'ദി രാജാസാബി'ന്റെ ഒടിടി റിലീസിന് മുന്നോടിയായി ജിയോ ഹോട്ട്സ്റ്റാര്‍ സെര്‍വറുകള്‍ അപ്‌ഗ്രേഡ് ചെയ്തുവെന്ന് പ്രചരണം ഉണ്ടായിരുന്നു

സിനിമകളുടെ ജനപ്രീതി അളക്കാന്‍ ഒരു കാലത്ത് അവ തിയറ്ററുകളില്‍ ഓടിയ ദിവസങ്ങളുടെ എണ്ണമായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. പില്‍ക്കാലത്ത് അത് ബോക്സ് ഓഫീസിലെ സംഖ്യകള്‍ ആയി. ടെലിവിഷന്‍ പ്രീമിയറിലും മറ്റും ലഭിച്ച റേറ്റിംഗും ഏറെക്കാലമായി ജനപ്രീതിയുടെ അളവുകോലായി ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. സമീപകാലത്ത് ഒടിടിയുടെ കടന്നുവരവോടെ അവിടെ ലഭിക്കുന്ന സ്വീകാര്യതയും ഇത്തരത്തില്‍ ചര്‍ച്ചയാവാറുണ്ട്. ഇപ്പോഴിതാ ഒരു പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രത്തെ സംബന്ധിച്ച് ഒടിടി റിലീസ് സമയത്ത് നടന്ന പ്രചരണം വിമര്‍ശിക്കപ്പെടുകയാണ്. പ്രഭാസ് നായകനായ തെലുങ്ക് ചിത്രം ദി രാജാസാബിന്‍റെ ഒടിടി റിലീസ് സമയത്ത് എത്തിയ റിപ്പോര്‍ട്ടുകളാണ് വിമര്‍ശിക്കപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനുവരി 9 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഫെബ്രുവരി 6 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു. ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ, ചിത്രം എത്തുന്നതിന് മുന്‍പ് തന്നെ ഒടിടി പ്ലാറ്റ്ഫോം വലിയ ട്രാഫിക് നേടിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രം എത്തുമ്പോള്‍ തങ്ങളെ അറിയിക്കാന്‍ ആവശ്യപ്പെട്ടുള്ള റിമൈന്‍ഡ് മി ബട്ടണ്‍ ക്ലിക്ക് ചെയ്യാനും വന്‍ തിരക്കാണെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചിത്രത്തിന്‍റെ ജനപ്രീതി മുന്നില്‍ കണ്ട് ജിയോ ഹോട്ട്സ്റ്റാര്‍ തങ്ങളുടെ സെര്‍വറുകള്‍ അപ്ഗ്രേഡ് ചെയ്തുവെന്നും. എന്നാല്‍ ഇത് പ്രഭാസിന്‍റെ പിആര്‍ ടീം നടത്തിയ ഒരു പ്രചരണം മാത്രമായിരുന്നെന്നാണ് ഇപ്പോഴത്തെ വിമര്‍ശനം. ചില തെലുങ്ക് മാധ്യമങ്ങളില്‍ തന്നെ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ എത്തുന്നുണ്ട്. ഇടവേളയ്ക്ക് ശേഷം ഇത് ചര്‍ച്ചയാവാന്‍ കാരണം ടി 20 വേള്‍ഡ്കപ്പ് ജിയോ ഹോട്ട്സ്റ്റാറില്‍ കണ്ട പ്രേക്ഷകരുടെ എണ്ണമാണ്.

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന വേള്‍ഡ് കപ്പ് ഫൈനല്‍ ഹോട്ട്സ്റ്റാറില്‍ കണ്ടത് 82 കോടി ആളുകളാണ് എന്നാണ് പ്ലാറ്റ്‍ഫോം തന്നെ അറിയിച്ചിരുന്നത്. ഇത്രയും ആളുകള്‍ കണ്ടിട്ടും പ്രശ്നമൊന്നും സംഭവിക്കാത്ത സെര്‍വര്‍ പ്രഭാസിന്‍റെ വലിയ ജനപ്രീതി ഇല്ലാത്ത ചിത്രത്തിന്‍റെ ഒടിടി റിലീസിന് മുന്‍പേ അപ്​ഗ്രേഡ് ചെയ്യേണ്ടതുണ്ടോ എന്നാണ് വിമര്‍ശകരുടെ ചോദ്യം. ബാഹുബലിക്ക് ശേഷം സലാര്‍ മാത്രമാണ് പ്രഭാസിന്‍റേതായി കുറച്ചെങ്കിലും ഭേദപ്പട്ട പ്രകടനം ബോക്സ് ഓഫീസില്‍ കാഴ്ചവച്ച ചിത്രം. തുടര്‍ പരാജയങ്ങളുടെ ക്ഷീണം മറയ്ക്കാന്‍ അദ്ദേഹത്തിന്‍റെ പിആര്‍ ടീം നടത്തുന്ന ശ്രമം എന്നാണ് ഹോട്ട്സ്റ്റാര്‍ സെര്‍വര്‍ വിഷയം വിമര്‍ശിക്കപ്പെടുന്നത്.

Asianet News Live | Kerala Breaking News | Malayalam Live News | HD News Streaming