കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ റിലീസ് മാറ്റി. മാര്‍ച്ച് 12നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ടൊവിനോ തോമസ് ചിത്രത്തിന്റെ റിലീസ് മാറ്റിയതായി വ്യക്തമാക്കിയത്. ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണു ഞങ്ങള്‍ക്കു ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണെന്നും നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ മാതൃകയായ നമ്മള്‍ ഈ വെല്ലുവിളിയും അതിജീവിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ടൊവിനോ തോമസ് പറയുന്നു. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. അമേരിക്കൻ സ്വദേശി ഇന്ത്യ ജർവിസാണ് ചിത്രത്തിലെ നായിക

ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

COVID-19 ന്റെ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും/മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു തിരിച്ചറിഞ്ഞു കൊണ്ട്

നമ്മുടെ പുതിയ സിനിമ -''കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് ' -ന്റെ റിലീസ് മാറ്റി വയ്ക്കുകയാണ്.

ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണു ഞങ്ങള്‍ക്കു ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്.

നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ മാതൃകയായ നമ്മള്‍ ഈ വെല്ലുവിളിയും അതിജീവിക്കും.

ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ സംരക്ഷിക്കാം..

നിങ്ങളുടെ സ്വന്തം

ടൊവീനോ തോമസ്.