ഒട്ടും തിരക്കില്ല. വീട്ടിലിരിപ്പ് മാത്രം. പുറത്തിറങ്ങാനാകില്ല. ലോക്ക് ഡൗണ്‍ കാലത്തിന്റെ തുടക്കത്തില്‍  ഇതൊക്കെ ഉള്‍ക്കൊള്ളാൻ പലരെയും പോലെ എനിക്കും ബുദ്ധിമുട്ടായിരുന്നു. പക്ഷേ പിന്നെപ്പിന്നെ അതൊക്കെ മാറി. ചില സന്തോഷങ്ങളുടെ വീണ്ടെടുപ്പായി മാറുന്നു എനിക്കും ഇക്കാലം.

ഞാൻ കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് പറിച്ചുനടപ്പെട്ട ആളാണ്. സിനിമ ആവശ്യങ്ങള്‍ക്കായി കൊച്ചിയിലേക്ക് വന്നതാണ്. അമ്മയും എനിക്കൊപ്പം വന്നിരുന്നു. എനിക്ക് കൊച്ചിയില്‍ സുഹൃത്തുക്കളൊക്കെയുണ്ട്. പക്ഷേ അമ്മ വീട്ടില്‍ തന്നെയായിരുന്നു അധികവും. എനിക്കൊപ്പം പര്‍ച്ചേസിംഗ് ചെയ്യാൻ ഒക്കെ മാത്രമാണ് അമ്മ പുറത്തേയ്‍ക്ക് വരാറുള്ളത്. അതുകൊണ്ട് ലോക്ക് ഡൗണ്‍ എന്തെന്ന് അമ്മയ്ക്ക് മുന്നേ അറിയാം. അമ്മയ്‍ക്ക് നാട് മിസ് ചെയ്യുന്നുണ്ടായിരുന്നു. ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നതിനു കോഴിക്കോട്ടേയ്‍ക്ക് മടങ്ങിയതിനാല്‍ അമ്മയ്‍ക്ക് വലിയ സന്തോഷമായി.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ദിവസങ്ങള്‍ വല്ലാത്തൊരു ബുദ്ധിമുട്ടായിരുന്നു. എന്തുചെയ്യണം, എങ്ങനെ സമയം കളയണം എന്നൊക്കെയുള്ള ചിന്ത. എത്ര ആയാലും സമയം പോകാത്ത അവസ്ഥ. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയായിരുന്ന അത്.

പക്ഷേ പിന്നെപ്പിന്നെ അത് മാറി. ഇപ്പോള്‍ തിരിച്ചറിയുന്നുമുണ്ട്, ലോക്ക് ഡൗണ്‍ കൊണ്ടുണ്ടായ മാറ്റങ്ങള്‍. ഒരു രോഗത്തെ നേരിടാൻ നമ്മള്‍ വീട്ടിലിരിക്കേണ്ട അവസ്ഥ വന്നെങ്കിലും അതിന് ഒരു മറുവശം കൂടി നമ്മള്‍ ഓരോരുത്തരും കണ്ടെത്തിയിട്ടുണ്ടാകും. വീട്ടിലുള്ളവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാൻ പറ്റുന്നതു തന്നെ വലിയ സന്തോഷമല്ലേ. എന്റെ അച്ഛമ്മയ്‍ക്കൊക്കെയാണ് കൂടുതല്‍ സന്തോഷം. അവര്‍ക്ക് ഞങ്ങളെ കൂടുതല്‍ സമയം ഒപ്പം കിട്ടുമല്ലോ. തറവാട്ടില്‍ ആണ് ഞാൻ ഇപ്പോള്‍ ഉള്ളതും. അവരുടൊപ്പമുള്ള സമയം പഴയ ഓര്‍മ്മകളുടെ സന്തോഷം തിരിച്ചുതരുന്നു. പണ്ടൊക്കെ നമ്മള്‍ കളിച്ചിരുന്ന കളികളൊക്കെ തിരിച്ചുവന്നു. ലൂഡോയൊക്കെ പോലെയുള്ള കളികള്‍ വീണ്ടും കളിക്കാൻ തുടങ്ങി.

