മികച്ച കലാസംവിധാനത്തിനുള്ള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച 'കമ്മാരസംഭവ'ത്തിലെ കലാസംവിധായകന്റെ കര്‍തൃത്വത്തെച്ചൊല്ലി തര്‍ക്കം. വിനേഷ് ബംഗ്ലാനാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. എന്നാല്‍ ചിത്രത്തിന്റെ 40 ശതമാനത്തോളം താനാണ് വര്‍ക്ക് ചെയ്തതെന്നും എന്നാല്‍ ടൈറ്റിലില്‍ താങ്ക്‌സ് കാര്‍ഡിലേക്ക് തന്റെ പേര് ഒതുക്കുകയായിരുന്നുവെന്നുമുള്ള ആരോപണവുമായി പ്രശസ്ത കലാസംവിധായകന്‍ മനു ജഗത്താണ് രംഗത്തെത്തിയിരിക്കുന്നത്. 2008ല്‍ 'കല്‍ക്കട്ട ന്യൂസി'ലൂടെ മികച്ച കലാസംവിധായകനുള്ള പുരസ്‌കാരം നേടിയ ആളുമാണ് മനു ജഗത്ത്. 400 ദിവസത്തോളം കമ്മാരസംഭവത്തിനുവേണ്ടി താന്‍ വര്‍ക്ക് ചെയ്‌തെന്നും പിന്നീട് പുറത്താക്കപ്പെടുകയായിരുന്നുവെന്നും മനു ജഗത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. താന്‍ തയ്യാറാക്കിയ സ്‌കെച്ചുകള്‍ ഉപയോഗിച്ചാണ് അണിയറക്കാര്‍ സിനിമ പൂര്‍ത്തീകരിച്ചതെന്നും.

മനു ജഗത്തിന്‍റെ ആരോപണം

കരാര്‍ അനുസരിച്ച് 90 ദിവസമായിരുന്നു ജോലി ചെയ്യേണ്ടിയിരുന്നതെങ്കിലും 400 ദിവസത്തോളം താന്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ചുവെന്നും മനു ജഗത്ത് പറയുന്നു. 'പല കാരണങ്ങള്‍ കൊണ്ട് ഷൂട്ടിംഗ് നീണ്ടുപോയ ചിത്രമായിരുന്നു കമ്മാരസംഭവം. കലാസംവിധായകന്‍ എന്ന നിലയില്‍ എന്റെ 90 ദിവസങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. പക്ഷേ 365 ദിവസങ്ങള്‍ക്ക് ശേഷവും ഞാന്‍ കമ്മാരസംഭവത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇക്കാലമത്രയും ഞാന്‍ മറ്റൊരു സിനിമയും കമ്മിറ്റ് ചെയ്യാതെയാണ് നിന്നത്. ജയരാജ് സാറിന്റെ 'വീര'മടക്കം ആ സമയത്ത് വന്ന മൂന്നോളം സിനിമകള്‍ ഒഴിവാക്കി. അങ്ങനെ ഒപ്പം നിന്ന ഒരു സിനിമയില്‍ നിന്നാണ് ഞാന്‍ പോലുമറിയാതെ എന്നെ പുറത്താക്കിയത്.' പ്രൊഡക്ഷന്‍ കണ്‍ട്രോളറോ സംവിധായകനോ അല്ല പുറത്താക്കിയ കാര്യം അറിയിച്ചതെന്നും മറിച്ച് ഫെഫ്ക ആര്‍ട് ഡയറക്ടേഴ്‌സ് യൂണിയന്‍ സെക്രട്ടറി സന്തോഷ് രാമനാണ് ഇക്കാര്യം വിളിച്ച് അറിയിച്ചതെന്നും പറയുന്നു മനു ജഗത്ത്.

'ചിത്രീകരിച്ച എല്ലാ ലൊക്കേഷനുകളിലും ഞാന്‍ പോയിട്ടുണ്ട്. കാരക്കുടിയും പഴനിയുമാണ് സംവിധായകന്‍ ചിത്രീകരണത്തിനായി ഇഷ്ടപ്പെട്ടത്. പക്ഷേ കാരക്കുടിയിലെ കെട്ടിടത്തില്‍ ചിത്രീകരിക്കാന്‍ പെര്‍മിഷന്‍ ലഭിച്ചില്ല. എന്നാലും മറ്റ് ചില വഴികളിലൂടെ വേണമെങ്കില്‍ ചിത്രീകരണം നടത്താം. അതേ വീടിന്റെ ഇന്റീരിയര്‍ ചെയ്യണമെങ്കില്‍ പഴനിയില്‍ വരണമായിരുന്നു. ഇവിടെ രണ്ടിടത്തുമായി ചിത്രീകരിക്കണമെങ്കില്‍ വലിയ ചെലവാണ്. പിന്നെ റിസ്‌കുമുണ്ട്. അങ്ങനെയിരിക്കെ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയ്‌ക്കൊപ്പം വേറൊരു സിനിമയുടെ ലൊക്കേഷന്‍ കാണാന്‍ പോയപ്പോള്‍ കുമ്പളങ്ങിയില്‍ ഒരുവീട് കണ്ടു. കമ്മാരസംഭവത്തിന് യോജിച്ച ഒരു വീടായി എനിക്കത് തോന്നി. അതിന്റെ ഫോട്ടോ അണിയറപ്രവര്‍ത്തകരുടെ വാട്‌സ്ആപ് ഗ്രൂപ്പിലിട്ടു. സംവിധായകന്‍ ഉടന്‍ എന്നെ വിളിച്ചു, നീ ഇത് ഒരിക്കലും ഒരു മലയാളപടമായി കാണരുതെന്ന് പറഞ്ഞു. കാരക്കുടിയില്‍ തന്നെ ചിത്രീകരിക്കണമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. പക്ഷേ ക്യാമറാമാന്‍ എന്നെ വിളിച്ച് കുമ്പളങ്ങിയിലെ ലൊക്കഷനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. സംവിധായകനെയും അദ്ദേഹം വിളിച്ച് ഈ ലൊക്കേഷന്‍ വിഷ്വലി നന്നായിരിക്കുമെന്ന് പറഞ്ഞു. രതീഷ് പിന്നീട് എന്നെ വിളിച്ച് രോഷത്തോടെ സംസാരിച്ചു. രണ്ട് ദിവസം കഴിഞ്ഞ് ഞാനറിയുന്നത് എന്നെ സിനിമയില്‍ നിന്ന് മാറ്റിയിരിക്കുന്നു എന്ന്. പുറത്താക്കിയ വിവരം അറിയിച്ച ആര്‍ട് ഡയറക്ടേഴ്‌സ് യൂണിയന്‍ സെക്രട്ടറി സന്തോഷ് രാമനോട് അതിനുള്ള കാരണം ചോദിച്ചപ്പോള്‍ അതൊന്നും അവര്‍ പറഞ്ഞിട്ടില്ലെന്നാണ് അറിയിച്ചത്. അവര്‍ക്ക് താല്‍പര്യമില്ലെന്നാണ് അറിയിച്ചതെന്നും പറഞ്ഞു.' പക്ഷേ പുറത്താക്കപ്പെട്ടതിന് ശേഷവും താന്‍ തയ്യാറാക്കിയ സ്‌കെച്ചുകള്‍ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കലാസംവിധാനം നടന്നതെന്നും മനു ജഗത്ത് പറയുന്നു.

