കൊവിഡ് 19നെതിരെയുള്ള പ്രതിരോധത്തിനായി ജാഗ്രതയില്‍ ആണ് ലോകമെങ്ങും. സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കി കൊവിഡിന്റെ വ്യാപനം തടയാനാണ് ലോകമെങ്ങും ശ്രമിക്കുന്നത്. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാതെ പ്രവര്‍ത്തിക്കുന്നവര്‍ ഇതിനു വിലങ്ങുതടിയാകുന്നുമുണ്ട്. അതേസമയം തന്നെ സാമൂഹിക സമ്പര്‍ക്കം കുറയ്‍ക്കുമ്പോള്‍ നിത്യവേതനക്കാരുടെ ജീവിതം പ്രതിസന്ധിയിലാകുന്നുമുണ്ട്. സിനിമ മേഖലയിലെ ദിവസ വേതനക്കാരെ സഹായിക്കാൻ മോഹൻലാല്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ദിവസ വേതനക്കാരെ സഹായിക്കാൻ ഫെഫ്‍ക പദ്ധതി രൂപപ്പെടുത്തുന്നുണ്ടെന്ന് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. സംഭവമറിഞ്ഞ മോഹൻലാല്‍ സാമ്പത്തിക സഹായം വാഗ്‍ദാനം ചെയ്‍തിട്ടുണ്ട്. തുക സംബന്ധിച്ച കാര്യങ്ങള്‍ മോഹൻലാല്‍ തന്നെ പറയുമെന്നും ബി ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കി. പുതിയ സിനിമകളുടെ കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. കൊവിഡ് 19ന്റെ പകര്‍ച്ച തടയുകയാണ് ഇപ്പോള്‍ പ്രധാനമെന്നും ബി ഉണ്ണികൃഷ്‍ണൻ പറഞ്ഞു.