തുടക്കത്തില്‍ മുറിയിലേക്ക് ചുരുക്കപ്പെട്ടിരുന്നു ജീവിതം. ഫോണില്‍ മാത്രമാണല്ലോ ജീവിതം. ആദ്യം സുഹൃത്തുക്കളെ വിളിച്ച് ഫോണിലൂടെ അന്താക്ഷരി കളിക്കല്‍ ഒക്കെയായിരുന്നു ചെയ്‍തിരുന്നത്. പിന്നീട് അടുക്കളയിലേക്ക് ഇറങ്ങി. അമ്മ ഉണ്ടാക്കുന്ന പുതിയ പുതിയ രുചികളായിരുന്നു ആദ്യത്തെ ആകര്‍ഷണം. ഞാനും എന്റേതായ രുചികള്‍ കണ്ടെത്താൻ തുടങ്ങി. ചേരുവകളൊക്കെ പലരില്‍ നിന്നായി മനസ്സിലാക്കി പുതിയ പുതിയ വിഭവങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അങ്ങനെ അടുക്കളയോട് ഇഷ്‍ടം കൂടിയപ്പോള്‍ ഡയറ്റൊക്കെ തെറ്റി. എന്നാലും നൃത്തം തുടരുന്നതുകൊണ്ട് അങ്ങനെ തടി കൂടില്ലെന്നാണ് വിചാരിക്കുന്നത്. പക്ഷേ ഭക്ഷണം കാണുമ്പോള്‍ വീട്ടില്‍ത്തന്നെ ഇരിക്കുന്നതുകൊണ്ടും കണ്‍ട്രോള്‍ പോകും.

അമ്മയുടെ സന്തോഷം നാടാണ്. അതുകൊണ്ട് ലോക്ക് ഡൗണ്‍ അമ്മയ്‍ക്ക് വളരെ സന്തോഷമായിട്ടുണ്ടാകും. മാത്രമല്ല ഞാൻ ഇപ്പോള്‍ ഉറങ്ങിയെഴുന്നേറ്റു വരുമ്പോള്‍ കാണുന്നത് അച്ഛനും അമ്മയെ പണികളില്‍ സഹായിക്കുന്നതാണ്. പൊടി തട്ടാനും ഒക്കെ രാവിലെ മുതല്‍ അച്ഛനുമുണ്ട്. അങ്ങനെ എല്ലാവര്‍ക്കും സന്തോഷം.

ഇങ്ങനെയൊക്കെയാണെങ്കില്‍ നമ്മള്‍ മറന്നുപോകാതെ മനസ്സിനോട് ചേര്‍ത്തുപിടിക്കേണ്ട ഒരു കൂട്ടരുണ്ട്. അവരെ ഓര്‍മ്മിക്കാതെ തരമില്ല. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും പൊലീസുമൊക്കെയാണ് അവര്‍. അവര്‍ക്കും കുടുംബമൊക്കെയുണ്ട്. അവര്‍ നമുക്ക് വേണ്ടി ജോലി ചെയ്യുകയാണ്. അവര്‍ക്ക് നന്ദി പറയാൻ വാക്കുകള്‍ മതിയാകില്ല. കൊവിഡിനെ തടയാൻ നമ്മള്‍ ഉപയോഗിക്കുന്ന സാനിറ്റൈസറും ഹാൻഡ് വാഷുമൊക്കെയില്ലേ, അതൊക്കെ ആരോഗ്യപ്രവര്‍ത്തകരാണ്. അവരുടെ പ്രവര്‍ത്തികള്‍ കണ്ട് ഞാനും സഹോദരനും സന്നദ്ധ പ്രവര്‍ത്തകരായി രജിസ്റ്റര്‍ ചെയ്യാൻ ശ്രമിച്ചിരുന്നു. 

നമ്മുടെ നാടിനു വേണ്ടിയാണ് ലോക്ക് ഡൗണ്‍ എന്നതും മറക്കാതിരിക്കുക. നമ്മളെന്താണ്, നമുക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പകരമായി നല്‍കുക എന്ന് ചോദിച്ചാല്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വീട്ടിലിരിക്കുക എന്നത് മാത്രമാണ് ഉത്തരം. ഭക്ഷണത്തിനൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും അതിനൊക്കെ പരിഹാര മാര്‍ഗ്ഗങ്ങള്‍‌ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.  ലോക്ക് ഡൗണ്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ വേറൊരു രീതിയില്‍ അനുഭവിക്കുകയെന്നാണ് എനിക്ക് പറയാനുള്ളത്. തിരക്കുപിടിച്ച ജീവിതത്തില്‍ ചില സന്തോഷങ്ങള്‍ തിരിച്ചെടുക്കാനുള്ള ദിവസങ്ങളായിട്ടും കാണുക. അങ്ങനെ നമുക്ക് ലോക്ക് ഡൗണ്‍ കാലത്തെ മറികടക്കാം.