'കോഓപ്പറേറ്റിംഗ് ആര്‍ടിസ്റ്റുകള്‍' ചിലരുടെ സിനിമ രംഗത്തെ വിളിപ്പേര്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്
മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അനാവരണം ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നു.
തിരുവനന്തപുരം: മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച ഏഷ്യാനെറ്റ് ന്യൂസ് അടക്കം എട്ട് പേർക്കാണ് റിപ്പോർട്ടിൻ്റെ പകർപ്പ് സാംസ്കാരിക വകുപ്പ് നൽകിയത്. അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് റിപ്പോർട്ട് പറയുന്നത്.
ഹേമ കമ്മിറ്റിക്ക് മുന്നില്‍ വിവിധ ചലച്ചിത്ര പ്രവര്‍ത്തകര്‍ നല്‍കിയ മൊഴികളിലെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് പ്രകാരം ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. പലരും ഉന്നയിച്ച സിനിമ രംഗത്തെ ലൈംഗിക ചൂഷണങ്ങള്‍ കേട്ട് ഹേമ കമ്മിറ്റി ഞെട്ടി എന്നത് റിപ്പോര്‍ട്ടിലുണ്ട്.
സിനിമ രംഗത്ത് ലൈംഗിക ഇംഗിതങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാത്തവര്‍ക്ക് നിലനില്‍പ്പില്ലെന്നാണ് പലരും മൊഴി നല്‍കിയത്. ഇത്തരത്തില്‍ ലൈംഗിക ചൂഷണത്തിന് വഴങ്ങിയില്ലെങ്കില്‍ അവസരം തന്നെ ലഭിക്കില്ലെന്നാണ് ചില മൊഴികള്‍ പറയുന്നു. ഇത്തരത്തിലുള്ള ചൂഷണത്തെ പരാതിപ്പെട്ടാല്‍ ആ സിനിമയില്‍ നിന്നും പുറത്താകും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പല സെറ്റിലും ഇടനിലക്കാര്‍ വിലസുകയാണ്. വിട്ടുവീഴ്ചകള്‍ ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നവരെ 'കോപ്പറേറ്റിംഗ് ആര്‍ടിസ്റ്റുകള്‍' എന്ന കോഡ് ഭാഷയിലാണ് സിനിമ രംഗത്ത് അറിയപ്പെടുന്നത് എന്നാണ് വിളിക്കുന്നത് എന്നാണ് ഒരു മൊഴിയായി ഈ റിപ്പോര്‍ട്ടില്‍ ഉള്ളത്.
ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കും. 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.