എന്തൊക്കെ കാര്യങ്ങളാണ് നമ്മള്‍ പ്ലാൻ ചെയ്‍തിട്ടുണ്ടാവുക?.  ഞാനും നിങ്ങളുമൊക്കെ എന്തൊക്കെ കാര്യങ്ങളാണ് ആലോചിച്ചുകൂട്ടിയിട്ടുണ്ടാകുക?. എന്റെ കഴിവുകൊണ്ട് ഞാൻ അത് ചെയ്‍തു, ഇത് ചെയ്‍തുവെന്നൊക്കെ പറയാറില്ലേ. അതിലൊക്കെ എന്തുകാര്യം?. എത്രയോ കാര്യങ്ങള്‍ നമ്മള്‍ മാറ്റിവെച്ചു.  നമ്മള്‍ പ്ലാൻ ചെയ്‍തതുപോലെയാണോ ജീവിതം?. പ്ലാനിംഗിന് അര്‍ത്ഥമില്ലായ്‍മയുണ്ട്. അനിശ്ചിതത്വമുണ്ട്. അതൊക്കെ ചിന്തിക്കാനുള്ള അവസരം കൂടിയാണ് ഇത്.

വല്ലാത്തൊരു സാഹചര്യത്തിലാണ് നമ്മള്‍ എല്ലാവരും. പ്രതിരോധം എന്ന ഒറ്റക്കാര്യം മാത്രമേ നമുക്ക് ചെയ്യാനാകു. അതിന് അധികൃതര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കുക. പല പ്രശ്‍നങ്ങളുമുണ്ടാകും, ഓരോരുത്തര്‍ക്കും. അതൊക്കെ പറയേണ്ടത് ഇപ്പോഴല്ല. ജീവൻ നിലനിര്‍ത്തുകയെന്നതാണ് പ്രധാനം. സര്‍ക്കാര്‍ സംവിധാനങ്ങളോട് പൂര്‍ണ്ണമായും സഹകരിക്കുക,  അതിജീവിക്കാൻ കഴിയും എന്ന വിശ്വാസത്തോടെ. അതിനായി സമൂഹത്തോട് നീതിപുലര്‍ത്തുക.

വീട്ടിലിരിക്കാനാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. നമുക്ക് അത് അനുസരിക്കാം. നീതികേട് കാട്ടാതിരിക്കാം. എനിക്ക് രോഗം വരില്ല എന്ന ചിന്ത പാടില്ല. ഇപ്പോഴത്തെ വൈറസിന് വലിപ്പചെറുപ്പമില്ല. ചേരിയിലുള്ളവര്‍ക്കും മാളികയില്‍ ഉള്ളവര്‍ക്കും ഒരുപോലെയാണ്. ചാള്‍സ് രാജകുമാരനും ബ്രിട്ടിഷ് പ്രധാനമന്ത്രിക്കും രോഗം വന്നല്ലോ. പുറത്തുള്ള സുഹൃത്തുക്കള്‍ വിളിക്കുമ്പോള്‍ പറയുന്നവര്‍ അവര്‍ കഴിയുന്ന ചില രാജ്യങ്ങളൊക്കെ ആദ്യം സംഭവം നിസ്സാരമായി എടുത്തുവെന്നാണ്. ലോക് ഡൌണ്‍ പ്രഖ്യാപിച്ചതു മുതല്‍ ഞാൻ പുറത്തിറങ്ങിയിട്ടില്ല. മരുന്ന് വാങ്ങിക്കാൻ പോലും പുറത്തിറങ്ങിയിട്ടില്ല.  

രാജ്യം ലോക് ഡൌണ്‍ പ്രഖ്യാപിച്ചപ്പോള്‍ അത് അംഗീകരിക്കേണ്ട കടമ നമുക്കുണ്ട്. എന്താണ് നടക്കുന്നത് എന്ന് അറിയാൻ ആള്‍ക്കാര്‍ പുറത്തിറങ്ങാറുണ്ട്. അത്യാവശ്യത്തിന് വേണ്ടി പുറത്തിറങ്ങുന്നത് മനസ്സിലാക്കാം. ആശുപത്രി കാര്യങ്ങളൊക്കെ ഉണ്ടല്ലോ. പക്ഷേ അങ്ങനെയല്ല നടക്കുന്നത്. ടിവിയിലൊക്കെ നമ്മള്‍ കാണുന്നത് അതല്ലേ.  അതൊക്കെ ചെയ്യാതിരിക്കുക.  നിശ്ചലമായിരിക്കുക.

മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പറയുന്നതിനോട് പൌരത്വബോധത്തോടെ സഹകരിക്കുക. നമ്മള്‍ കാരണം മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാകരുത്. . മത രാഷ്‍ട്രീയ ജാതി ഭേദമന്യേ സഹകരിക്കുക എന്നതാണ് പ്രാധാന്യം.  ഇങ്ങനെ യുദ്ധമുഖത്ത് ആയിരിക്കുമ്പോള്‍ പോലും പല ആള്‍ക്കാരും പലതും പറയുന്നുണ്ട്. പറയാൻ എളുപ്പമാണ്. തലപ്പത്തിരിക്കുന്നവര്‍ക്ക് ചെയ്യുന്ന കാര്യങ്ങളുടെ പ്രയാസമറിയാം.  രാഷ്‍ട്രീയവും മതവുമൊക്കെ ചേര്‍ക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്. രാഷ്‍ട്രീയം കളിക്കണമെങ്കില്‍ ജീവിതം വേണം. കര്‍ണ്ണാടകയുടെ പ്രശ്‍നമൊക്കെയുണ്ട്.  പരിതാപകരമാണ്. അവര്‍ അത് മനസ്സിലാക്കുമെന്ന് വിചാരിക്കാം.   ആരു നല്ലത് ചെയ്‍തു, ചെയ്‍തില്ല എന്നൊക്കെ ചിന്തിക്കാനുള്ള സമയവുമല്ല ഇത്. സര്‍ക്കാര്‍ പറയുന്നത് വിശ്വാസത്തോടെ അനുസരിക്കുക എന്നതാണ് പ്രധാനം. വിശ്വാസമുള്ളവര്‍ പ്രാര്‍ഥിക്കുക. പ്രവര്‍ത്തിക്കുക. ലോകത്തിന്റെ നല്ലതിനു വേണ്ടി പ്രാര്‍ഥിക്കാം. രാജ്യത്തോട് നീതി കാണിക്കുകയാണ് വേണ്ടത്. അതിനുവേണ്ടി മാത്രം നമുക്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കാം.

അതേസമയം ആരോഗ്യപ്രവര്‍ത്തകരെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല. അവരെ അഭിനന്ദിക്കാൻ വാക്കുകള്‍ മതിയാകില്ല. അവര്‍ക്കും കുടുംബമുണ്ട്. പക്ഷേ നമുക്കായി അവര്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നു. അവരും രോഗം വരുമോയെന്ന് ഭയത്തിന്റെ മുനമ്പില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. യുദ്ധമുഖത്തുള്ള പട്ടാളക്കാരെപ്പോലെയാണ് അവര്‍. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക മാത്രമാണ് നമുക്ക് ചെയ്യാനാകുക. നമുക്ക് വേണ്ടി പ്രവര്‍ത്തിക്കാൻ അവര്‍ക്ക് മാത്രമാണ് ആകുക. പൊലീസുകാരെയും നമ്മള്‍ സല്യൂട്ട് ചെയ്യണം. സുരക്ഷിതമല്ലാത്ത അവസ്ഥയില്‍ ചൂടിലുരുകിയാണ് അവര്‍ നമുക്കെല്ലാവര്‍ക്കും വേണ്ടി നിലകൊള്ളുന്നത്.

വീട്ടിലിരിക്കുമ്പോള്‍ എന്തുചെയ്യുന്നുവെന്ന ചോദ്യവുമുണ്ട്. ഞാനും പലരില്‍ നിന്ന് ആ ചോദ്യം നേരിട്ടിട്ടുണ്ട്. വീട്ടില്‍ നാലഞ്ച് ദിവസം കിട്ടിയിരുന്നെങ്കില്‍ ചില കാര്യങ്ങള്‍ ചെയ്യാമായിരുന്നുവെന്ന് നമ്മള്‍ കരുതാറില്ലേ. അതൊക്കെയാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. പണ്ടൊക്കെ പുസ്‍തകം വായിക്കുമ്പോള്‍ മുറിഞ്ഞുപോകും. തുടര്‍ച്ച കിട്ടില്ല. ഇപ്പോള്‍ പുസ്‍തകം പൂര്‍ണ്ണമായും വായിക്കുന്നു. അതുപോലെ മറ്റുള്ള ഭാഷകള്‍ പഠിക്കുകയെന്നത് മുമ്പേ ഞാൻ ആലോചിച്ചതായിരുന്നു. വായിച്ചുപഠിക്കല്‍ മാത്രമല്ല. മറ്റ് ഭാഷാ സിനിമകള്‍ കാണാം. മറ്റ് ഭാഷകളിലെ ടെലിവിഷൻ വാര്‍ത്തകള്‍ കാണാം. അങ്ങനൊയൊക്കെ മറ്റ് ഭാഷകളുമായി അടുപ്പമുണ്ടാക്കാം. ഓരോരുത്തരോടും നിങ്ങള്‍ അത് ചെയ്യൂ, വീട്ടിലിരിക്കുമ്പോള്‍ ഇത് ചെയ്യൂ, ബോറടി മാറ്റാം എന്നൊക്കെ പറയാൻ ഞാനില്ല. കാരണം ഓരോ ആള്‍ക്കാരുടെയും മാനസിക വ്യാപാരങ്ങള്‍ ഓരോ തരത്തിലാണ്.

വീട്ടിലിരിക്കുന്ന കാലമായതിനാല്‍ ടിവി വാര്‍ത്തകള്‍ക്കൊപ്പം ഞാൻ സഞ്ചരിക്കാറുണ്ട്. ലോകമെമ്പാടുമുള്ള കാര്യങ്ങള്‍ അതാതുസമയം അറിയുകയെന്നതും ഇപ്പോള്‍ പ്രധാനമാണ്. മറ്റൊന്നു കുടുംബമാണ്. മുമ്പ് സാധിക്കാതിരുന്നവര്‍ക്ക് കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങള്‍ തിരിച്ചെടുക്കാനുള്ള സമയമാണ്. അങ്ങനെയും അതിനെ എല്ലാവരും കാണണം. ജീവനും ജീവിതത്തിനും എതിരുകളാകുന്ന വൈറസുകളെ സമ്മര്‍ദ്ദമില്ലാതെ നേരിടാം.  സാമൂഹ്യ അകലം പാലിച്ച്  മനസ് കൊണ്ട് കൂടിച്ചേര്‍ന്ന് ഒരു രോഗത്തെ നമുക്ക് പറഞ്ഞയയ്‍ക്കുക തന്നെ ചെയ്യാം.