ആഘോഷങ്ങളും ആരവവുമായി ഉത്സവമായിരുന്ന മനുഷ്യ ജീവിതത്തിൽ പെട്ടെന്നുണ്ടായ ഒരു സഡൻ ബ്രേക്കായിരുന്നു ലോക്ക് ഡൌണ്‍. എല്ലാത്തരം തിരക്കുകളിൽ നിന്നും മനുഷ്യൻ മാറിനിന്ന് വീടും പരിസരവുമായി ഒതുങ്ങി നിൽക്കുന്ന കാലം. പരസ്‍പരം സ്‍നേഹിച്ചും സഹായിച്ചും ഒന്നായി നില്‍ക്കേണ്ട സമയം. ചുറ്റുമുള്ള സമൂഹത്തിനെ പറ്റി കരുതലുണ്ടാവാനും ചിന്തിക്കാനുമുള്ള അവസരം. പ്രകൃതിയിലേയ്ക്ക് തിരിഞ്ഞു നോക്കുവാൻ കിട്ടിയ അവസരം. അങ്ങനെ ലോക്ക് ഡൗൺ മനുഷ്യന്റെ മുമ്പിൽ തുറക്കുന്ന വാതിൽ വലുതാണ്.

ചൈനയിലെ വുഹാനിലെ ഹുവാനൻ മത്സ്യ മാർക്കറ്റിൽ നിന്ന് തുടങ്ങി ലോകത്തെ മുഴുവൻ വിറപ്പിച്ചുകൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്. ആണവായുധങ്ങൾ കുന്നുകൂടിയിരിക്കുന്ന വൻ രാജ്യങ്ങള്‍ പോലും ഇപ്പോഴത്തെ വെറും വൈറസിന് മുമ്പിൽ ഭയന്ന് നിൽക്കുന്നു. ചൈനയിൽ തുടങ്ങി ഇറാനും ഇറ്റലിയും അമേരിക്കയും സ്‍പെയിനും അങ്ങനെ ലോക രാജ്യങ്ങൾ പലതും കടന്ന് ഇന്ത്യയിലും കൊറോണ വ്യാപിച്ചിരിക്കുന്നു. ചൈനയടക്കം രോഗം വ്യാപിച്ചപ്പോൾ നമ്മൾ ടിവിയിലൂടെ കാഴ്‍ചകൾ കണ്ട് രസിച്ചു. ഇതൊന്നും നമ്മുക്ക് വരില്ലെന്ന് വിചാരിച്ചു. പക്ഷെ ഇപ്പോൾ കാര്യങ്ങൾ എവിടെയെത്തിയാണ് നിൽക്കുന്നത്? കൊറോണ വൈറസ് നമ്മുടെയെല്ലാം വീടിന്റെ വാതിക്കൽ എത്തിയിരിക്കുന്നു. ഇതിൽ നിന്ന് നമ്മൾ പഠിക്കേണ്ട ചില പാഠങ്ങൾ ഇല്ലേ? പല മനുഷ്യരും ഇനിയും സാഹചര്യങ്ങളുടെ പ്രാധാന്യം മനസിലാക്കത്തത് വേദനയുളവാക്കുന്ന കാര്യമാണ്.

ഒരു വലിയ ദുരന്തമുഖത്താണ് നമ്മുടെ ലോകം. ഇറ്റലിയിലും അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും എത്രയോ മനുഷ്യജീവനുകളാണ് ഓരോ നിമിഷവും പൊലിഞ്ഞു വീഴുന്നത്. മൂന്നാം ലോക മഹായുദ്ധമെന്നാണ് പല രാജ്യങ്ങളും രോഗത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ജാതി- മത- വർണ്ണ- വർഗ വിത്യാസമില്ലാതെ മനുഷ്യരെയെല്ലാം ഒരേ കുഴിമാടത്തിൽ കൂട്ടമായി കുഴിച്ച് മൂടുന്നത് മാധ്യമങ്ങൾ വഴി തത്സമയം കാണുന്ന നമ്മൾ ഇനിയു അപകടത്തിന്റെ വ്യാപ്‍തി മനസിലാക്കിയിട്ടില്ല. പലരും ലാഘവത്തോടെയാണ്  കാര്യങ്ങൾ നോക്കികാണുന്നത്. ശരിക്കും ലോകം തന്നെ അടച്ചിട്ടുള്ള ഒരു ലോക്ക് ഡൗണാണ് നമുക്ക് മുമ്പിലുള്ളത്.

ഞാൻ താമസിക്കുന്നത് തിരുവനന്തപുരം കഴക്കൂട്ടത്താണ്. എന്റെ തൊട്ടടുത്തുള്ള പോത്തൻകോട് എന്ന സ്ഥലത്താണ് കോവിഡ് ബാധിച്ച് ഒരു മനുഷ്യൻ മരിച്ചത്. എന്നെ സംബന്ധിച്ച് വളരെ ഷോക്കായ ഒരു വാർത്തയായിരുന്നു അത്. സാമൂഹിക അകലം പാലിക്കുകയെന്നതാണ്  മഹാമാരിയെ ചെറുക്കാനുള്ള ഏറ്റവും മികച്ച വഴി. അത് പാലിക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്. നമ്മുടെ പ്രധാനമന്ത്രി, മുഖ്യമന്ത്രി ആരോഗ്യമന്ത്രി, ഡോക്ടർമാർ, നഴ്‍സുമാർ, ആരോഗ്യപ്രവർത്തകർ,പൊലീസ് സേന ഇവരെല്ലാം പറയുന്ന നിർദേശങ്ങൾ പാലിക്കാൻ നമ്മൾ തയ്യാറാവണം. കോവിഡ് 19 എന്ന ഈ മഹാമാരികാലത്ത് ഇവർ ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. നമ്മൾ പറയുന്ന ബ്രേക്ക് ദി ചെയ്നിലൂടെ രോഗത്തിന്റെ കണ്ണികൾ പൊട്ടിക്കാൻ എല്ലാരും ഒത്തൊരുമയോടെ തയ്യാറാവണം. ഇത് അതിജീവനത്തിനായുള്ള പോരാട്ടമാണ്. അത് എല്ലാ മനുഷ്യർക്കും ബാധകമാണ്.  നമ്മുടെ സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിച്ച് വീട്ടിലിരിക്കുകയെന്നതാണ് ഒരു പൗരൻ എന്ന നിലയിൽ നമുക്ക് ഇപ്പോൾ ചെയ്യുവാൻ കഴിയുന്ന കാര്യം അത് പാലിക്കാൻ നമ്മൾ തയ്യാറാവണം.

പലരും ലോക്ക് ഡൗൺ ദിനങ്ങൾ വീട്ടിലിരിക്കുന്നത് മടുപ്പായി പറയുന്നത് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു. സ്വന്തം വീട്ടിൽ കഴിയുന്നത് ഒരു ശിക്ഷയായാണ് പലരും കരുതുന്നത്. സ്വന്തം വീട്ടിലിരിക്കുക എന്നത് വലിയ കാര്യമായി കാണുന്നയാളാണ് ഞാൻ. നേരത്തെ സിനിമയില്ലാത്തപ്പോൾ പലപ്പോഴും ഞാൻ വീട്ടിലിരുന്നിട്ടുണ്ട്. അന്നൊക്കെ യഥേഷ്‍ടം പുറത്ത് പോകുവാൻ കഴിയുമായിരുന്നു. പക്ഷെ ഇപ്പോൾ മൊത്തം ലോക്ക് ഡൗണാണ്. നമ്മുടെ വീട്ടുകാർക്കൊപ്പം ചിലവിടാൻ കിട്ടിയ നല്ല അവസരമാണ്. അത് നന്നായി നമ്മൾ വിനിയോഗിക്കണം. ആറ് മാസം മുമ്പാണ് എന്റെ അച്ഛൻ മരണപ്പെട്ടത്. അച്ഛന്റെ ആ ഓർമ്മകളിൽ അമ്മയോടും ഭാര്യയോടും കുഞ്ഞിനൊടുമൊപ്പം സമയം ചെലവിടുന്നു. അത് വലിയ ആശ്വാസമായാണ് എനിക്ക് അനുഭവപ്പെടുന്നത്.