ഒരാള്‍ ചെയ്തുകൊണ്ടിരിക്കുന്ന വര്‍ക്കില്‍ മറ്റൊരാള്‍ കയറുമ്പോള്‍ അയാളുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് എങ്കിലും വാങ്ങണ്ടേ എന്ന് ചോദിക്കുന്നു മനു ജഗത്ത്. പുറത്താക്കപ്പെട്ടപ്പോള്‍ ഫെഫ്ക ആര്‍ട് ഡയറക്ടേഴ്‌സ് യൂണിയന് കത്തെഴുതിയെന്നും തന്റെ സ്‌കെച്ചുകള്‍ മുന്നോട്ടുള്ള ചിത്രീകരണത്തില്‍ ഉപയോഗിക്കരുതെന്നും പുറത്താക്കിയതിന്റെ കാരണം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നേരിട്ട് അറിയിക്കണമെന്നും ആവശ്യപ്പെട്ടെന്നും പറയുന്നു അദ്ദേഹം. 'സിബി മലയില്‍ സാറും സംവിധായകന്‍ രതീഷ് അമ്പാട്ടും ഉള്‍പ്പെടെയുള്ള പാനലിന് മുമ്പാകെ ഒരു മീറ്റിംഗ് വച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊഡുത്താസും യൂണിയന്‍ സെക്രട്ടറി സന്തോഷ് രാമനും അന്ന് ഹാജരായില്ല. ടൈറ്റിലില്‍ കലാസംവിധാനത്തിന് എനിക്കും ക്രെഡിറ്റ് കൊടുക്കണമെന്ന് സിബി സാര്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്നായിരുന്നു സംവിധായകന്റെ മറുപടി. പക്ഷേ ഇതേ രതീഷ് അമ്പാട്ട് ആ മീറ്റിംഗിന് ശേഷം എന്നോട് മാത്രമായി പറഞ്ഞത് ഇതുവരെ ചെയ്ത വര്‍ക്കൊക്കെ ഗംഭീരമാണെന്നാണ്. നിന്റെ വര്‍ക്കിലൊന്നും എനിക്ക് ഒരു കുഴപ്പവുമില്ലെന്നും. ഇതില്‍ നിന്നൊക്കെ ഞാന്‍ മനസിലാക്കുന്നത് പുറത്താക്കിയതിന് പിന്നില്‍ സംവിധായകന്റെ താല്‍പര്യമല്ല എന്നാണ്', മറിച്ച് കമ്മാരസംഭവത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന ഡിസ്‌കണ്‍ പൊഡുത്താസ് ആണ് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സംശയിക്കുന്നതായും മനു ജഗത്ത് ആരോപിക്കുന്നു.

സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ച സമയത്ത് ഇക്കാര്യങ്ങള്‍ പറയുന്നത് മറ്റൊരാള്‍ക്ക് ഇനിയും സമാന അനുഭവം ഉണ്ടാവരുത് എന്നതുകൊണ്ടാണെന്നും പറയുന്നു മനു. സിനിമയില്‍ ഇതുപോലെ ഒരുപാടുപേര്‍ക്ക് സമാനമായ ദുരനുഭവങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നും പക്ഷേ കരിയറിനെ ബാധിച്ചേക്കുമെന്ന് കരുതി പലരും പറയാന്‍ മടിക്കുകയാണെന്നും മനു ജഗത്ത്. 'കമ്മാരസംഭവം തീയേറ്ററുകളിലെത്തിയപ്പോള്‍ താങ്ക്‌സ് കാര്‍ഡിലാണ് എന്റെ പേര് വന്നത്. താങ്ക്‌സ്, മനു ജഗത്ത് ആന്റ് ടീം എന്ന്. എന്തിനാണ് എനിക്ക് നന്ദി പറഞ്ഞിരിക്കുന്നത്? അത് അവര്‍ പറയട്ടെ..' മനു ജഗത്ത് പറഞ്ഞവസാനിപ്പിക്കുന്നു.