Asianet News MalayalamAsianet News Malayalam

'ഞങ്ങളുടെ മെംബറല്ലേ, കൊച്ചുകുട്ടിയല്ലേ, ഉപേക്ഷിക്കാൻ കഴിയില്ല'; ഷെയ്ൻ വിഷയത്തിൽ അമ്മ, പ്രതികരിച്ച് താരങ്ങളും

'അമ്മയെയും അസോസിയേഷനെയും ബഹുമാനിച്ച് എന്ത് പറയുന്നോ അത് കേട്ട് കൊള്ളാമെന്ന് ആ കുട്ടി സമ്മതിച്ചിട്ടുണ്ട്. അതിനാൽ ഷെയ്നുവേണ്ടി ഞങ്ങൾ മാന്യമായ ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതായിരിക്കും. ഷെയ്ൻ ഞങ്ങളുടെ മെംബറണ്, കൊച്ചുകുട്ടിയാണ്, ഉപേക്ഷിക്കാൻ കഴിയില്ലെന്നും’, നടനും അമ്മയുടെ വൈസ് പ്രസിഡന്റുമായ ​ഗണേഷ് കുമാർ പറഞ്ഞു.

controversies against actor Shane Nigam AMMA Executive Meeting held at Kochi
Author
Kochi, First Published Jan 10, 2020, 12:25 PM IST

കൊച്ചി: ഷെയ്ൻ നി​ഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ധാരണയായതായി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. ഷൂട്ടിങ് പൂർത്തിയായ ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബിങ് ഉടൻ ചെയ്യുമെന്നും മുടങ്ങിപ്പോയ വെയിൽ, കുർബാനി എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് ഷെയ്ൻ പൂർത്തിയാക്കുമെന്നും അമ്മയുടെ പ്രസിഡന്റ് മോഹൻലാലും മറ്റ് സംഘടനാഭാരവാഹികളും അറിയിച്ചു. പ്രശ്നങ്ങളെല്ലാം തീർന്നുവെന്നും അമ്മയുടെ നിർവാഹക സമിതി യോഗത്തിലുണ്ടായ ധാരണകൾ സംബന്ധിച്ച് അടുത്ത ദിവസം നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചർച്ച നടത്തുമെന്നും ‘അമ്മ’ വ്യക്തമാക്കി.

‘അമ്മ’ സംഘടന എന്തു നിര്‍ദേശിക്കുന്നോ അത് അനുസരിക്കാമെന്ന് ഷെയ്ൻ നിഗം എഴുതിയും വാക്കാലും ഉറപ്പുനൽകിയിട്ടുണ്ട്. പ്രൊഡ്യൂസേർസ് അസോസിയേഷന്റെ സൗകര്യം നോക്കി ഇക്കാര്യം വീണ്ടും അവരുമായും ചർച്ച നടത്തും. ആര് ജയിക്കുന്നു ആര് തോൽക്കുന്നു എന്നതല്ല, ഇരുവർക്കും രമ്യമായ രീതിയിൽ ചർച്ച ചെയ്ത് പ്രശ്നം തീർക്കും. വിലക്കൊന്നും ഉണ്ടാകില്ല. മുടങ്ങിപ്പോയ മൂന്ന് സിനിമകളും തീർക്കും.  അമ്മയെയും അസോസിയേഷനെയും ബഹുമാനിച്ച് എന്ത് പറയുന്നോ അത് കേട്ട് കൊള്ളാമെന്ന് ആ കുട്ടി സമ്മതിച്ചിട്ടുണ്ട്. അതിനാൽ ഷെയ്നുവേണ്ടി ഞങ്ങൾ മാന്യമായ ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതായിരിക്കും. ഷെയ്ൻ ഞങ്ങളുടെ മെംബറണ്, കൊച്ചുകുട്ടിയാണ്, ഉപേക്ഷിക്കാൻ കഴിയില്ലെന്നും’, നടനും അമ്മയുടെ വൈസ് പ്രസിഡന്റുമായ ​ഗണേഷ് കുമാർ പറഞ്ഞു.

അതേസമയം, 15 ദിവസത്തിനുള്ളിൽ ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അന്ത്യശാസനം നൽകിയെങ്കിലും ഷെയ്ൻ അതു തള്ളുകയായിരുന്നു. അമ്മ യോഗത്തിലെ തീരുമാനം അനുസരിച്ച് ചെയ്യാമെന്നായിരുന്നു നിലപാട്. അമ്മയും ഡബ്ബ് ചെയ്യാൻ നിർദേശിച്ചതോടെ ഷെയ്ൻ വഴങ്ങുമെങ്കിലും അധിക പ്രതിഫലത്തിന്റെ കാര്യത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്നതു വ്യക്തമല്ല. 25 ലക്ഷം രൂപ കരാർ ഉറപ്പിച്ച് ആരംഭിച്ച ഉല്ലാസം ഡബ്ബ് ചെയ്യാനായി 20 ലക്ഷം രൂപ കൂടി ഷെയ്ൻ അധികം ആവശ്യപ്പെട്ടതായിരുന്നു വിവാദങ്ങൾക്ക് തുടക്കമിട്ടത്.

ഇന്നലെ കൊച്ചിയിൽ നടന്ന അമ്മ നിർവാഹക സമിതി യോഗത്തിൽ ഷെയ്ൻ നിഗത്തെയും വിളിച്ചു വരുത്തിയിരുന്നു. ഉല്ലാസത്തിന്റെ ഡബ്ബിങ് ഷെയ്ൻ എത്രയും വേഗം പൂർത്തിയാക്കണമെന്ന ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആവശ്യം അമ്മ നേതൃത്വവും ആവർത്തിച്ചു.  ഇന്നലെ യോഗ ശേഷം ഷെയ്ൻ മാധ്യമങ്ങളോടു പ്രതികരിച്ചില്ല. ഉപേക്ഷിച്ച വെയിൽ സിനിമയുടെ നിർമാതാവ് ജോബി ജോർജും യോഗം നടക്കുന്ന ഹോട്ടലിൽ എത്തിയിരുന്നു.

 

 

Follow Us:
Download App:
  • android
  • ios