സർക്കാർ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കുകയെന്നതാണ് വീട്ടിലിരിക്കുമ്പോൾ ഞാൻ ചെയ്യുന്നത്. വ്യക്തിശുചിത്വം ഉറപ്പാക്കാനും കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകാനും നമ്മൾ ശ്രമിക്കണം. ഇത്തരം സാഹചര്യങ്ങളിലൂടെ നമുക്ക് വൈറസിനെ ചെറുക്കാൻ സാധിക്കും. രോഗം നമ്മളെ തേടി വരുന്നതല്ലാ, നമ്മൾ മറ്റുള്ളവരിൽ നിന്ന് പകർന്ന് വാങ്ങി നമ്മുടെ വീടുകളിലേയ്ക്ക് കൊണ്ടുവരുകയാണ്. ഇത് തടയാൻ സാധിക്കുന്നത്  ലോക്ക് ഡൌണിലൂടെ മാത്രമാണ്. സാമൂഹിക അകലം പാലിക്കാൻ ശ്രമിക്കണം. ഭയന്നോടുകയല്ല വേണ്ടത് . മഹാ പ്രളയങ്ങളെയും പ്രകൃതി ദുരിന്തങ്ങളെയും പകർച്ച വ്യാധികളെയും ചെറുത്തു തോൽപ്പിച്ചവരാണ് നമ്മൾ മലയാളികൾ, ഒരിമിച്ച് ഒരു മനസോടെ നിന്നാൽ കൊറോണ വൈറസിനെയും നമുക്ക് തോൽപ്പിക്കാനാവും.

നമ്മുടെ കൊച്ചു കേരളത്തിലെ മെഡിക്കൽ രംഗത്തെ പ്രവർത്തനങ്ങൾ ഒന്ന് നോക്കൂ. എത്ര ക്രിയാത്മായാണ് അവരുടെ പ്രവർത്തനങ്ങൾ. ലോക രാജ്യങ്ങൾ പോലും നമ്മുടെ മെഡിക്കൽ രംഗത്തെ അഭിനന്ദിക്കുന്നത് ശരിക്കും അഭിമാനമുളവാക്കുന്ന കാര്യമാണ്. പ്രതിരോധ പോരാട്ടത്തിൽ ഒന്നിച്ച് നിൽക്കുകയെന്നതാണ് നമ്മൾ ഓരോരുത്തരുടെയും കടമ. നമുക്ക് രോഗം പകരില്ലെന്നും നമ്മളിലൂടെ രോഗം മറ്റുള്ളവരിലേയ്ക്ക് എത്തുകയില്ലെന്നും ഉറപ്പാക്കാൻ നമുക്ക് ബാധ്യതയുണ്ട്. എന്നെ ഞാനാക്കിയ  സമൂഹത്തോട് എനിക്ക് ഒരു കടമയുണ്ട്. അത് കൊണ്ട് തന്നെ ലോക്ക് ഡൌണ്‍ സമയത്ത് വീട്ടിലിരിക്കുക എന്ന കടമ ഞാൻ പൂർണ്ണമായും പാലിക്കുന്നു. നമ്മുടെ ചുറ്റം രോഗം സ്ഥിരീകരിച്ചവരെ പലരും ഒറ്റപ്പെടുത്തുന്നതായി കാണുന്നുണ്ട്. ഒരിക്കലും അങ്ങനെ ആരും ചെയ്യരുത്. അവരും നമ്മുടെ സഹോദരങ്ങളാണെന്നുള്ള ബോധ്യം വേണം.

ഇപ്പോൾ നമ്മുടെ സ്വന്തം വീടുകളിൽ കഴിയുന്നത് വഴി വലിയ ഒരു ഉത്തരവാദിത്തമാണ് നമ്മൾ നിർവഹിക്കുന്നത്. ഒരു വലിയ ജനസമൂഹത്തെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം. ഇപ്പോൾ പകൽ സമയത്ത് ഞാൻ വീടിന് ചുറ്റും നടക്കും , ഇളം വെയിലേറ്റുള്ള ആ നടത്തത്തിന് ഒരു പ്രത്യേക അനുഭൂതിയാണ്. നിങ്ങളിൽ എത്രയാളുകൾ ശ്രദ്ധിച്ചെന്നറിയില്ല. നമ്മുടെ അന്തരീക്ഷം എത്ര മനോഹരമായിരിക്കുന്നു. കിളികളുടെ ശബ്‍ദം തിരിച്ചു വന്നിരിക്കുന്നു. നമ്മുടെ ജലാശയങ്ങളിലും എല്ലായിടത്തുമുള്ള മലിനീകരണം കുറഞ്ഞിരിക്കുന്നു. പൊടിപടലങ്ങൾ കുറഞ്ഞിരിക്കുന്നു. ഭൂമി മനുഷ്യന് മാത്രമല്ല മറ്റു ജീവജാലങ്ങൾക്ക് കൂടിയുള്ളതാണെന്നുള്ള ഒരു ഓർമ്മപ്പടുത്തലുകൂടിയാണ് ഇപ്പോഴത്തെ കാലം. ഭാര്യയുടെ പച്ചക്കറി ക്യഷിയിലും,  അടുക്കള പണികളിലും സഹായിച്ചും കുഞ്ഞിനൊപ്പം സമയം ചിലവിട്ടും ശരിക്കും എനിക്ക് ഇപ്പോൾ ഒരു ദിവസം പെട്ടന്ന് തീരുന്നത് പോലെയാണ് തോന്നുന്നത്. ഞാൻ പല പത്രങ്ങളിലായി എഴുതിയിരുന്ന ലേഖനങ്ങൾ എല്ലാംകൂടി ചേർത്ത് പുസ്‍തകരൂപത്തിലാക്കാനുള്ള ശ്രമത്തിലാണ്. ആ രീതിയിൽ എഴുത്തിലേക്കുള്ള വഴിയും ഈ ലോക്ക് ഡൌണ്‍ കാലം എനിക്കായി തുറന്നിരിക്കുകയാണ്.

