റിലീസ് ആവും മുന്‍പേ സോഷ്യല്‍ മീഡിയയിലൂടെ സിനിമയ്ക്ക് നെഗറ്റീവ് പബ്ലിസിറ്റി നല്‍കുന്നവരെ ചൂണ്ടിക്കാട്ടി അജു വര്‍ഗീസ്. അജു നായകനാവുന്ന പുതിയ ചിത്രം 'സാജന്‍ ബേക്കറി സിന്‍സ് 1962' ഈ വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്താനിരിക്കുകയാണ്. ഒരു തിയറ്ററില്‍ ഓപണിംഗ് ചിത്രമായി ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ചുള്ള തന്‍റെ പോസ്റ്റിനു താഴെവന്ന കമന്‍റ് ആണ് സ്ക്രീന്‍ ഷോട്ട് ആയി അജു പങ്കുവച്ചത്.

'എന്ത് ഊള പടമാണ് മിസ്റ്റർ ഇത്. ഇതുപോലെ ഒരു ദുരന്തം പടം ഇനി വരാനില്ല. ഞാൻ ഈ പടം കാണാൻ പോയി എന്‍റെ പൈസ പോയി അതുകൊണ്ട് നിങ്ങൾ തന്നെ ആ പൈസ എനിക്ക് തിരിച്ചു തരണം', എന്നായിരുന്നു ഒരു കമന്‍റ്. ഈ കമന്‍റിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ട് അജു കുറിച്ചത് ഇങ്ങനെ- 'വളരെ മികച്ച ഒരു ഇത്.. ഇറങ്ങുന്നതിനു മുന്നേ തന്നെ'. അജുവിന്‍റെ പോസ്റ്റിനു പിന്നാലെ പ്രസ്തുത കമന്‍റിനു താഴെ സിനിമാപ്രേമികള്‍ ചോദ്യങ്ങളുമായി എത്തുന്നുണ്ട്.

അരുണ്‍ ചന്തുവാണ് 'സാജന്‍ ബേക്കറി'യുടെ സംവിധാനം. തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകനൊപ്പം അജു വര്‍ഗീസും സച്ചിന്‍ ആര്‍ ചന്ദ്രനും ചേര്‍ന്നാണ്. രഞ്ജിത മേനോന്‍ ആണ് നായിക. ലെനയും ഗണേഷ് കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ഗുരു പ്രസാദ്. എഡിറ്റിംഗ് അരവിന്ദ് മന്‍മഥന്‍. എം സ്റ്റാര്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്‍സുമായി ചേര്‍ന്ന് ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.