കുടുംബത്തോടൊപ്പം കാണാൻ കഴിയാത്ത സിനിമ ചെയ്യില്ലെന്ന യഷിന്റെ പഴയ പ്രസ്താവന ചർച്ചയാവുകയാണ്.
യഷ് നായകനായി എത്തുന്ന ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' ക്യാരക്ടർ ഇൻട്രോ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. യഷിന്റെ ജന്മദിനത്തിന് പങ്കുവച്ച വീഡിയോ ഇതിനോടകം വലിയ ചർച്ചകൾക്കും വഴിതുറന്നിരുന്നു. വീഡിയോക്കെതിരെ നിരവധി വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്നുണ്ട്.
അശ്ലീല ഉള്ളടക്കത്തിന്റെ പേരിലാണ് എക്സ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ വലിയ രീതിയിലുള്ള വിമർശനം വരുന്നത്. കഴിഞ്ഞദിവസങ്ങളിൽ ക്യാരക്ടർ ടീസർ പിൻവലിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി വനിതാ വിഭാഗത്തിന്റെ പരാതിയിൽ കർണാടക വനിതാ കമ്മീഷൻ സെൻസർ ബോർഡിനോട് വിശദീകരണം തേടിയിരുന്നു.
ഈ സാഹചര്യത്തിലാണ് ടോക്സിക് നായകൻ യഷിന്റെ പഴയ അഭിമുഖം സോഷ്യൽ മീഡിയ കുത്തിപ്പൊക്കുന്നത്. 'എന്റെ മാതാപിതാക്കൾക്കൊപ്പം ഇരുന്ന് കാണാൻ ബുദ്ധിമുട്ടുള്ള ഒരു രംഗവും ഞാൻ സിനിമയിൽ ചെയ്യില്ല' എന്നാണ് അഭിമുഖത്തിൽ യഷ് പറയുന്നത്. ഈ അഭിമുഖത്തിലെ ഒരു ഭാഗം പങ്കുവച്ചുകൊണ്ടാണ് യഷിനെതിരെ നിരവധി പേർ വിമർശനം ഉന്നയിക്കുന്നത്. അതേസമയം വർഷങ്ങൾക്ക് മുൻപുള്ള ഒരു നടന്റെ നിലപാട് താരമായതിന് ശേഷം മാറാമെന്നും അത് സ്വാഭാവികമാണെന്നുമാണ് ആരാധകരിൽ ചില അഭിപ്രായപ്പെടുന്നത്.
കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം മാർച്ച് 19 നാണ് തിയേറ്ററുകളിൽ എത്തുന്നത്. നയൻതാര, ഹുമ ഖുറേഷി, കിയാരാ അദ്വാനി, രുക്മിണി വസന്ത് തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ‘കെജിഎഫ് ചാപ്റ്റർ 2’ ലൂടെ ബോക്‌സ് ഓഫീസ് ചരിത്രം പുനർനിർവചിച്ച ശേഷം, ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ്’ എന്ന അതിമഹത്തായ പ്രോജക്ടിലൂടെ വമ്പൻ തിരിച്ചുവരവിനൊരുങ്ങുകയാണ്.
യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ചിത്രം തിയേറ്ററിലെത്തും. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി പി അബിദ്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ ജെ പെറിയോടൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്.