 

ചുറ്റം ഒന്ന് നോക്കു, ഇപ്പോൾ മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു സമൂഹത്തെ കാണുവാൻ സാധിക്കും. ജാതി-മത-രാഷ്‍ട്രീയ ചിന്തകൾക്കുമപ്പുറം മനുഷ്യർ തമ്മിലുള്ള സ്‍നേഹവും കരുതലും ചുറ്റുപാടും കാണുവാൻ സാധിക്കും. രാജ്യത്ത് പ്രതിഷേധങ്ങളോ ബഹളങ്ങളോയില്ല. എന്ത് സമാധാനപരമായാണ് ലോകം മുന്നോട്ട് പോവുന്നത്. ശത്രു രാജ്യങ്ങളായ അമേരിക്കയും ചൈനയും റഷ്യയും പരസ്‍പരം സഹായിക്കുന്നു. ലോക രാജ്യങ്ങൾ ഒന്നിച്ച് നിൽക്കുന്നു. ഒരു കാലത്ത് ഉപരോധങ്ങളാൽ ഒറ്റപ്പെട്ട് പോയിരുന്ന ക്യൂബയെന്ന കൊച്ചു രാജ്യം ഇന്ന് എത്രയോ രാജ്യങ്ങളെ സഹായിക്കുന്നു. ഇതെല്ലാം ലോകത്തിന്റെ മറ്റൊരു മുഖമാണ് നമുക്ക് കാണിക്കുന്നത്.

ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ എല്ലാം ഇപ്പോൾ അടഞ്ഞു കിടക്കുകയാണ്. ദൈവത്തെ വിറ്റ്‌ ആത്മീയ കച്ചവടം നടത്തിയവർ, ആൾ ദൈവങ്ങൾ, ഇവരെല്ലാം എവിടെയോ പോയി ഒളിച്ചിരിക്കുന്നു, ഇതെല്ലാം കണ്ട് ദൈവം ഇപ്പോൾ ചിരിക്കുന്നുണ്ടാവും. മനുഷ്യന് ഇത് ഒരു തിരിച്ചറിവിന്റെ കാലമാണ്. ഞാനെന്ന ഭാവത്തിൽ നടന്നവരും, അഹങ്കാരവും വമ്പും പറഞ്ഞിരുന്നവരുമെല്ലാം ഇപ്പോൾ ഒരു കാര്യം മനസിലാക്കിയിട്ടുണ്ടാവും മനുഷ്യർ എത്ര നിസാരരാണെന്ന്. കൊറോണയെന്ന കേവലം ഒരു ചെറു വൈറസിനു മുമ്പിൽ പോലും പിടിച്ചു നിൽക്കാനാവാത്ത വിധം നിസാരർ. ദൈവത്തിന്റെ മഹത്വമാണ് ഞാനിതിലെല്ലാം കാണുന്നത്. ലോകത്തെ ബാധിച്ചിരിക്കുന്ന മഹാമാരിയിൽ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാൻ നമ്മുക്ക് സർവ്വ ശക്തനായ ദൈവത്തോട് പ്രാര്‍ത്ഥിക്കാം, ആ പ്രാത്ഥനയിലാണ് ഞാനും എന്റെ കുടുംബവും ഇപ്പോൾ.