ഒരു ചാനല്‍ ചര്‍ച്ചയില്‍ 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വ്വതി സംഘടനയില്‍ നിന്ന് രാജി വെക്കുന്നുവെന്ന് പ്രഖ്യാപിച്ചത് ഇന്നലെയാണ്. 'ട്വന്‍റി 20' മാതൃകയില്‍ ധനശേഖരണാര്‍ഥം 'അമ്മ' നിര്‍മ്മിക്കുന്ന പുതിയ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ഭാവന ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇടവേള ബാബു നല്‍കിയ മറുപടിയാണ് പാര്‍വ്വതിയുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. പുതിയ ചിത്രത്തില്‍ ഭാവന ഉണ്ടാവില്ലെന്നും മരിച്ചുപോയ ആളുകള്‍ തിരിച്ചുവരില്ലല്ലോ എന്നുമായിരുന്നു ഇടവേള ബാബുവിന്‍റെ പ്രതികരണം.

എന്നാല്‍ പാര്‍വ്വതിയുടെ രാജി വന്‍ വാര്‍ത്താപ്രാധാന്യം നേടിയതിനു പിന്നാലെ 'മരിച്ചുപോയ ആള്‍' എന്ന് താന്‍ ഉദ്ദേശിച്ചത് 'ട്വന്‍റി 20'യില്‍ ഭാവന അവതരിപ്പിച്ച കഥാപാത്രത്തെയാണെന്നും മറ്റൊന്നും താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വിശദീകരണവുമായി ഇടവേള ബാബു രംഗത്തെത്തിയിരുന്നു. "ട്വന്‍റി 20യില്‍ ഭാവനയുടെ കഥാപാത്രം മരിക്കുന്നുണ്ട്. മരിച്ച ഒരാളെ രണ്ടാംഭാഗത്തില്‍ എങ്ങനെ അഭിനയിപ്പിക്കുമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്", ഭാവന നിലവില്‍ 'അമ്മ'യില്‍ അംഗമല്ലാത്തതും പുതിയ ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ തടസ്സമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

'ട്വന്‍റി 20'യില്‍ 'അശ്വതി നമ്പ്യാര്‍' മരിക്കുന്നുണ്ടോ?

മമ്മൂട്ടി അവതരിപ്പിച്ച 'അഡ്വ. രമേശ് നമ്പ്യാരു'ടെ സഹോദരിയാണ് ഭാവന അവതരിപ്പിച്ച 'അശ്വതി നമ്പ്യാര്‍'. സിനിമയില്‍ വലിയ സ്ക്രീന്‍ ടൈം ഉള്ള ഈ കഥാപാത്രത്തിന് സാരമായ ഒരു അപകടം സംഭവിക്കുന്നുണ്ട് സിനിമയില്‍. ആ അപകടത്തിനുശേഷം അവര്‍ കോമ അവസ്ഥയില്‍ എത്തുകയാണ്. എന്നാല്‍ ആ കഥാപാത്രം മരിയ്ക്കുന്നില്ല. മാത്രമല്ല അശ്വതി നമ്പ്യാര്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയും ചിത്രം പങ്കുവെക്കുന്നുണ്ട്. 

 

'അമ്മ'യുടെ ധനശേഖരണാര്‍ഥം മലയാളത്തിലെ ഏതാണ്ടെല്ലാ താരങ്ങളും ബിഗ് സ്ക്രീനില്‍ ഒരുമിച്ചെത്തിയ ചിത്രം ജോഷിയാണ് സംവിധാനം ചെയ്തത്. ഉദയകൃഷ്ണയും സിബി കെ തോമസും ചേര്‍ന്ന് രചന നിര്‍വ്വഹിച്ച ചിത്രം നിര്‍മ്മിച്ചത് ദിലീപ് ആയിരുന്നു. താരങ്ങളൊന്നും പ്രതിഫലം വാങ്ങാതെയാണ് ചിത്രവുമായി സഹകരിച്ചത്. അക്കാലത്തെ വലിയ ബോക്സ് ഓഫീസ് വിജയവുമായിരുന്നു ചിത്രം. താരസംഘടനയുടെ ധനശേഖരണാര്‍ഥം പുതിയൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രം നിര്‍മ്മിക്കാന്‍ ആലോചിക്കുന്നുവെന്ന വാര്‍ത്തകളാണ് 'ട്വന്‍റി 20'യെ വീണ്ടും ചര്‍ച്ചകളില്‍ എത്തിച്ചത്.