ന്യൂയോര്‍ക്ക്: ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ലിയാനാര്‍ഡോ ഡികാപ്രിയിയോയും  കാമുകി കാമില മോറോണും സമ്പര്‍ക്ക വിലക്കില്‍. അമേരിക്കയില്‍ കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിലാണ് ലോസ് ആഞ്ചലസിലെ വീട്ടില്‍ ഇരുവരും സ്വയം ക്വറന്റൈനില്‍ കഴിയുന്നത്. സ്വകാര്യതയെ മാനിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാനാകില്ലെന്നും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് ഹോളിവുഡ് ജോഡികളെപ്പോലെ സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പ്രസിദ്ധീകരിക്കാന്‍ ഇരുവര്‍ക്കും താല്‍പര്യമില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയില്‍ രോഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നിരവധി രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും സ്വയം ഐസൊലേഷനില്‍ കഴിയുകയാണ്. ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് വേദിയിലാണ് ഇരുവരും ആദ്യമായി ഒരിമിച്ച് എത്തിയത്. ഡികാപ്രിയോയും കാമിലയും തമ്മില്‍ 23 വയസ്സിന്റെ വ്യത്യാസമുള്ളത് വാര്‍ത്തയായിരുന്നു. നിലവില്‍ അമേരിക്കയില്‍ 46,168 പേര്‍ക്ക് രോഗം ബാധിക്കുകയും 582 പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മാത്രം 29 പേരാണ് മരിച്ചത്. കൊവിഡ് 19 രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കാണ് യുഎസ് സര്‍ക്കാര്‍ തയ്യാറാകുന്നത്.