പൃഥ്വിരാജിനൊപ്പം സുരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.

കൊവിഡ് പൊസിറ്റീവ് ആയെന്ന് അറിയിച്ച് നടൻ പൃഥ്വിരാജ്. ജന ഗണ മന എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. ചിത്രീകരണം തുടങ്ങുന്നതിനു മുമ്പ് ടെസ്റ്റ് നടത്തിയിരുന്നു. കോടതി മുറിയിലെ അവസാന ചിത്രീകരണത്തിന് ശേഷം വീണ്ടും ടെസ്റ്റ് നടത്തി. നിര്‍ഭാഗ്യവശാല്‍ ടെസ്റ്റ് പൊസിറ്റീവ് ആയി താൻ ഐസൊലേഷനില്‍ പോകുകയും ചെയ്‍തു. താനുമായി പ്രൈമറി, സെക്കൻഡറി കോണ്‍ടാക്റ്റ് ഉള്ളവര്‍ നിര്‍ദ്ദേശാനുസരണം ഐസൊലേഷനില്‍ പോകുകയോ ടെസ്റ്റ് നടത്തുകയോ ചെയ്യണമെന്ന് പൃഥ്വിരാജ് പറഞ്ഞു.

കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചായിരുന്നു ചിത്രീകരണം നടത്തിയത്. അസുഖം ഭേദമായി ഉടൻ തിരിച്ചുവരാൻ കഴിയമെന്ന് കരുതുന്നു. എനിക്ക് ആരോഗ്യനിലയില്‍ ഒരു പ്രശ്‍നവുമില്ല. എല്ലാവരുടെയും സ്‍നേഹത്തിന് നന്ദിയെന്നും പൃഥ്വിരാജ് പറഞ്ഞു. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു. സുരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.


'റോയ്' ആണ് സുരാജ് വെഞ്ഞാറമൂട് ഇതിനു മുമ്പ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം.

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ കടുവ എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി ഉടൻ ചിത്രീകരണം തുടങ്ങാനുള്ളത്.