ പോസ്റ്റ്.

അതേസമയം കൊച്ചിയിലെ ഐഎഫ്എഫ്കെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്നാണ് സലിം കുമാറിന്‍റെ നിലപാട്. കോടതി പിരിഞ്ഞതിനുശേഷം വിധി പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. തന്നെ മാറ്റിനിര്‍ത്തിയപ്പോള്‍ ചിലരുടെ താല്‍പര്യം സംരക്ഷിക്കപ്പെട്ടെന്നും കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും സലിം കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ സലിംകുമാറിനെ ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹവുമായി അര മണിക്കൂര്‍ സംസാരിച്ചെന്നുമാണ് കമലിന്‍റെ പ്രതികരണം. വിവാദം വീണ്ടും ഉയര്‍ത്തുന്നതില്‍ രാഷ്ട്രീയലക്ഷ്യം ഉണ്ടാവാം എന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആരോപിക്കുന്നു.