ആയിരത്തി അഞ്ഞൂറ് ആള്‍ക്കാര്‍ക്ക് ഭക്ഷണത്തിന് സാമ്പത്തിക സഹായം നല്‍കിയിരിക്കുകയാണ് നടൻ ബാല.

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡിന്റെ സമൂഹ്യ വ്യാപനം തടയുന്നതിനായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം ലോക്ക് ഡൌണില്‍ കഴിയുന്നതു മൂലം നിത്യവരുമാനം നിലച്ചവര്‍ നേരിടുന്ന പ്രതിസന്ധികളുമുണ്ട്. അങ്ങനെയുള്ളവര്‍ക്ക് സഹായവുമായി എത്തി ശ്രദ്ധേയനാവുകയാണ് നടൻ ബാല.

ഒരു ആശ്രമത്തിലെ വയോധികര്‍ക്ക് സാധനം വാങ്ങിക്കൊടുത്ത ബാലയുടെ പ്രവര്‍ത്തി അഭിനന്ദനം പിടിച്ചുപറ്റിയിരുന്നു. വയോധികര്‍ക്ക് സഹായമെത്തിക്കാൻ പൊലീസിന്റെ സഹായവും ബാല തേടിയിരുന്നു. ബാലയും പൊലീസും വയോധികര്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുത്ത സംഭവമറിഞ്ഞ് നിരവധി പേര്‍ അഭിനന്ദനങ്ങളുമായി രംഗത്ത് എത്തി. ഇത്തവണ 1500 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കിയാണ് ബാല പ്രശംസ നേടുന്നത്. കലൂരുള്ള കൂട്ടായ്‍മയാണ് 1500 ആള്‍ക്കാര്‍ക്ക് ഭക്ഷണം നല്‍കാൻ തയ്യാറായത്. അവരെ സാമ്പത്തികമായി സഹായിച്ചത് ബാലയുമാണ്. ഭക്ഷണമുണ്ടാക്കുന്ന സ്ഥലത്തെത്തി കാര്യങ്ങള്‍ മനസ്സിലാക്കാനും ബാല ശ്രമിച്ചു.