അച്ചാര കല്യാണം എന്ന ചടങ്ങിന്റെ വിശേഷങ്ങളാണ് ബിനീഷ് പുതിയ വീഡിയോയിൽ പങ്കുവെയ്ക്കുന്നത്.

ബിനീഷ് ബാസ്റ്റിൻ എന്ന പേര് ഇന്ന് ഭൂരിഭാഗം മലയാളികൾക്കും സുപരിചിതമാണ്. ടീമേ എന്ന് വിളിച്ച് കൊണ്ടെത്തുന്ന ഒരു കൂട്ടം ആരാധകരും ബിനീഷിനുണ്ട്. നൂറിലധികം സിനിമകളിൽ ബിനീഷ് ചെറുതും വലുതുമായ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. യൂട്യൂബ് ചാനലുമായും താരം സജീവമാണ്. അടുത്തിടെയായിരുന്നു ബിനീഷിന്റെ മനസമ്മതം. അടൂര്‍ സ്വദേശിനി താരയാണ് വധു. മനസമ്മതത്തിന്റെ വിശേഷങ്ങൾ ബിനീഷ് വ്ളോഗിലൂടെ പങ്കുവെച്ചിരുന്നു. എൻഗേജ്മെന്റിന് മുൻപു നടന്ന അച്ചാര കല്യാണം എന്ന ചടങ്ങിന്റെ വിശേഷങ്ങളാണ് ബിനീഷ് പുതിയ വീഡിയോയിൽ പങ്കുവെയ്ക്കുന്നത്. ബിനീഷിന്റെ അടുത്ത ബന്ധുക്കളാണ് ചടങ്ങിൽ പങ്കെടുത്തത്.

''അച്ചാര കല്യാണമെന്നാൽ മനസമ്മതത്തിന്റെ ഡേറ്റ് അറിയുക, കല്യാണത്തിന്റെ ഡേറ്റ് അറിയുക. അതൊക്കെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അച്ചാരം എന്നാൽ സ്ത്രീധനം കൊടുക്കുന്നതിനേയാണ് ഉദ്ദേശിക്കുന്നത്. പണ്ട് സ്ത്രീധനം കൊടുക്കലൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ അതൊന്നുമില്ല. ഞാൻ സ്ത്രീധനം വാങ്ങിയല്ല വിവാഹം കഴിക്കുന്നത്. ഞങ്ങൾക്ക് ഞങ്ങളുടെ വീട്ടിലേക്ക് വരുന്ന സ്ത്രീ അതായത് താര തന്നെയാണ് ധനം. കാരണവന്മാരാണ് തീയതിയൊക്കെ തമ്മിൽ സംസാരിച്ച് തീരുമാനിക്കുന്നത്. അച്ചാര കല്യാണത്തിനുള്ള പന്തൽ ഞങ്ങൾ തന്നെയാണ് വീട്ടുമുറ്റത്ത് തുണി വാങ്ങിച്ച് സെറ്റാക്കിയത്. കല്യാണം എല്ലാവരേയും വിളിച്ച് കൂട്ടി അടിപൊളിയാക്കാനാണ് പ്ലാൻ. എല്ലാവരേയും കല്യാണം ക്ഷണിക്കും, തിയ്യതിയും അറിയിക്കും.'', ബിനീഷ് ബാസ്റ്റിൻ വീഡിയോയിൽ പറഞ്ഞു.‌

''മോന്റെ വിവാഹം നടക്കാനായി കുറേ നാളുകളായി കാത്തിരിക്കുകയാണ്. അവന് പല വിവാഹ ആലോചനകളും വന്നിരുന്നു. എന്നാൽ അപ്പോഴെല്ലാം ബിനീഷ് ഇപ്പോൾ വേണ്ട ഇപ്പോൾ വേണ്ടെന്ന് പറഞ്ഞ് തട്ടിമാറ്റുകയായിരുന്നു. ഇപ്പോഴാണ് ദൈവം വിവാഹത്തിന് അനുവദിച്ചത്. ഞങ്ങളുടെ സന്തോഷത്തിൽ നിങ്ങളും പങ്കുചേരുക, പ്രാർത്ഥിക്കണം'', എന്നായിരുന്നു ബിനീഷിന്റെ അമ്മയുടെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക